അർജന്റീനക്ക് വേദിയൊരുക്കാമെന്ന കേരളത്തിന്റെ താത്പര്യം പരിഗണിക്കാമെന്ന് എ.ഐ.എഫ്.എഫ്
ഇന്ത്യൻ ടീമുമായി കളിക്കാൻ അർജന്റീനക്ക് പദ്ധതിയുണ്ടായിരുന്നില്ല. ഇന്ത്യയില്‍ വെച്ച് മറ്റൊരു ടീമുമായി കളിക്കാനായുന്നു അർജന്റീനയുടെ താത്പര്യമെന്നും ഷാജി പ്രഭാകരൻ
ലയണല്‍ മെസി-ടീം അര്‍ജന്റീന
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന് വേദിയൊരുക്കാമെന്ന കേരളത്തിന്റെ താത്പര്യം പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). കേരള ഫുട്ബോൾ അസോസിയേഷൻ വഴി സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്ന് എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ മീഡിയവണിനോട് പറഞ്ഞു.
'ഇന്ത്യൻ ടീമുമായി കളിക്കാൻ അർജന്റീനക്ക് പദ്ധതിയുണ്ടായിരുന്നില്ല. ഇന്ത്യയില്‍ വെച്ച് മറ്റൊരു ടീമുമായി കളിക്കാനായിരുന്നു അർജന്റീനയുടെ താത്പര്യം, ഇതുസംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നില്ലെന്നും ഷാജി പ്രഭാകരൻ മീഡിയവണിനോട് പറഞ്ഞു. ഇന്ത്യൻ ടീമുമായി കളിക്കാനായിരുന്നില്ല അർജന്റീനയുടെ ആലോചന. അതിനാൽ തന്നെ സ്‌പോൺസർഷിപ്പിന് വേണ്ടിവരുമായിരുന്ന 40 കോടിയെപ്പറ്റി ചർച്ച നടന്നില്ല. കേരളത്തിൽ കളി നടത്താമെന്ന ആലോചന വന്നാൽ അത് സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ കളിക്കാൻ അർജന്റീന ടീം താത്പര്യപ്പെട്ടുവെന്നും സ്‌പോൺസർഷിപ്പ് തുകയായി ചോദിച്ച 40 കോടി ഇല്ലാത്തതിനാൽ ആൾഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ക്ഷണം ഉപക്ഷേച്ചുവെന്നുമായിരുന്നു റിപ്പോർട്ട്. ഇതിനെതിരെ രൂക്ഷവിമർശനമാണ് എ.ഐ.എഫ്.എഫിനെതിരെ കായിക പ്രേമികൾ ഉന്നയിച്ചത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശായിരുന്നു അർജന്റീന നോക്കിയിരുന്ന മറ്റൊരു രാജ്യം. ഇതെ കാരണം പറഞ്ഞ് ബംഗ്ലാദേശും പിന്മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വിവാദങ്ങൾ ഒരു ഭാഗത്ത് നിറഞ്ഞുനിൽക്കവെയാണ് അർജന്റീനക്ക് വേദിയൊരുക്കാൻ കേരളം സജ്ജമാണെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കിയത്.
''അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാറാകും. അതു തന്നെയാണ് നമ്മുടെ ഫുട്ബോളിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം''- ഇങ്ങനെയായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Watch Video Report
Adjust Story Font
16