Quantcast

''നന്ദി സുഹൃത്തേ...''; ഷാറൂഖ് ഖാന് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡേവിഡ് ബെക്കാം

ഇന്ത്യയിലെ മനുഷ്യരുടെ ആതിഥ്യ മര്യാദയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മനസ്സു തുറക്കുകയാണിപ്പോള്‍ ബെക്കാം

MediaOne Logo

Web Desk

  • Updated:

    2023-11-18 10:15:10.0

Published:

18 Nov 2023 6:23 AM GMT

Shah Rukh Khan
X

മുംബൈയിലെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ ന്യൂസിലാന്റ് ലോകകപ്പ് സെമി പോരാട്ടം അരങ്ങേറുമ്പോൾ ഗാലറിയിൽ സച്ചിൻ തെണ്ടുൽക്കർക്കൊപ്പം ഒരു വലിയ സെലിബ്രറ്റി കൂടെയുണ്ടായിരുന്നു. ഒരു കാലത്ത് ഫുട്‌ബോൾ ലോകത്ത് ഇതിഹാസമായി അരങ്ങു വാണിരുന്ന സാക്ഷാൽ ഡേവിഡ് ബെക്കാം.

മത്സരത്തിന് മുമ്പ് വിരാട് കോഹ്ലിയടക്കമുള്ള ഇന്ത്യൻ താരങ്ങളോട് മൈതാനത്ത് സൗഹൃദം പങ്കിടുന്ന ബെക്കാമിന്റെ ദൃശ്യങ്ങൾ പെട്ടെന്നാണ് വൈറലായത്. യൂനിസെഫ് ഗുഡ് വിൽ അംബാസിഡർ എന്ന നിലയിലാണ് ബെക്കാം മത്സരം കാണാനെത്തിയത്. വാംഖഡേയിലെ അന്തരീക്ഷം തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ബെക്കാം മത്സര ശേഷം പറഞ്ഞത്.

''ഫുട്‌ബോൾ ഗാലറിയിലെ ആരവങ്ങളോളം വരില്ല ഒന്നും എന്നായിരുന്നു ഇത് വരെ എന്റെ ധാരണ. എന്നാൽ ഇപ്പോഴെനിക്ക് അക്കാര്യത്തിൽ സംശയമുണ്ട്''- മത്സര ശേഷം ബി.സി.സി.ഐ പുറത്തുവിട്ട ഒരു വീഡിയോയിൽ ബെക്കാം പറയുന്നു. മത്സരത്തിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കടുത്ത ഫുട്‌ബോൾ ആരാധകനായ കുൽദീപ് യാദവിനോട് സംസാരിക്കുന്ന ബെക്കാമിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഫുട്‌ബോൾ പണ്ഡിറ്റാണ് കുൽദീപെന്ന് സഹതാരങ്ങൾ ബെക്കാമിന് പരിജയപ്പെടുത്തിക്കൊടുത്തു. താൻ ബാഴ്‌സലോണയുടെയും ലയണൽ മെസ്സിയുടേയും വലിയ ആരാധകനാണെന്ന് കുൽദീപ് പറഞ്ഞപ്പോൾ 'ലിയോ ഇസ് ദ ബെസ്റ്റ്' എന്നാണ് ബെക്കാം മറുപടി നൽകിയത്. പോൾ സ്‌കോൾസിനെ തനിക്കേറെ ഇഷ്ടമാണെന്നും ഗാരി നെവില്ലിനെ കാണുമ്പോൾ തന്റെ അന്വേഷണം പറയണമെന്നുമൊക്കെ കുൽദീപ് ബെക്കാമിനോട് പറയുന്നത് വീഡിയോയിൽ കാണാം.

ഇന്ത്യയിലെ മനുഷ്യരുടെ ആതിഥ്യ മര്യാദയെക്കുറിച്ച് ബെക്കാം സോഷ്യല്‍ മീഡിയയില്‍ മനസ്സു തുറന്നു. ബോളിവുഡ് താരം ഷാറൂഖ് ഖാന്‍റെ വീട്ടില്‍ തനിക്ക് ലഭിച്ച സ്വീകരണത്തെ കുറിച്ചെഴുതിയ ബെക്കാം അവിസ്മരണീയ മുഹൂര്‍ത്തമെന്നാണ് ഈ സ്വീകരണത്തെ കുറിച്ച് പറഞ്ഞത്.

''ഷാറൂഖാനെന്ന വലിയ മനുഷ്യന്‍റെ അതിഥിയാവാനും അദ്ദേഹത്തിന്‍റെ ഭാര്യ ഗൗരിക്കും മക്കൾക്കുമൊപ്പം ഭക്ഷണം കഴിക്കാനുമായി. എന്റെ ഇന്ത്യാ സന്ദർശനം ഏറെ പ്രിയപ്പെട്ട ഈ മുഹൂർത്തങ്ങളിലൂടെ അവസാനിക്കുന്നു. നന്ദി പ്രിയ സുഹൃത്തേ. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഏതു സമയത്തും എന്റെ വീട്ടിലേക്ക് സ്വാഗതം.''- ബെക്കാം കുറിച്ചു. തനിക്ക് ആതിഥ്യമരുളിയ സോനം കപൂറിനും ബെക്കാം നന്ദി പറഞ്ഞു.

ബെക്കാമിന്‍റെ സന്ദര്‍ശനത്തെക്കുറിച്ച് ഷാറൂഖ് ഖാനും മനസ്സ് തുറന്നു. ബെക്കാം ഏറെ മാന്യനായൊരു മനുഷ്യനാണെന്നായിരുന്നു ഷാറൂഖിന്‍റെ കുറിപ്പ്.

'കഴിഞ്ഞ ദിവസം ലോകഫുട്‌ബോളിലെ ഐക്കണായ ഈ മനുഷ്യനൊപ്പം ചിലവഴിക്കാനായി. എക്കാലവും ഞാനദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. എന്നാൽ അദ്ദേഹവുമായി അടുത്ത് ഇടപഴകിപ്പോള്‍ എത്ര സൗമ്യനും മാന്യനുമാണ് അദ്ദേഹം എന്ന് മനസ്സിലായി.നിങ്ങൾക്ക് എന്റെയും കുടുംബത്തിന്റേയും നിറഞ്ഞ സ്‌നേഹം. സന്തഷമായിരിക്കൂ സുഹൃത്തേ"'- ഷാറൂഖ് കുറിച്ചു.

ലോകകപ്പ് സെമിഫൈനലിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഡേവിഡ് ബെക്കാം സന്ദര്‍ശിച്ചിരുന്നു. രോഹിത് ശർമ്മ തന്റെ ഇന്ത്യൻ ജേഴ്‌സി ഡേവിഡ് ബെക്കാമിന് സമ്മാനിച്ചു, പകരം ബെക്കാം, രോഹിത്തിന് റയൽ മാഡ്രിഡ് ജേഴ്‌സിയാണ് നൽകിയത്. 'ഹലോ ഗലാറ്റിക്കോ' എന്ന തലവാചകത്തോടെയാണ് രോഹിത് ബെക്കാമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. 2003 മുതൽ 2007 വരെ സ്പാനിഷ് ഫുട്ബോൾ ക്ലബായ റയൽ മാഡ്രിഡിന് വേണ്ടി ബെക്കാം പന്തു തട്ടിയിരുന്നു.

TAGS :

Next Story