'ഈ മാനദണ്ഡം കാർവഹാലിന് ബാധകമല്ലേ';ബാലൺ ദോറിൽ ചോദ്യമുന്നയിച്ച് റയൽ മാഡ്രിഡ്
യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു കാർവഹാൽ
ബാലൺ ദോറിൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വിവാദം പുകയുകയാണ്. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പേ റോഡ്രിയാണ് വിജയിയെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
ഇതിന് തൊട്ട് പിന്നാലെ വിനീഷ്യസ് ജൂനിയറും റയൽ മാഡ്രിഡ് പ്രതിനിധികളും പുരസ്‌കാരദാന ചടങ്ങിനെത്തില്ലെന്ന് അറിയിച്ചു. ഇപ്പോഴിതാ റോഡ്രിക്ക് പുരസ്‌കാരം നൽകാൻ കാരണമായി പറഞ്ഞ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്.
'വിനീഷ്യസിന് അവാർഡ് നൽകാതിരിക്കാൻ കാരണമായി പറഞ്ഞ മാനദണ്ഡങ്ങൾ ഡാനി കാർവഹാലിന്റെ കാര്യത്തിൽ ബാധകമാവാത്തത് എന്ത് കൊണ്ടാണ്. അപ്പോൾ മാനദണ്ഡങ്ങളിൽ അല്ല പ്രശ്‌നം. യുവേഫ റയലിനെ ബഹുമാനിക്കുന്നില്ല. റെസ്‌പെക്ട് ലഭിക്കാത്ത ഇടങ്ങളിലേക്ക് റയൽ കയറിച്ചെല്ലുന്നില്ല'- റയൽ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു കാർവഹാൽ. റയലിനൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗ കിരീടവും കാർവ സ്വന്തമാക്കി. പോയ വർഷത്തെ മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ റയൽ കോച്ച് കാർലോ ആഞ്ചലോട്ടി തന്റെ പുരസ്‌കാരം വിനീഷ്യസിനും കാർവഹാലിനുമാണ് സമർപ്പിച്ചത്.
Adjust Story Font
16