Quantcast

'അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകും'; ആരാധകര്‍ക്ക് ലൂണയുടെ ഉറപ്പ്

'ബ്ലാസ്റ്റേഴ്സ് ആരാധകരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, അവര്‍ ആഗ്രഹിച്ച കിരീടം നല്‍കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്'

MediaOne Logo

Web Desk

  • Updated:

    22 March 2022 3:10 PM

Published:

22 March 2022 2:55 PM

അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകും; ആരാധകര്‍ക്ക് ലൂണയുടെ ഉറപ്പ്
X

ഫൈനലിലെ വേദനിപ്പിക്കുന്ന തോല്‍വിക്കിടയിലും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാക്കുകളുമായി ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണ. അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സില്‍ തുടരുമെന്നായിരുന്നു ലൂണയുടെ പ്രതികരണം. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലൂണയുടെ പ്രതികരണം.

'ബ്ലാസ്റ്റേഴ്സ് ആരാധകരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, അവര്‍ ആഗ്രഹിച്ച കിരീടം നല്‍കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്, ഫൈനലിലെത്തി തോല്‍ക്കുന്നത് ഒരു ആരാധകനും സഹിക്കില്ല.. ഞങ്ങള്‍ക്കും നിരാശയുണ്ട്. പക്ഷേ ഈ കളി തുടര്‍ന്നാല്‍ വരും സീസണില്‍ കിരീടം നേടാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്'. ലൂണ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്‍റെ ജഴ്സിയില്‍ അടുത്ത സീണില്‍ കാണാനാകുമോ എന്ന ചോദ്യത്തിന് തീർച്ചയായും തിരിച്ചുവരുമെന്നും അടുത്ത സീസണില്‍ എന്തായാലും കൊച്ചിയിലുണ്ടാകുമെന്നും ലൂണ പറഞ്ഞു. കൊച്ചിയില്‍ ആരാധകർക്ക് മുന്നിൽ കളിക്കാൻ താൻ കാത്തിരിക്കുകയാണെന്നും ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്നും ലൂണ കൂട്ടിച്ചേര്‍ത്തു.

ഫൈനലിലെ പരാജയം വേദനിപ്പിക്കുന്നതായിരുന്നു എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻറെ പ്രതികരണം. അതേസമയം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്തെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകരോട് നന്ദി പറയാനും ലൂണ മറന്നില്ല. ആരാധകര്‍ക്ക് അവര്‍ ആഗ്രഹിച്ച കിരീടം നല്‍കാന്‍ കഴിയാത്തതില്‍ മാത്രമാണ് നിരാശയെന്നും ബാക്കിയെല്ലാം കൊണ്ടും ഈ സീസണ്‍ മനോഹരമായിരുന്നെന്നും ലൂണ പറഞ്ഞു.

ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ കലാശപ്പോരിൽ വീണുപോകുന്നത്. ഐഎസ്എല്ലിന്റെ കന്നി ടൂർണമെന്റിന്റെ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് പ്രവേശിച്ചപ്പോൾ എടികെ ആയിരുന്നു കേരളത്തിന്റെ വഴമുടക്കിയത്. 2016ലും എടികെ ടീമിന്റെ വഴിമുടക്കാനെത്തി. 2016ലെ തോൽവിയും പെനൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു.നിശ്ചിത സമയത്ത് 1-1 എന്ന സമനിലയിലായതിനെ തുടർന്നാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അവസാനം ഫലം വന്നപ്പോൾ 4-3ന് എടികെ കിരീടം സ്വന്താക്കി. അതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിക്കുന്നത് 2022ലാണ്. അന്നും പെനൽറ്റി ഷൂട്ടൗട്ട് ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുതി.

കയറ്റിറക്കങ്ങൾ ഏറെ കണ്ട ടൂർണമെന്റായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ഈ സീസൺ. തോൽവിയിലും സമനിലയിലും തളർന്ന ബ്ലാസ്റ്റേഴ്‌സ് ഏവരെയും അമ്പരപ്പിച്ച പ്രകടനവുമായാണ് ഫൈനലിൽ എത്തിയത്. മൂന്നാം തവണയും കപ്പിനും ചുണ്ടിനുമിയില്‍ കിരീടം നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സ് പക്ഷേ ഇത്തവണ മടങ്ങുന്നത് തലയുയര്‍ത്തി തന്നെയാകും. കാരണം, ഇതിനുമുമ്പ് ഐ.എസ്.എല്ലിൽ ഏഴ് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പന്തു തട്ടിയുണ്ട്. രണ്ട് തവണ ഐസ്.എസ്. എൽ കലാശപ്പോരിന് യോഗ്യത നേടിയിട്ടുമുണ്ട്. എന്നാൽ ആരാധകരുടെ കണ്ണും മനസും കുളിര്‍പ്പിച്ച് ഇത്രയും മനോഹരമായി കൊമ്പന്മാര്‍ പന്തുകൊണ്ട് മാജിക് കാണിച്ച ഒരു സീസൺ മുമ്പൊന്നും വേറെയുണ്ടായിട്ടില്ല.ഐ.എസ്.എൽ കിരീടം നഷ്ടപ്പെട്ടെങ്കിലും അടക്കാനാവാത്ത സങ്കടം ഉള്ളിലൊതുക്കി ഓരോ ബ്ലാസ്‌റ്റേഴ്‌സ് ആരാധകനും പറയുന്നത് 'ഇട്ടിട്ടു പോകില്ല' എന്നുതന്നെയാണ്. ബ്ലാസ്റ്റേഴ്‌സ് ഞങ്ങൾക്ക് വെറുമൊരു ടീമല്ല, വികാരമാണ് എന്ന പോസ്റ്ററുകളാണ് ഗാലറിയില്‍ ആകെ നിറഞ്ഞത്.


TAGS :

Next Story