Quantcast

ബ്രസീലിനെ 4-1 ന് മുക്കി ലോകകപ്പ് യോഗ്യത രാജകീയമാക്കി അർജന്റീന

സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ലോകചാമ്പ്യന്മാർ ജയിച്ചു കയറിയത്.

MediaOne Logo

André

  • Updated:

    26 March 2025 2:34 AM

Published:

26 March 2025 2:08 AM

ബ്രസീലിനെ 4-1 ന് മുക്കി ലോകകപ്പ് യോഗ്യത രാജകീയമാക്കി അർജന്റീന
X

ബ്യൂണസ് അയേഴ്‌സ്: ചിരവൈരികളായ ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് ലോക ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതിൽ ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റർ എന്നിവരും രണ്ടാം പകുതിയിൽ ജൂലിയാനോ സിമിയോണിയും ആതിഥേയർക്കു വേണ്ടി ഗോളുകൾ നേടിയപ്പോൾ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും അർജന്റീനയും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചതിനാൽ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കൻ മേഖലയിൽ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അർജന്റീന മാറിയിരുന്നു. അർജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അർജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലിൽ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവർ നാലാം മിനുട്ടിൽ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയൻ അൽവാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടിൽ മധ്യനിര താരം എൻസോ ഫെർണാണ്ടസ് ലീഡുയർത്തി. ഇത്തവണയും ബ്രസീൽ പ്രതിരോധത്തിന്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയർ ചെയ്യുന്നതിൽ ഡിഫന്റർക്ക് പിഴച്ചപ്പോൾ പന്തെത്തിയത് ഓടിക്കയറിയ എൻസോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26-ാം മിനുട്ടിൽ അർജന്റീന ഡിഫന്റർ ക്രിസ്റ്റിയൻ റൊമേറോയുടെ കാലിൽ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോൾ മടക്കിയത് ബ്രസീലിന് പുത്തനുണർവ് പകർന്നു. അതുവരെ വലിയ നീക്കങ്ങൾക്ക് നടത്താതിരുന്ന അവർ ഉണർന്നു കളിക്കാൻ തുടങ്ങി. എന്നാൽ പ്രതിരോധ മികവിൽ അർജന്റീന എതിരാളികൾക്ക് അവസരങ്ങൾ നൽകിയില്ല. 32-ാം മിനുട്ടിൽ എൻസോ ഫെർണാണ്ടസ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് ഗോൾകീപ്പറുടെ തൊട്ടുമുന്നിൽ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റർ രണ്ടുഗോൾ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയിൽ ബ്രസീൽ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അർജന്റീനയുടെ പരിചയസമ്പത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71-ാം മിനുട്ടിൽ സീറോ ആംഗിളിൽ നിന്നുള്ള തകർപ്പൻ ഗോൾ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.

TAGS :

Next Story