ഏഷ്യൻ കപ്പ്: ആസ്‌ത്രേലിയയെ വീഴ്ത്തി ദക്ഷിണ കൊറിയ സെമിയിൽ
2-1 നാണ് ദക്ഷിണ കൊറിയയുടെ വിജയം
ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ആസ്‌ത്രേലിയയെ വീഴ്ത്തി ദക്ഷിണ കൊറിയ സെമിയിൽ. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 2-1 നാണ് കൊറിയയുടെ വിജയം. ഹ്വാങ് ഹീ-ചാൻ, സൺ ഹ്യൂങ്-മിൻ എന്നിവരാണ് കൊറിയക്കായി ഗോൾ നേടിയത്. ആസ്‌ത്രേലിയക്കായി ക്രെയ്ഗ് ഗുഡ്‌വിൻ (42) ഗോൾ നേടി.
ആദ്യം ലീഡ് നേടിയത് കംഗാരുപ്പടയായിരുന്നു. എന്നാൽ 96, 104 മിനിട്ടുകളിൽ കൊറിയൻ പട ആസ്‌ത്രേലിയൻ വല കുലുക്കി ഗംഭീര തിരിച്ചുവരവ് നടത്തി. ഇതോടെ ടീം സെമി ഫൈനലിലുമെത്തി. സെമിയിൽ ജോർദനെയാണ് കൊറിയ നേരിടുക. ഫെബ്രുവരി ആറിനാണ് സെമി ഫൈനൽ.
ഫെബ്രുവരി ഏഴിന് നടക്കുന്ന രണ്ടാം സെമി ഫൈനൽ ലക്ഷ്യമിട്ട് ആതിഥേയരായ ഖത്തർ നാളെ ക്വാർട്ടർ ഫൈനൽ കളിക്കാനിറങ്ങും. ഉസ്ബെകിസ്താനാണ് എതിരാളികൾ. ഖത്തർ സമയം വൈകിട്ട് 6.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.ജപ്പാനും ഇറാനും തമ്മിലാണ് മറ്റൊരു ക്വാർട്ടർ ഫൈനൽ. ഈ മത്സരം തുല്യശക്തികളുടെ പോരാട്ടമാണ്. കണക്കിലും കളിയിലുമൊക്കെ തുല്യർ. വൈകിട്ട് രണ്ടരയ്ക്ക് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ടൂർണമെന്റിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സംഘമാണ് ഖത്തറിന്റേത്. ഗ്രൂപ്പ് ഘട്ടത്തിലെ സമ്പൂർണ വിജയത്തിന് പിന്നാലെ പ്രീക്വാർട്ടറിൽ ഫലസ്തീനായിരുന്നു എതിരാളി. കാര്യമായ വെല്ലുവിളി ഇല്ലാതെ ആ കടമ്പയും അവർ കടന്നു. മുന്നേറ്റ നിരയിൽ അക്രം അഫീഫും ഹസൻ ഹൈദോസും ഗോൾ കണ്ടെത്തുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്നു. മറുവശത്ത് യുവത്വത്തിന്റെ കരുത്തിൽ അപ്രതീക്ഷിത കുതിപ്പാണ് ഉസ്ബെകിസ്താൻ നടത്തുന്നത്. ഏഷ്യൻ യൂത്ത് കിരീടം നേടിയ ടീമിലെ ഹീറോ ഫൈസുല്വേവിന്റെ ചുമലിലേറിയാണ് കുതിപ്പ്.
Adjust Story Font
16