Quantcast

നാളെ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍... മഴ കളിക്കുമോ? കളി നടക്കുമോ?

കാലാവസ്ഥ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതുപോലെ മത്സരം മഴ കൊണ്ടുപോയാല്‍ എന്താണ് പ്ലാന്‍ ബി?

MediaOne Logo

Web Desk

  • Published:

    1 Sep 2023 2:08 PM GMT

EXPLAINED, What Happens,India Vs Pakistan, Asia Cup 2023 ,Washed Out ,Rain
X

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്ന ത്രില്ലര്‍ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. നാളെ ശ്രീലങ്കയിലെ പല്ലെകെലെയിൽ വെച്ച് വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്. മെല്‍ബണില്‍ വെച്ചു നടന്ന കഴിഞ്ഞ ടി20 ലോകകപ്പിലെ അവിസ്മരണീയമായ മത്സരത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. അന്ന് വിരാട് കോഹ്ലിയുടെ മിന്നും പ്രകടനത്തില്‍ ഇന്ത്യ അവസാന പന്തില്‍ വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

വീണ്ടുമൊരു ഇന്ത്യ-പാക് മത്സരത്തിന് ഏഷ്യാ കപ്പിലൂടെ വേദിയൊരുങ്ങുമ്പോള്‍ ആരാധകര്‍ വീണ്ടും പ്രതീക്ഷയിലാണ്. പക്ഷേ ഏവരേയും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ശ്രീലങ്കയില്‍ നിന്ന് വരുന്നത്. നാളെ മത്സരം നടക്കുന്ന പല്ലെകെലെയിൽ മഴ കളിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. പകല്‍ സമയത്ത് 94 ശതമാനവും മഴയ്ക്കാണ് സാധ്യതയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. രാത്രിയിലെ കാലാവസ്ഥ നോക്കുമ്പോള്‍ 84 ശതമാനവും മഴക്ക് സാധ്യതയുണ്ട്.

വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി 11 മണി വരെ നിര്‍ത്താതെ മഴ പെയ്യാനും സാധ്യത കൂടുതലാണ്. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിക്കുന്ന മത്സരത്തിന്‍റെ ഏറിയ പങ്കും ഇതോടെ മഴ കൊണ്ടുപോകാനുള്ള സാധ്യതയാണ് കാണുന്നത്.

മഴ കളിച്ചാല്‍ എന്തുചെയ്യും?

കാലാവസ്ഥ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതുപോലെ മത്സരം മഴ കൊണ്ടുപോയാല്‍ എന്തുചെയ്യും എന്നാകും ആരാധകര്‍ ചിന്തിക്കുന്നത്. ഇത്തവണ 50 ഓവര്‍ ഫോര്‍മാറ്റ് ആയതുകൊണ്ട് തന്നെ മിനിമം 20 ഓവര്‍ എങ്കിലും രണ്ടു ടീമും ബാറ്റ് ചെയ്താല്‍ മാത്രമേ മത്സരത്തിന്‍റെ ഫലം പ്രഖ്യാപിക്കാനാകൂ. ആദ്യ ഇന്നിങ്സിനിടയില്‍ തന്നെ മഴ വില്ലനാകുകയാണെങ്കില്‍ മത്സരം പൂര്‍ണമായും ഉപേക്ഷിക്കും. രണ്ടാം ഇന്നിങ്സിനിടയിലാണ് മഴ വരുന്നതെങ്കില്‍, 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഡക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരം വിജയിയെ നിര്‍ണയിക്കും. ഇനിയഥവാ മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ പോയിന്‍റ് തുല്യമായി വീതിക്കും. ഓരോ പോയിന്‍റ് വെച്ച് രണ്ട് ടീമുകള്‍ക്കും കൊടുക്കും. അങ്ങനെ വരുമ്പോള്‍ ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തെറിഞ്ഞ പാകിസ്താന്‍ നാല് പോയിന്‍റോടെ അടുത്ത റൌണ്ടിലേക്ക് കടക്കും. ഇന്ത്യക്ക് വരുന്ന മത്സരത്തില്‍ നേരിടാനുള്ളതും ദുര്‍ബലരായ നേപ്പാളിനെത്തന്നെയാണ്. നേപ്പാളിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയും അടുത്ത റൌണ്ടിലേക്ക് സുഗമമായി കടക്കും.

അതേസമയം ഇന്ത്യയെ സംബന്ധിച്ച് പരിക്കിന്‍റെ പിടിയിലായിരുന്ന ശ്രേയസ് അയ്യരും ജസ്പ്രീത് ബുമ്രയും തിരിച്ചെത്തുന്നത് കരുത്തു പകരും. 17 അംഗ ടീമിൽ റിസര്‍വ് പ്ലെയറായി മലയാളി താരം സഞ്ജു സാംസണുമുണ്ട്. എന്നാല്‍ പരിക്ക് മാറിയെത്തിയ കെ.എൽ.രാഹുൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായി കളിക്കില്ല. ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാത്തതാണ് താരത്തിന് വിനയായത്. ലോകകപ്പ് മുന്നൊരുക്കമെന്ന നിലയിൽ ഏഷ്യകപ്പ് തിരിച്ചുപിടിക്കുകയാകും ഇന്ത്യ ലക്ഷ്യമിടുന്നത്. ഏഷ്യാ കപ്പിന് ശേഷം ഓസ്ട്രേലിയയുമായി മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ട്വന്‍റി 20 ഫോർമാറ്റിൽ നടത്തിയ ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റില്‍ ശ്രീലങ്കയായിരുന്നു ജേതാക്കൾ. അതേസമയം ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ആത്മവിശ്വാസത്തിലാണ് പാക് പട ഇറങ്ങുന്നത്. ആഴ്ചകൾ മാത്രം അകലെയുള്ള ഏകദിന ലോകകപ്പിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്. പാകിസ്താനിലും ശ്രീലങ്കയിലുമായാണ് ഇക്കുറി ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ഫൈനൽ സെപ്റ്റംബർ 17ന് കൊളംബോയിൽ നടക്കും.


TAGS :

Next Story