ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് വെറുതെയായി; അൽവാരോ ഇന്ത്യ വിട്ടു
2021-22 സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായിരുന്നു വാസ്‌ക്വസ്
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരം അൽവാരോ വാസ്‌ക്വസ് ഐഎസ്എൽ വിട്ടു. താരവുമായുള്ള കരാർ പരസ്പര ധാരണയോടെ അവസാനിപ്പിച്ചതായി എഫ്‌സി ഗോവ അറിയിച്ചു. ഈ സീസണിൽ മറ്റൊരു ഇന്ത്യൻ ക്ലബുമായി അൽവാരോ കരാറിലേർപ്പെടില്ല. സ്‌പെയിനിലേക്കാണ് താരത്തിന്റെ ചേക്കേറ്റം.
കേരള ബ്ലാസ്‌റ്റേഴ്‌സിലെ തകർപ്പൻ സീസണു ശേഷം ഗോവയിലെത്തിയ അൽവാരോയ്ക്ക് അവിടെ ശോഭിക്കാനായിരുന്നില്ല. താരത്തെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആരാധക ആവശ്യവും ശക്തമായിരുന്നു. എന്നാൽ ഈ സാധ്യതകളെല്ലാം തള്ളിയാണ് അൽവാരോ സ്‌പെയിനിലേക്ക് പോകുന്നത്. ലാലീഗയിലെ സെക്കൻഡ് ഡിവിഷൻ ടീമായ എസ്.ഡി പോൻഫെറാഡിന ക്ലബാണ് താരത്തെ നോട്ടമിട്ടിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.
2021-22 സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായിരുന്ന വാസ്‌ക്വസ് 28 കളികളിൽനിന്ന് എട്ടു ഗോളുകൾ നേടിയിട്ടുണ്ട്. ഗോവയ്ക്കായി 17 കളികളിൽ ഒരു ഗോളേ നേടാനായുള്ളൂ. കഴിഞ്ഞ സീസണിൽ പല കളികളിലും താരം ആദ്യ ഇലവനിലുണ്ടായിരുന്നില്ല. മുന്നേറ്റ നിരയിൽ ദിമിത്രിയോസ് ഡയമന്റകോസിന് ഒത്ത പങ്കാളിയായി അൽവാരോയെ തിരിച്ചുകൊണ്ടു വരണം എന്ന ആവശ്യം ആരാധകർക്കിടയിൽ നിന്നുയർന്നിരുന്നു.
അതിനിടെ, വിദേശ സ്‌ട്രൈക്കർക്കായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ അന്വേഷണം തുടരുകയാണ്. സ്പാനിഷ് ക്ലബ്ബായ എസ്.ഡി ഐബറിൽ കളിക്കുന്ന അർജന്റീനൻ താരം ഗുസ്താവോ ബ്ലാങ്കോയ്ക്കു വേണ്ടി കേരള ക്ലബ് വലയെറിഞ്ഞിട്ടുണ്ടെങ്കിലും യാഥാർത്ഥ്യമാകാൻ ഇടയില്ല. ഏഷ്യൻ കോട്ടയിൽ ഒരു ആസ്‌ത്രേലിയൻ ദേശീയ താരത്തിനു വേണ്ടിയും ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16