Quantcast

ഏഷ്യാ കപ്പിൽ സാമുറായ് പോരാട്ട വീര്യത്തിൽ വിയറ്റ്‌നാം വീണു

വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ ജപ്പാൻ ഒന്നാമതെത്തി. വെള്ളിയാഴ്ച ഇറാഖുമായാണ് അടുത്ത മത്സരം.

MediaOne Logo

Web Desk

  • Updated:

    2024-01-14 15:39:48.0

Published:

14 Jan 2024 3:29 PM GMT

ഏഷ്യാ കപ്പിൽ സാമുറായ് പോരാട്ട വീര്യത്തിൽ വിയറ്റ്‌നാം വീണു
X

ദോഹ: വിജയത്തോടെ എഎഫ്‌സി ഏഷ്യൻ കപ്പിൽ തുടക്കം ഗംഭീരമാക്കി ജപ്പാൻ. രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിയറ്റ്‌നാമിനെയാണ് കീഴടക്കിയത്. അൽ തുമാമ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ മിനിറ്റുകളിൽ വിയർത്തെങ്കിലും ഏഷ്യൻ വമ്പൻമാർ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ ജപ്പാൻ ഒന്നാമതെത്തി. വെള്ളിയാഴ്ച ഇറാഖുമായാണ് അടുത്ത മത്സരം.

മുൻ ലിവർപൂൾ താരം തകുമി മിനാമിനയുടെ ഇരട്ടഗോളിലാണ് സാമുറായിക്കൾ വൻകരാ പോരിന് തുടക്കമിട്ടത്. 11,45 മിനിറ്റുകളിലാണ് ഗോൾവന്നത്. ദിൻഹ്ബാക്കിലൂടെ 16ാംമിറ്റിൽ വിയറ്റ്‌നാം ജപ്പാന് ഷോക്ക് നൽകി. 33ാംമിനിറ്റിൽ ഫാം തുവാനിലൂടെ സമനിലയും പിടിച്ച് മത്സരത്തിലേക്ക് മടങ്ങിയെത്തി. ആദ്യ പകുതി സമനിലയിലേക്കെന്ന് തോന്നിപ്പിച്ചപ്പോഴാണ് ഇഞ്ചുറി സമയത്തിന്റെ നാലാം മിനിറ്റിൽ നകമുറയിലൂടെ ജപ്പാൻ വീണ്ടും ലീഡ് നേടിയത്(2-1).

ആദ്യ പകുതിയിലെ പോരാട്ട വീര്യം വിയറ്റ്‌നാമിന് രണ്ടാം പകുതിയിൽ ആവർത്തിക്കാനായില്ല. പിടിമുറുക്കിയ സാമുറായി താരങ്ങൾ നിരന്തരം ആക്രമിച്ചു. എതിർ നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ചുനിർത്താനുമായി. ഒടുവിൽ 85ാം മിനിറ്റിൽ നാലാം ഗോളും കണ്ടെത്തി ജപ്പാൻ പട്ടിക പൂർത്തിയാക്കി. അയാസെ ഉവേതയാണ് വലകുലുക്കിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കരുത്തരായ സൗത്ത് കൊറിയ ബഹറൈനെ നേരിടും.

TAGS :

Next Story