Quantcast

'സെഞ്ച്വറി നേടിയിട്ടും എന്നെ പുറത്തിരുത്തി'; ധോണിക്കെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി

''കോഹ്ലിയെയും രോഹിത് ശർമയേയും സുരേഷ് റെയ്‌നയെയുമൊക്കെ പോലെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ഹീറോയാവാൻ എനിക്ക് ശേഷിയുണ്ടായിരുന്നു''

MediaOne Logo

Web Desk

  • Published:

    20 Feb 2024 11:59 AM GMT

സെഞ്ച്വറി നേടിയിട്ടും എന്നെ പുറത്തിരുത്തി; ധോണിക്കെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി
X

അടുത്തിടെയാണ് മുൻ ഇന്ത്യൻ താരവും ബംഗാൾ കായിക മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 12 ഏകദിനങ്ങളിൽ പാഡ് കെട്ടിയ തിവാരിയുടെ നമ്പാദ്യം 287 റൺസാണ്. മൂന്ന് ടി 20 മത്സരങ്ങളിലും താരം ഇന്ത്യൻ കുപ്പായമണിഞ്ഞു.

2011 ൽ വിൻഡീസിനെതിരായ പരമ്പരയിലെ ഒരു മത്സരത്തില്‍ നേടിയ 104 റൺസാണ് തിവാരിയുടെ ഉയര്‍ന്ന സ്‌കോർ. വിൻഡീസിനെതിരെ മികച്ച ഫോമിലായിരുന്നിട്ടും തിവാരിക്ക് തുടർ മത്സരങ്ങളിൽ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ആ പ്രകടനത്തിന് ശേഷം അടുത്ത അവസരത്തിനായി തിവാരിക്ക് ഏഴ് മാസത്തോളം കാത്തിരിക്കേണ്ടി വന്നു. 2012 ൽ ശ്രീലങ്കക്കെതിരായാണ് താരത്തിന് ധോണിയുടെ നായകത്വത്തിന് കീഴിലുള്ള ടീമിൽ പിന്നീട് ഇടം ലഭിച്ചത്. ഇപ്പോഴിതാ തനിക്ക് അന്ന് അവസരം നിഷേധിച്ചതിൽ അന്നത്തെ ഇന്ത്യൻ നായകനായിരുന്ന മഹേന്ദ്ര സിങ് ധോണിക്കെതിരെ ചോദ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണാ താരം.

''2011 ൽ വിൻഡീസിനെതിരായ പരമ്പരയിൽ സെഞ്ച്വറി നേടിയിട്ടും പിന്നീടുള്ള മത്സരങ്ങളിൽ എന്നെ പുറത്തിരുത്തിയതെന്തിനായിരുന്നു. വിരാട് കോഹ്ലിയെയും രോഹിത് ശർമയേയും സുരേഷ് റെയ്‌നയെയുമൊക്കെ പോലെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ഹീറോയാവാൻ എനിക്ക് ശേഷിയുണ്ടായിരുന്നു. എന്നാൽ എനിക്കധികം അവസരങ്ങൾ ലഭിച്ചില്ല. ഇപ്പോൾ എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. എപ്പോഴെങ്കിലും അവസരം കിട്ടിയാൽ ഞാനിക്കാര്യം ധോണിയോട് ചോദിക്കും.''- തിവാരി പറഞ്ഞു.

65 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ എന്റെ ബാറ്റിങ് ആവറേജ് 65 ന് മുകളിലായിരുന്നു. ഓസീസ് ടീം ഇന്ത്യയിൽ പരമ്പരക്കെത്തിയപ്പോൾ സൗഹൃദ മത്സരത്തിൽ ഞാൻ സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ സൗഹൃദ മത്സരത്തിൽ 93 റൺസും സ്‌കോർ ചെയ്തു. ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശത്തോളമെത്തിയിരുന്നു താനെന്നും എന്നാൽ തനിക്ക് പകരം യുവരാജിനെ ടീമിലെടുക്കുകയായിരുന്നെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

148 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 47.86 ശരാശരിയിൽ 10,195 റൺസാണ് തിവാരിയുടെ സമ്പാദ്യം. 30 സെഞ്ച്വറികൾ നേടിയ താരത്തിന്റെ ഉയർന്ന സ്‌കോർ 303 റൺസാണ്.

TAGS :

Next Story