Quantcast

ധോണി ഗ്രൗണ്ടിലേക്ക്; ഗാലറിയില്‍ നിലക്കാത്ത ആരവം, ചെവി പൊത്തി റസൽ

മത്സര ശേഷം ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച റസൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്‌നേഹിക്കുന്ന ക്രിക്കറ്റ് താരം ധോണിയാണെന്ന് കുറിച്ചു

MediaOne Logo

Web Desk

  • Published:

    9 April 2024 7:13 AM GMT

ധോണി ഗ്രൗണ്ടിലേക്ക്;  ഗാലറിയില്‍ നിലക്കാത്ത ആരവം, ചെവി പൊത്തി റസൽ
X

ചെന്നൈ: ചിദംബരം സ്റ്റേഡിയത്തിൽ കൊൽക്കത്തക്കെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സ് കുറിച്ചത്. കൊൽക്കത്ത ഉയർത്തിയ താരതമ്യേന ദുർബലമായ വിജയലക്ഷ്യം 18ാം ഓവറിൽ തന്നെ ചെന്നൈ മറികടന്നു. നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ താരം.

കളിയിലെ താരം ജഡേജയാണെങ്കിലും ചിദംബരം സ്റ്റേഡിയത്തിൽ ആരാധകരുടെ തല തന്നെയായിരുന്നു ഇന്നലെയും യഥാർഥ താരം. ശിവം ദൂബേ പുറത്തായ ശേഷം 17ാം ഓവറിൽ ക്രീസിലെത്തിയ ധോണി ഒരു റണ്ണെടുത്ത് പുറത്താവാതെ നിന്നു. ധോണി ഗ്രൗണ്ടിലേക്കിറങ്ങുമ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവമായിരുന്നു. ഇത് കേട്ട് ബൗണ്ടറി ലൈനിൽ നിൽക്കുകയായിരുന്ന കൊൽക്കത്ത താരം ആന്ദ്രേ റസൽ ചെവി പൊത്തിപ്പിടിക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. മത്സര ശേഷം ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച റസൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്‌നേഹിക്കുന്ന ക്രിക്കറ്റ് താരം ധോണിയാണെന്ന് കുറിച്ചു.

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് ഗംഭീര വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. കൊൽക്കത്ത ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ 17.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 58 പന്തിൽ 67 റൺസെടുത്ത നായകൻ ഋഥുരാജ് ഗ്വെയ്ക് വാദ് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. രചിൻ രവീന്ദ്ര 15ഉം ഡാരി മിചൽ 25ഉം ശിവം ദുബൈ 28ഉം റൺസെടുത്തു. ആറുപോയന്റുമായി ചെന്നൈ പോയന്റ് പട്ടികയിൽ നാലാംസ്ഥാന​ത്തേക്ക് കയറിയപ്പോൾ ആദ്യ തോൽവി നേരിട്ട കൊൽക്കത്ത 6 പോയന്റുമായി രണ്ടാംസ്ഥാനത്ത് തുടരുകയാണ്.

ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചെന്നൈ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കൊൽക്കത്ത ബാറ്റർമാർക്കായുള്ളൂ. ​3 വിക്കറ്റ് വീതം വീഴ്ത്തിയ രവീ​ന്ദ്ര ജദേജ, തുഷാർ ദേശ് പാണ്ഡെ, രണ്ട് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുർ റഹ്മാൻ എന്നിവർ ചേർന്നാണ് കൊൽക്കത്ത ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കിയത്. 32 പന്തിൽ നിന്നും 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യറാണ് കൊൽക്കത്തയു​ടെ​ ടോപ്പ് സ്കോറർ. സുനിൽ നരൈൻ (20 പന്തിൽ 27), അങ്കിഷ് രഘുവംശി (18 പന്തിൽ 24) എന്നിവരും പൊരുതി നോക്കി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ചെന്നൈയുടെ തീരുമാനം ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ തുഷാർ ദേശ് പാണ്ഡെ ശരിവെച്ചു. ആദ്യപന്തിൽ തന്നെ ഓപ്പണർ ഫിലിപ് സാൾട്ട് പുറത്ത്. തൊട്ടപിന്നാലെ ഉഗ്രൻ ഫോമിലുള്ള സുനിൽ നരൈനും അങ്കിഷ് രഘുവംശിയും അടിച്ചുതുടങ്ങിയതോടെ ചെന്നൈ ഭേദപ്പെട്ട സ്കോർ ഉയർത്തുമെന്ന് തോന്നിച്ചു. എന്നാൽ ഇരുവ​രെയും ഒരു ഓവറിൽ പുറത്താക്കി രവീന്ദ്ര ജദേജ മത്സരത്തിലേക്ക് ചെന്നൈയെ തിരികെക്കൊണ്ടുവന്നു. വെങ്കടേഷ് അയ്യർ (3), രമൺദീപ് സിങ് (13), റിങ്കു സിങ് (9), ആന്ദ്രേ റസൽ (10) എന്നിവരൊന്നും കാര്യമായ സംഭാവനകളില്ലാതെ മടങ്ങുകയായിരുന്നു.

TAGS :

Next Story