ഇംഗ്ലണ്ടിന്‍റെ വേള്‍ഡ് കപ്പ് ഹീറോ, ഫൈനലിലെ മിസ്റ്ററി ടച്ച്; സ്റ്റോക്സ് പടിയിറങ്ങുമ്പോള്‍...
ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഒരിക്കലും മായാത്ത ഒരു ചിത്രമുണ്ട്, ലോകകപ്പ് ഫൈനലില്‍ രണ്ട് കൈകളും മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന ബെന്‍ സ്റ്റോക്സിന്‍റേത്...
ഇംഗ്ലീഷ് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് ആ പ്രഖ്യാപനം എത്തി. ഞാന്‍ ഏകദിനം മതിയാക്കുന്നു, മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ എന്‍റെ ശരീരം അനുവദിക്കുന്നില്ല, ഞാന്‍ ക്ഷീണിതനാകുകയാണ്. തീരുമാനം വേദനയുണ്ടാക്കുമെന്നെനിക്കറിയാം... പക്ഷേ ഞാൻ കാരണം വേറെ ഒരു കളിക്കാരനും അവസരം നഷ്ടമാവരുത്, അതുകൊണ്ട് തന്നെ ഞാന്‍ ഏകദിന ക്രിക്കറ്റ് അവസാനിപ്പിക്കുകയാണ്.
ക്രിക്കറ്റ് പിറന്നുവീണ മണ്ണായിട്ടുകൂടി കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന വിഴിപ്പും പേറി ഓരോ ലോകകപ്പിനുമെത്തിയ ഇംഗ്ലണ്ടിന് ആദ്യമായി ലോകകിരീടത്തില്‍ മുത്തമിടാന്‍ അവസരമൊരുക്കിയ ബെന്‍ സ്റ്റോക്സ് എന്ന 'ന്യൂസിലന്‍ഡുകാരന്‍' ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു.
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്... മൂന്ന് തവണ ഫൈനലില്‍ വീണു... ഒടുവില്‍ 44 വര്‍ഷത്തെ വറുതിക്ക് ശേഷം ക്രിക്കറ്റിന്‍റെ ജന്മനാട്ടിലേക്ക് ആദ്യ ലോകകിരീടം ബെന്‍ സ്റ്റോക്സ് എന്ന ദൈവപുത്രന്‍ അവതരിക്കേണ്ടി വന്നു. അയാളുടെ ചുമലിലേറി ലോര്‍ഡ്സിലെ മുപ്പതിനായിരത്തോളം വരുന്ന ആരാധകരെ സാക്ഷിയാക്കി നാല് പതിറ്റാണ്ടുകളായി തങ്ങളുടെ ഉറക്കം കെടുത്തിയ ആ സ്വപ്നം അങ്ങനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സാക്ഷാത്കരിച്ചു.
ക്രിക്കറ്റിന്‍റെ തറവാട്ടുമുറ്റത്ത് ഇംഗ്ലണ്ടിനായി ഓയിന്‍ മോര്‍ഗന്‍ ലോക കിരീടമുയര്‍ത്തുമ്പോള്‍ ആ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് ബെഞ്ചമിന്‍ ആന്‍ഡ്രൂ സ്റ്റോക്സ് എന്ന ട്രംപ് കാര്‍ഡ് ആയിരുന്നു. അയാളാണ് ആളും ആരവങ്ങളുമൊന്നുമില്ലാതെ ഒരു ട്വീറ്റിലൂടെ ഏകദിനത്തില്‍ ഇനിയുണ്ടാകില്ലെന്ന് അറിയിച്ചത്.
ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഒരിക്കലും മായാത്ത ഒരു ചിത്രമുണ്ട്, ലോകകപ്പ് ഫൈനലില്‍ രണ്ട് കൈകളും മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന ബെന്‍ സ്റ്റോക്സിന്‍റേത്... ഏറെ ചര്‍ച്ചയായ ലോകകപ്പായിരുന്നു 2019ലേത്, ഫൈനലോ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ കലാശപ്പോരും. അത്യന്തം നാടകീയമായ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് പരാജയപ്പെടുത്തുകയായിരുന്നു.
2019 ലോകകപ്പ് ഫൈനലിന്റെ അവസാന മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍, റണ്‍സിനായി ഓടിയ സ്റ്റോക്‌സ് ക്രീസിലേക്ക് ഡൈവ് ചെയ്യുകയും, ഫീല്‍ഡര്‍ എറിഞ്ഞ ത്രോ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പോകുകയും ചെയ്തു. ഇംഗ്ലണ്ട് ഇതിനിടയില്‍ രണ്ട് റണ്‍സ് ഓടി നേടുകയും ചെയ്തു. അതോടെ ആ പന്തില്‍ നിന്നും ഇംഗ്ലണ്ട് ടീമിന് ആറ് റണ്‍സ് ലഭിച്ചു. പക്ഷേ താന്‍ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് സ്റ്റോക്സ് ഇരുകൈയ്യും മൈതാനത്ത് ഉയര്‍ത്തിക്കാട്ടുകയായിരുന്നു.
അങ്ങനെ നിശ്ചിത 50 ഓവറില്‍ മത്സരം നാടകീയമായ സമനിലയില്‍ അവസാനിച്ചു. പിന്നീട് നടന്ന സൂപ്പര്‍ ഓവറിലും സ്കോര്‍ സമനിലയില്‍ കലാശിച്ചു. പക്ഷേ നേടിയ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് കിരീട ജേതാക്കളായി. അന്ന് സ്‌റ്റോക്‌സിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായാണ് ഇംഗ്ലണ്ട് ആദ്യ ലോകകിരീടം സ്വന്തമാക്കുന്നത്. ഫൈനലില്‍ പുറത്താവാതെ 84 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്.
വിരമിക്കല്‍ ഏകദിനത്തില്‍ നിന്നു മാത്രം
സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സ്റ്റോക്സ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരത്തോടെയായിരിക്കും ഔദ്യോഗികമായി കളി മതിയാക്കുക. അതേസമയം, ടെസ്റ്റിലും ടി20യിലും ഇംഗ്ലീഷ് ജഴ്‌സിയിൽ തുടരും.മൂന്നു ഫോർമാറ്റുകളിലും കളി തുടരുന്നത് താങ്ങാനാകില്ലെന്നാണ് വിരമിക്കൽ പ്രഖ്യാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. കടുത്ത ഷെഡ്യൂളുകള്‍ ശരീരത്തിനു താങ്ങാനാകുന്നില്ല. ഇനി ടെസ്റ്റിലും ടി20യിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്റ്റോക്സ് അറിയിച്ചു.
''ഏറെ പ്രയാസമുള്ള തീരുമാനമാണ്. ഇംഗ്ലണ്ടിനു വേണ്ടി സഹതാരങ്ങൾക്കൊപ്പം കളിച്ച ഓരോ നിമിഷവും ഞാൻ സ്‌നേഹിക്കുന്നു. അവിസ്മരണീയമായ യാത്രയായിരുന്നു അത്. കടുത്ത ഷെഡ്യൂൾ ശരീരത്തിന് താങ്ങാനാവുന്നില്ലെന്നു മാത്രമല്ല, ജോസിനും(ജോസ് ബട്‌ലർ) സംഘത്തിനും എല്ലാം അർപ്പിക്കാൻ ശേഷിയുള്ള മറ്റു താരങ്ങളുടെ വഴിമുടക്കുകയാണ് ഞാനെന്നും തോന്നുന്നു. മറ്റൊരു ക്രിക്കറ്റ് താരം വളർന്നുവന്ന് കഴിഞ്ഞ 11 വർഷം ഞാനുണ്ടാക്കിയ പോലെ അവിസ്മരണീയമായ ഓർമകൾ സമ്മാനിക്കാനുള്ള സമയമാണിത്.'' വിരമിക്കല്‍ കുറിപ്പില്‍ സ്റ്റോക്സ്.
മാസങ്ങൾക്കുമുൻപാണ് ജോ റൂട്ടിന് പകരക്കാരനായി സ്റ്റോക്‌സ് ഇംഗ്ലീഷ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. 31കാരനായ താരം 104 ഏകദിനങ്ങളിൽ ഇംഗ്ലീഷ് കുപ്പായമിട്ടിട്ടുണ്ട്. 2019 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ലോർഡ്‌സിൽ നടന്ന കലാശപ്പോരിൽ നടത്തിയ അവിസ്മരണീയ പോരാട്ടത്തിലൂടെ ഇംഗ്ലണ്ടിന് കപ്പ് നേടിക്കൊടുത്ത് ക്രിക്കറ്റ് ആരാധകർക്കൊന്നം ഒരു കാലത്തും മറക്കാനാകില്ല.
2011ൽ അയർലൻഡിനെതിരെ ആയിരുന്നു സ്റ്റോക്സിന്റെ ഏകദിന അരങ്ങേറ്റം. മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 2,919 റൺസും 74 വിക്കറ്റുകളുമാണ് രാജ്യാന്തര ഏകദിനത്തില്‍ സ്റ്റോക്സിന്റെ സമ്പാദ്യം.
Adjust Story Font
16