വീണ്ടും പ്രകോപനം; ജയത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിനെ ട്രോളിൽമുക്കി ബെംഗളൂരു
ഇംഗ്ലീഷ് മലയാളം നിഘണ്ടുവുമായി നിൽക്കുന്ന സുനിൽ ഛേത്രിയുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു
ബെംഗളൂരു: ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ അവസാന മിനിറ്റ് ഗോളിൽ ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചതിന് പിന്നാലെ ട്രോൾ അഭിഷേകം നടത്തി ബെംഗളൂരു എഫ്.സി. കളിയവസാനിച്ച് മിനിറ്റുകൾക്കകം തുടരെ നിരവധി പോസ്റ്റുകളാണ് ബെംഗളൂരു ഔദ്യോഗിക സോഷ്യൽമീഡിയ പേജുകളിൽ പ്രത്യക്ഷപ്പെട്ടത്. മഞ്ഞപ്പടയെ കളിയാക്കികൊണ്ടുള്ളതായിരുന്നു എല്ലാ പോസ്റ്റുകളും. കളിക്ക് പിന്നാലെ കണ്ടം വഴി ഓടാമെന്ന് സൂചിപ്പിക്കുന്ന ട്രോളായിരുന്നു ഒന്ന്. സ്റ്റേഡിയത്തിന് പുറത്ത് നിർത്തിയിട്ട കെഎസ്ആർടിസി ബസ് ചൂണ്ടിക്കാട്ടി ബെംഗളൂരു താരങ്ങൾ യാത്രയാക്കുന്ന ഡിജിറ്റൽ പെയിന്റിങ്.
ഇതുവരെ ബിഎഫ്‌സിയോട് നേരിട്ട തോൽവിയെ ഉൾകൊള്ളിച്ചുള്ള വീഡിയോയാണ് മറ്റൊന്ന്. കളി കളിഞ്ഞ് സ്‌റ്റേഡിയം വിടുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ട്രോളിയായിരുന്നു ഈ പോസ്റ്റ്. ഇതുവരെ കിരീടമൊന്നും നേടാത്തതിനേയും വെറുതെവിട്ടില്ല.
ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ ബെംഗളൂരു വിന്റെ കിരീടത്തിനരികെ നിന്ന് ഫോട്ടോയെടുക്കുന്നത് ഉൾപ്പെടുത്തി മമ്മുട്ടിയുടെ പ്രാഞ്ചിയേട്ടൻ സിനിമയിലെ പ്രശസ്ത ഡയലോഗ് ഉപയോഗിച്ചാണ് പോസ്റ്റ് ചെയ്തത്.ഇംഗ്ലീഷ് മലയാളം നിഘണ്ടുവുമായി നിൽക്കുന്ന സുനിൽഛേത്രിയുടെ ഫോട്ടോയും ഇന്നലെതന്നെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.ട്രോളുകൾക്ക് മറുപടി നൽകി മഞ്ഞപ്പട ആരാധകരും രംഗത്തെത്തിയിരുന്നു. കൊച്ചിയിൽ നിന്നു ബിരിയാണി കഴിച്ച് പോയത് ചൂണ്ടിക്കാട്ടിയും ഇപ്പോഴും പോയന്റ് ടേബിളിൽ മുന്നിൽ ബ്ലാസ്‌റ്റേഴ്‌സാണെന്ന് ഓർമിപ്പിച്ചുമാണ് കമന്റുകളെത്തിയത്.
അതേസമയം, ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ തെറിയഭിഷേകം നടത്തിയിലുള്ള ബാനറുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉയർത്തിയിരുന്നു. ഐഎഎസ്എൽ മത്സരത്തിന് മുൻപ് ആദ്യം പ്രകോപനവുമായെത്തിയത് ബിഎഫ്‌സിയായിരുന്നു. കഴിഞ്ഞ സീസണിലെ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളും തുടർന്ന് ബ്ലാസ്‌റ്റേഴ്‌സ് കളംവിട്ടതും ഉൾകൊള്ളിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് മറുപടിയായി കൊച്ചിയിൽ വെച്ച് അഡ്രിയാൻ ലൂണോയുടെ ഗോളിൽ ബെംഗളൂരുവിനെ തകർത്ത വീഡിയോ പങ്കുവെച്ചായിരുന്നു മറുപടി. ഇതോടെ കളിക്കുമുൻപ്തന്നെ പോരുമുറുകിയിരുന്നു.
Adjust Story Font
16