ഇംഗ്ലണ്ടിന് സെനഗലിന്റെ ക്ലീൻ ചിറ്റ്; ഏകപക്ഷീയമായ മൂന്ന് ഗോളിന് സെനഗലിനെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ
നാളെ ബ്രസീൽ ദക്ഷിണ കൊറിയേയും ജപ്പാൻ ക്രൊയേഷ്യയേയും നേരിടും
ദോഹ: സെനഗലിന്റെ അപരാജിത കുതിപ്പിനെ അനായാസമായി കീഴടക്കി ഇംഗ്ലീഷ് പട ഖത്തര്‍ ലോകകപ്പിന്‍റെ ക്വാർട്ടറിൽ. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ഇംഗ്ലണ്ടിന്റെ ആധികാരിക ജയം. ആദ്യ രണ്ടു ഗോൾ ആദ്യ പകുതിയിലാണ് പിറന്നത്.
38-ാം മിനിറ്റിൽ ജോർദാൻ ഹെൻഡേഴ്‌സണും ആദ്യ പകുതിയുടെ അധികസമയത്ത് ഹാരികെയ്‌നുമാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. 57-ാം മിനിറ്റിൽ സാക്കയാണ് മൂന്നാം ഗോൾ നേടിയത്.
ആദ്യ നിമിഷം മുതൽ ഇരുഭാഗത്തുനിന്നും തുടർച്ചയായി ആക്രമണങ്ങളുണ്ടായെങ്കിലും ഫിനിഷ് ചെയ്യുന്നതിലെ പിഴവ് ഇരുടീമുകൾക്കും വിനയായി. 21-ാം മിനിറ്റിലും 31-ാം മിനിറ്റിലും സെനഗലിന്റെ മികച്ച മുന്നേറ്റങ്ങളുണ്ടായി. 31-ാം മിനിറ്റിൽ സാർ അടിച്ച ഷോട്ട് ദിയയുടെ കൈകളിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഗോളി പിക് ഫോർഡിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വീണുപോയി.
38-ാം മിനിറ്റിൽ ബെല്ലിങ്ഹാംമിന്റെ അസിസ്റ്റിലൂടെ ലഭിച്ച ക്രോസിലൂടെയാണ് ഹെൻഡേഴ്‌സൺ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്തിന്റെ മൂന്നാം മിനിറ്റിലാണ് ഹാരി കെയ്‌ന്റെ ഗോൾ പിറന്നത്. ഗ്രൗണ്ടിന് നടുവിലൂടെ ഫോഡൻ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മാർക്ക് ചെയാതെ നിന്ന നായകന് ഫോഡൻ പന്ത് നീട്ടിനൽകുകയായിരുന്നു. കെയ്‌ന്റെ ഈ ലോകകപ്പിലെ ആദ്യ ഗോൾ അങ്ങനെ പിറന്നു.
രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങളോടെ വന്ന് മത്സരത്തിലേക്ക് തിരികെവരാം എന്ന് പ്രതീക്ഷിച്ച സെനഗലിന്റെ പ്രതീക്ഷയ്ക്ക് മുകളിലാണ് സാക്ക മൂന്നാമത് പ്രഹരിച്ചത്. ഇത്തവണയും ഫോഡനാണ് അസിസ്റ്റ് നൽകിയത്. ഇടക്കിടെ സെനഗലിന്റെ മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല. നാളെ ബ്രസീൽ ദക്ഷിണ കൊറിയേയും ജപ്പാൻ ക്രൊയേഷ്യയേയും നേരിടും
Adjust Story Font
16