മോഹൻ ബഗാനെ തകർത്തെറിഞ്ഞ് ഗോകുലം; എ.എഫ്.സി കപ്പിൽ ചരിത്ര വിജയം
ഐ.എസ്.എൽ ക്ലബായ എ.ടി.കെ മോഹൻ ബഗാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തുവിട്ടത്.
എ.എഫ്.സി കപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കി ഗോകുലം കേരള. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐ.എസ്.എൽ ക്ലബായ എ.ടി.കെ മോഹൻ ബഗാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തുവിട്ടത്. സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കുന്നതിന്‍റെ ഒരു മുൻതൂക്കവും മോഹൻ ബഗാന് കൊടുക്കാതെയാണ് കേരളം മൈതാനം അടക്കിവാണത്.
ഗോളൊഴിഞ്ഞുനിന്ന ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയില്‍ ഗോളടിയുടെ പൂരമായിരുന്നു. ഇരു ടീമുകളും പ്രതിരോധം വിട്ട് ആക്രമിച്ചുകളിച്ച രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവന്‍ ഗോളുകളും പിറന്നത്.
ഗോകുലത്തിന്‍റെ മുന്നേറ്റനിരയിലെ പോരാളി ലൂക്ക മെയ്സനാണ് ഇരട്ട ഗോളോടെ കളി കേരളത്തിന്‍റെ വരുതിയിയിലാക്കിയത്. 50 ആം മിനുട്ടിലായിരുന്നു ഗോകുലത്തിന്‍റെ ആദ്യ ഗോള്‍. എന്നാല്‍ മൂന്ന് മിനുട്ടുകള്‍ക്കുള്ളില്‍ എ.ടി.കെ ഗോള്‍ മടക്കി. പ്രീതം കോട്ടലിലൂടെയായിരുന്നു മോഹന്‍ ബഗാന്‍റെ സമനില ഗോള്‍. സമനിലയ്ക്കും മിനുട്ടുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോകുലത്തിന്‍റെ തിരിച്ചടി ഉടനെത്തി. 57 ആം മിനുട്ടില്‍ റിഷദിന്‍റെ ഗോളിലൂടെ കേരളം വീണ്ടും മുന്നിലെത്തി. സ്കോര്‍ (2 - 1).
65ആം മിനുട്ടില്‍ കേരളം ലീഡുയര്‍ത്തി. രണ്ടാം ഗോളോടെ ലൂക്ക മെയ്സനാണ് താരമായത്. ഗോകുലം രണ്ട് ഗോള്‍ ലീഡിലെത്തിയതോടെ ഉണര്‍ന്നുകളിച്ച എ.ടി.കെ പ്രതിരോധനിര പിന്നീട് മികച്ച കളി പുറത്തെടുത്തു. ഒടുവില്‍ 80 ആം മിനുട്ടില്‍ ലിസ്റ്റണ്‍ കൊളാക്കോയിലൂടെ എ.ടി.കെ കേരളത്തിന്‍റെ ലീഡ് ഒന്നാക്കി കുറച്ചു. എന്നാല്‍ കളി തീരാന്‍ മിനുട്ടുകള്‍ ബാക്കിനില്‍ക്കേ ജിതിന്‍റെ വക കേരളത്തിന്‍റെ നാലാം ഗോള്‍ വന്നു. സ്കോര്‍(4 - 2). എ.എഫ്.സി കപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ കേരളത്തിന് ചരിത്ര വിജയം. മെയ് 21ന് മസിയക്കെതിരെയാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.
Adjust Story Font
16