ലോകകപ്പ് യോഗ്യത; ലാസ്റ്റ് മിനിറ്റ് ത്രില്ലറിൽ ബ്രസീൽ, അർജന്റീനയെ സമനിലയിൽ തളച്ച് വെനസ്വേല
ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബ്രസീൽ തിരിച്ചുവരവ് നടത്തിയത്.
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനക്ക് സമനില. വെനെസ്വേലയാണ് ചാമ്പ്യൻമാരെ കുരുക്കിയത്(1-1). 13ാം മിനിറ്റിൽ നിക്കോളാസ് ഒട്ടമെൻഡിയിലൂടെ മുന്നിലെത്തിയെങ്കിലും 65ാം മിനിറ്റിൽ സാലോമോൺ റോൺഡോൺ വെസ്വേലക്കായി സമനിലനേടികൊടുത്തു. ലയണൽ മെസി കളിച്ചിട്ടും നീലപടക്ക് വിജയിക്കാനായില്ല. യെഫോഴ്‌സൺ സോറ്റെൽഡോയുടെ ക്രോസിൽ തകർപ്പൻ ഹെഡറിലൂടെയാണ് സാലോമോൺ വെനസ്വേലക്ക് സമനില സമ്മാനിച്ചത്. മഴയിൽ കുതിർന്ന മത്സരത്തിൽ പാസിംഗ് കൃത്യത ലഭിക്കാതിരുന്നത് അർജന്റീനക്ക് തിരിച്ചടിയായി. സമനിലയായെങ്കിലും ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ 9 കളികളിൽ 19 പോയന്റുമായി അർജൻറീന തന്നെയാണ് മുന്നിൽ.
മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ബ്രസീൽ അവസാന മിനിറ്റിലെ ഗോളിൽ ചിലിയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കാനറിപടയുടെ വിജയം. ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം മിനിറ്റിൽ എഡ്വേർഡോ വർഗാസിന്റെ ഗോളിലൂടെ ചിലി ബ്രസീലിനെ ഞെട്ടിച്ചു.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇഗോർ ജീസസ് ബ്രസീലിന് സമനില ഗോൾ നേടികൊടുത്തു. 89-ാം മിനിറ്റിൽ ലൂയിസ് ഹെൻറിക്വെ ആണ് വിജയ ഗോൾ നേടിയത്.ജയത്തോടെ ലാറ്റിനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ ബ്രസീൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. മറ്റൊരു കളിയിൽ കൊളംബിയ ബൊളീവിയയോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബൊളീവിയയുടെ ജയം. 58-ാം മിനിറ്റിൽ മിഗ്വേൽ ടെർസെറോസ് ആണ് ബൊളീവിയയുടെ വിജയഗോൾ നേടിയത്.
Adjust Story Font
16