എമി; മിശിഹായുടെ കാവൽക്കാരന്‍
16 വയസുള്ള എമിയെ അർജന്റീന അണ്ടർ17 ടീമില്‍ കളിക്കുന്ന കാലത്താണ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണൽ തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്.
ആ മത്സരത്തിന്‍റെ 78 ആം മിനിറ്റിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അര്‍ജന്‍റൈന്‍ ആരാധകര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. മത്സരമവസാനിക്കാന്‍ ഇനി മിനിറ്റുകളുടെ ദൂരമാണുള്ളത്. അര്‍ജന്‍റൈന്‍ കോട്ട പൊളിച്ച് നെതര്‍ലാന്‍റ്സ് ഇനി തിരിച്ചു വരണമെങ്കില്‍ മൈതാനത്ത് അത്ഭുതങ്ങള്‍ സംഭവിക്കണം. എന്തോ മനസ്സിലുറപ്പിച്ചത് പോലെ ലൂയി വാന്‍ഗാല്‍ മെംഫിസ് ഡീപേയെ മൈതാനത്ത് നിന്ന് പിന്‍വലിച്ചു.
കളിയവസാനിക്കാന്‍ കൃത്യം 12 മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ വോട്ട് വെഗോഴ്സ്റ്റ് കളത്തിലിറങ്ങുമ്പോള്‍ ആ കളിയുടെ ഗതിയാകെ മാറിപ്പോകുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. മൈതാനത്തിറങ്ങി കൃത്യം അഞ്ച് മിനിറ്റിനകം വെഗോഴ്സ്റ്റ് വലകുലുക്കി. മത്സരമവസാനിക്കാന്‍ ഇനിയൊരു വിസില്‍ മാത്രം മതിയെന്നിരിക്കെ ഒരു സ്വപ്നത്തിലെന്ന പോലെ വെഗോഴ്സ്റ്റ് ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റില്‍ അര്‍ജന്‍റീനയെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു കളഞ്ഞു. കളി എക്സ്ട്രാ ടൈമും പിന്നിട്ടു. അതിനാടകീയതകള്‍ നിറഞ്ഞ ആ മത്സരം ഷൂട്ടൌട്ടിലേക്ക് നീളുകയായിരുന്നു. ഗാലറിയില്‍ അര്‍ജന്‍റൈന്‍ ആരാധകരുടെ മുഖത്ത് ആശങ്കയുടെ കാര്‍മേഘം പടര്‍ന്നു.
പക്ഷേ ഗോള്‍മുഖത്ത് അശങ്കയെന്ന വാക്കിനെ അപ്രസക്തമാക്കികളഞ്ഞ എമി മാര്‍ട്ടിനസ് എന്ന അതികായനായ കാവല്‍ക്കാരനെ അവര്‍ അന്ധമായി വിശ്വസിച്ചു. നെതര്‍ലന്‍റ്സിനായി ആദ്യ കിക്കെടുക്കാന്‍ പരിജയ സമ്പന്നനായ വിര്‍ജിന്‍ വാന്‍ഡെക്കിനെ തന്നെ വാന്‍ഗാല്‍ പറഞ്ഞു വിടുമ്പോള്‍ ഇനി തോല്‍ക്കാനില്ലെന്ന് മനസ്സിലുറപ്പിച്ച് കാണണം അയാള്‍. പക്ഷെ എമിക്ക് മുന്നില്‍ വാന്‍ഗാലിന്‍റെ കളിക്കൂട്ടത്തിന് തൊട്ടതെല്ലാം പിഴച്ചു. വാന്‍ഡെക്കിന്‍റേയും ബെര്‍ഗുവിസിന്‍റേയും കിക്കുകള്‍ അവിശ്വസനീയമായാണ് എമി തട്ടിയകറ്റിയത്. നെതര്‍ലന്‍റ്സ് ആരാധകരുടെ ഹൃദയങ്ങളില്‍ കനല്‍ കോരിയിട്ട ആ പോരാളി ഗാലറിയെ നോക്കി ഭ്രാന്തമായി ആക്രോശിച്ചു. ഒടുക്കം നോപ്പര്‍ട്ടിനെ നിഷ്പ്രഭനാക്കി ലൌത്താരോ മാര്‍ട്ടിനസിന്‍റെ കിക്ക് വലയിലെത്തുമ്പോള്‍ ഗാലറി പൊട്ടിത്തെറിച്ചു.
ഗോള്‍ വീണയുടന്‍ അര്‍ജന്‍റീന താരങ്ങള്‍ മുഴുവന്‍ ലൊത്താരോ മാര്‍ട്ടിനസിനെ പൊതിയാന്‍ ഓടിയെത്തിയപ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി മാത്രം മൈതാനത്ത് മുഖം അമര്‍ത്തി കിടക്കുന്ന എമിയുടെ അടുക്കലേക്കാണ് ഓടിയത്. ഒരു രാജ്യത്തിന്‍റെ പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ അത്രയും നേരം ഒറ്റക്ക് തോളിലേറ്റിയ അയാളല്ലാതെ മറ്റാരാണ് ആ മത്സരത്തിന്‍റെ ഹീറോ. ഫുട്ബോളിന്‍റെ മിശിഹാ അയാളെ ചേര്‍ത്തു പിടിച്ച് ചുംബിച്ചു.
ഡാമിയന്‍ എമിലിയാനോ മാര്‍ട്ടിനസ്. അതൊരു നീണ്ട കാത്തിരിപ്പിന്‍റെ പേര് കൂടിയാണ്. കരിയറിന്‍റെ ഭൂരിഭാഗവും സൈഡ് ബെഞ്ചില്‍ ചെലവഴിക്കേണ്ടി വന്നൊരാള്‍. ഫുട്ബോള്‍ ലോകം അയാളുടെ പ്രതിഭയെ കണ്ടെത്താന്‍ ഒരു പതിറ്റാണ്ടോളമെടുത്തുവെന്ന് പറഞ്ഞാല്‍ ആരാധകര്‍ അത്ഭുതം കൂറും.
1992 സെപ്റ്റംബര്‍ 2. അര്‍ജന്‍റീനയിലെ മാര്‍ഡല്‍ പ്ലാറ്റയിലാണ് എമിയുടെ ജനനം. നീണ്ട പട്ടിണിക്കാലങ്ങളോട് പടവെട്ടിയാണയാള്‍ കാല്‍പ്പന്തിന്‍റെ ലോകത്തേക്ക് കാലെടുത്തു വക്കുന്നത്. 2008ൽ അർജന്റീന ക്ലബായ ഇൻഡിപെൻഡന്റയിൽ യൂത്ത് കരിയർ ആരംഭിച്ച എമി രണ്ട് വര്‍ഷം കൊണ്ട് തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പല വമ്പന്‍ ക്ലബ്ബുകളുടേയും ശ്രദ്ധ പിടിച്ചു പറ്റി.
16 വയസുള്ള എമിയെ അർജന്റീന അണ്ടർ 17 ടീമില്‍ കളിക്കുന്ന കാലത്താണ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണൽ തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്. പിന്നീടങ്ങോട്ട് എമിക്ക് കാത്തിരിപ്പുകളുടെ കാലമായിരുന്നു. പത്ത് വര്‍ഷത്തിനിടെ വിരലിലെണ്ണാവുന്ന മത്സരങ്ങള്‍. ഒന്നാം നമ്പർ ഗോൾകീപ്പർമാർ പലരും മോശം പ്രകടനം കാഴ്ചവയ്ക്കുമ്പോഴും മാർട്ടിനെസിനെ തേടി അവസരങ്ങൾ വന്നില്ല. ആറ് സീസണുകളില്‍ ലോണടിസ്ഥാനത്തില്‍ ലോവര്‍ ഡിവിഷന്‍ ക്ലബ്ബുകളില്‍ എമിക്ക് കളിക്കേണ്ടി വന്നു. ഗണ്ണേഴ്സിനായി 2020 ജൂണ്‍ വരെ എമി കളിച്ചത് ആകെ 14 മത്സരങ്ങള്‍.
2020 ജൂണ്‍ 20. ബ്രൈട്ടനെതിരായ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ ആഴ്സണല്‍ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ബെര്‍ണാര്‍ഡ് ലെനോ ടീമില്‍ നിന്ന് പുറത്തായി. അവിടെ എമിയുടെ തലവര തെളിയുകയായിരുന്നു. ലെനോയുടെ പരിക്ക് എമിക്ക് ആദ്യ ഇലവനിലേക്ക് വാതില്‍ തുറന്നു. ഇനിയൊരവസരത്തിനായി കാത്തിരിക്കാനാവില്ലെന്ന് ഉറപ്പിച്ച അയാള്‍ പിന്നീട് ഗണ്ണേഴ്സിന്‍റെ ഗോള്‍വലക്ക് മുന്നില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നതാണ് ആരാധകര്‍ കണ്ടത്. തുടര്‍ച്ചയായ ക്ലീന്‍ ഷീറ്റുകള്‍. പ്രീമിയര്‍ ലീഗിലെ അതികായരില്‍ പലരും അയാള്‍ കാവല്‍ നിന്ന ഗോള്‍വല കുലുക്കാന്‍ പിടിപ്പതു പണിപെട്ടു. ആ വര്‍ഷം ആഴ്സണലിന് എഫ് എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും നേടാനായത് ഗോള്‍വലക്ക് മുന്നില്‍ എമി നടത്തിയ അവിശ്വസനീയ പ്രകടനങ്ങള്‍ കൊണ്ട് കൂടിയാണ്. എമിയെ സ്ഥിരം ഗോള്‍ കീപ്പറാക്കണമെന്ന മുറവിളികള്‍ അപ്പോള്‍ മുതല്‍ തന്നെ ആരാധകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു കേട്ടു. എന്നാല്‍ ഗണ്ണേഴ്സിന് വിശ്വാസം ലെനോയെ തന്നെയായിരുന്നു.
സൈഡ് ബെഞ്ചില്‍ ഇനി തന്‍റെ കളിക്കാലങ്ങളെ അവസാനിപ്പിക്കാന്‍ ഒരുക്കമല്ലാതിരുന്ന എമി തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയിലേക്ക് കൂടുമാറി. 20 മില്യണ്‍ യൂറോക്കായിരുന്നു എമിയുടെ കൂടുമാറ്റം.
അര്‍ജന്‍റീന ദേശീയ ടീമില്‍ 2011 ലാണ് എമി ഇടം പിടിക്കുന്നത്. എന്നാല്‍ ദേശീയ ടീമില്‍ തന്‍റെ അരങ്ങേറ്റത്തിനായി അയാള്‍ക്ക് ഒരു പതിറ്റാണ്ട് കാലം കാത്തിരിക്കേണ്ടി വന്നു. 2021 ജൂണിൽ ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് അർജൻറീനക്കായി മാർട്ടിനസ് ആദ്യമായി ഗോൾവല കാക്കുന്നത്. പിന്നീടങ്ങോട്ട് ലയണല്‍ സ്കലോണിയുടെ വിശ്വസ്തനായ കാവല്‍ക്കാരനാണ് അയാള്‍.
2021 കോപ്പ അമേരിക്ക സെമി ഫൈനല്‍. ഷൂട്ടൌട്ടില്‍ അര്‍ജന്‍റൈന്‍ മധ്യനിരയിലെ വിശ്വസ്തന്‍ റോഡ്രിഗോ ഡീ പോള്‍ പെനാല്‍ട്ടി പുറത്തേക്കടിച്ചു കളയുമ്പോള്‍ ഒരിക്കല്‍ കൂടി കോപ്പയില്‍ തങ്ങള്‍ക്ക് കാലിടറാന്‍ പോവുകയാണെന്ന് ആല്‍ബിസെലസ്റ്റകളുടെ ഉള്ളു പറഞ്ഞിട്ടുണ്ടാവും.
പക്ഷെ എമിലിയാനോ മാര്‍ട്ടിനസ് എന്ന അതികായന് മുന്നില്‍ കൊളംബിയ അന്ന് തകര്‍ന്നടിഞ്ഞു. കൊളംബിയന്‍ താരങ്ങളുടെ മൂന്ന് ഷോട്ടുകളാണ് അന്ന് എമിക്ക് മുന്നില്‍ നിഷ്പ്രഭമായത്. കിക്കെടുക്കുന്നതിന് മുമ്പ് കൊളംബിയന്‍ താരങ്ങളെ പ്രകോപിപ്പിച്ചു കൊണ്ടേയിരുന്ന എമിയെ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. അന്നയാളെ പലരും അഹങ്കാരിയെന്ന് മുദ്ര കുത്തി. പക്ഷെ തന്‍റെ രാജ്യത്തിനായി ഒരു കിരീടം നേടാനുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു അയാളുടെ ഉള്ളു നിറയെ. ഒടുക്കം 28 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കാനറികളെ തകര്‍ത്ത് അർജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിടുമ്പോള്‍ നാലു ക്ലീൻ ഷീറ്റുകളുമായി ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം എമി സ്വന്തമാക്കി. കലാശപ്പോരില്‍ ബ്രസീലിന്‍റെ ഗോളെന്നുറപ്പിച്ച ഒരുപിടി മുന്നേറ്റങ്ങളാണ് അയാള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായത്.
എതിരാളികള്‍ക്ക് തകര്‍ക്കാനാകാത്തൊരു വന്മതിലായി അര്‍ജന്‍റൈന്‍ ഗോള്‍വലക്ക് മുന്നില്‍ എമി നിലയുറപ്പിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ലോകകപ്പിന് തൊട്ട് മുമ്പ് വരെ അര്‍ജന്‍റീന നടത്തിയ അപരാജിതമായ കുതിപ്പിന് പിന്നിലെ പ്രധാന ചാലകശക്തികളൊന്ന് എമിയായിരുന്നു. അര്‍ജന്‍റീനക്കായി എമി ഗോള്‍ വല കാത്ത് തുടങ്ങിയത് മുതല്‍ നാളിതുവരെ വെറും ഒറ്റ മത്സരത്തിലാണ് അര്‍ജന്‍റീന പരാജയം രുചിച്ചത്.ഗോള്‍വലക്ക് മുന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്‍റെ ആള്‍രൂപമായി അയാള്‍ നിലയുറപ്പിക്കുന്ന കാലത്തോളം അത്ര പെട്ടെന്നൊന്നും അര്‍ജന്‍റൈന്‍ കോട്ട പൊളിക്കാന്‍ എ്തിരാളികള്‍ക്കാവില്ലെന്ന് ഉറപ്പാണ്. അതെ എമി ഒരു വന്മതിലാണ്....
Adjust Story Font
16