Quantcast

'പത്താം നമ്പറിൽ ഇറങ്ങുന്നയാൾ എങ്ങനെ ഓപ്പണറായി?'; സഞ്ജുവിനും രാജസ്ഥാനും രൂക്ഷവിമർശനം

'ആഭ്യന്തര ക്രിക്കറ്റിൽ അവസാന പൊസിഷനുകളിൽ ഇറങ്ങിക്കൊണ്ടിരുന്ന ഒരു താരത്തെ ഐ.പി.എല്ലിലെ നിർണായകമായൊരു മത്സരത്തിൽ റൺ ചേസിങ്ങിനായി ഇറങ്ങുമ്പോൾ ഓപ്പണറുടെ റോളിലിറക്കുന്നത് എന്ത് ലോജിക്കിന്‍റെ പുറത്താണ്'

MediaOne Logo

Web Desk

  • Updated:

    2024-04-14 09:45:57.0

Published:

14 April 2024 7:56 AM GMT

പത്താം നമ്പറിൽ ഇറങ്ങുന്നയാൾ എങ്ങനെ ഓപ്പണറായി?; സഞ്ജുവിനും രാജസ്ഥാനും രൂക്ഷവിമർശനം
X

കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന്റെ വിജയം അവസാന ഓവറിലായിരുന്നു. മുൻനിര ബാറ്റർമാരൊക്കെ പെട്ടെന്ന് കൂടാരം കയറിയപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച ഷിംറോൺ ഹെറ്റ്‍മെയറാണ് രാജസ്ഥാനെ വിജയതീരമണച്ചത്. മത്സരത്തിൽ വിജയിച്ചെങ്കിലും ടീമിന്‍റെ ചില തീരുമാനങ്ങൾക്കെതിരെ ആരാധകർ വലിയ വിമർശനമുയർത്തി രംഗത്തെത്തി.

അതിലേറ്റവും പ്രധാനപ്പെട്ടത് അരങ്ങേറ്റ മത്സരം കളിക്കുന്ന തനുഷ് കോട്ടിയാനെ ഓപ്പണറുടെ റോളില്‍ ഇറക്കിയതാണ്. ആഭ്യന്തര ക്രിക്കറ്റിൽ അവസാന പൊസിഷനുകളിൽ ഇറങ്ങിക്കൊണ്ടിരുന്ന ഒരു യുവതാരത്തെ ഐ.പി.എല്ലിലെ നിർണായകമായൊരു മത്സരത്തിൽ റൺ ചേസിങ്ങിനായി ഇറങ്ങുമ്പോൾ ഓപ്പണറുടെ റോളിലിറക്കുക. അവിശ്വസനീയമാണ് ഇതെന്നാണ് ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളും ഒരേ സ്വരത്തിൽ പറയുന്നത്.

ആരാധകരുടെ വിമർശനങ്ങളെ ശരിവക്കുന്നതായിരുന്നു കോട്ടിയാന്റെ പ്രകടനം. മത്സരത്തിൽ 31 പന്ത് നേരിട്ട കോട്ടിയാൻ 24 റൺസാണ് ആകെ അടിച്ചെടുത്തത്. 77.42 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റൈറ്റ്. പവർ പ്ലേയിൽ റൺ കണ്ടെത്താൻ താരം ഏറെ പ്രയാസപ്പെടുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.

ഐ.പി.എല്ലിൽ ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് ടി20 ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനങ്ങളൊന്നും കോട്ടിയാന്‍റെ ബാറ്റില്‍ നിന്ന് പിറന്നിട്ടില്ല. പരിജയ സമ്പന്നനല്ലാത്തൊരു കളിക്കാരനെ റൺ ചേസിങ്ങിന്റെ സമയത്ത് ഓപ്പണറായി കൊണ്ടുവരാൻ തീരുമാനിച്ചത് ഏത് ലോജിക്കിന്റെ പുറത്താണെന്ന് ആരാധകര്‍ ചോദിക്കുന്നു.

തനുഷ് കോട്ടിയാൻ രാജസ്ഥാൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനായി ജയ്‌സ്വാളിനൊപ്പം നടന്നു വരുന്നത് അവിശ്വസനീയമായ കാഴ്ചയായിരുന്നു എന്നാണ് കമന്ററി ബോക്‌സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ പറഞ്ഞത്.

മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍റേയും അഭിപ്രായം മറിച്ചായിരുന്നില്ല. റൺ ചേസിന്റെ സമയത്ത് ഒരിക്കലും ഇങ്ങനെ ഒരു നീക്കത്തിന് രാജസ്ഥാൻ മുതിരരുതായിരുന്നു. ഒരു പത്താം നമ്പർ ബാറ്ററെയാണ് അവർ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ അയച്ചത്. ഐ.പി.എല്ലിൽ ആദ്യ മത്സരം കളിക്കുന്ന താരമാണ് കോട്ടിയാന്‍ എന്നോര്‍ക്കണം. സഹീർ ഖാൻ പറഞ്ഞു.

എന്നാൽ ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിലെ ചേതോവികാരമെന്താണ് മത്സര ശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ മനസ്സ് തുറന്നു.

'ഒരു ഓൾ റൗണ്ടറായാണ് കോട്ടിയാൻ ടീമിലെത്തിയത്. രഞ്ജിയിൽ ഈ സീസണിൽ മിന്നും പ്രകടനമാണ് അവന്‍ പുറത്തെടുത്തത്. നെറ്റ്‌സിലും അവന്റെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. ഞങ്ങൾക്ക് കൃത്യമായൊരു ബാറ്റിങ് ഓർഡറുണ്ട്. ബട്‌ലറുടെ അഭാവമൊന്ന് കൊണ്ട് മാത്രം അത് പൊളിക്കാൻ ഉദ്യേശിച്ചിരുന്നില്ല. അതിനാലാണ് പുതിയൊരാളെ ആ പൊസിഷനിൽ പരീക്ഷിച്ചത്. ബട്‌ലർ അടുത്ത കളിയിൽ തിരിച്ചെത്തും'- സഞ്ജു പറഞ്ഞു.


TAGS :

Next Story