'അയാള്‍ക്ക് വേണ്ടി ഒരാള്‍ പോലും വോട്ട് ചെയ്തില്ല'; ക്രിസ്റ്റ്യാനോയെ ബയേണിന് വേണ്ടാതായതിന്‍റെ കാരണം പറഞ്ഞ് സ്പോര്‍ട്ടിങ് ഡയറക്ടര്‍
റോബര്‍ട്ടോ ലെവന്‍ഡോവ്‍സ്കി ബാഴ്സയിലേക്ക് ചേക്കേറിയ സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ ടീമിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു
യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്ന ലക്ഷ്യത്തോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ സീസണില്‍ മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ ലോകത്തെ മികച്ച ക്ലബ്ബുകളില്‍ പലതും താരത്തിനായി ഇതുവരേ താല്‍പ്പര്യം കാണിച്ചിട്ടില്ല. ക്രിസ്റ്റ്യാനോയെ റാഞ്ചാന്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്നത് ജര്‍മന്‍ ക്ലബ്ബുകളായ ബയേണ്‍ മ്യൂണിക്കും ബൊറൂഷ്യ ഡോട്മുണ്ടുമായിരുന്നു.
ബയേണ്‍ ഗോളടിയന്ത്രം റോബര്‍ട്ടോ ലെവന്‍ഡോവ്‍സ്കി ബാഴ്സയിലേക്ക് ചേക്കേറിയ സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ ടീമിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ തങ്ങളുടെ പദ്ധതിയിൽ ക്രിസ്റ്റ്യാനോ ഇല്ലെന്ന് വ്യക്തമാക്കി ബയേൺ ഡയറക്ടർ ഹസൻ സാലിഹ് മിജിക് രംഗത്ത് വന്നതോടെ ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇപ്പോളിതാ ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഹസന്‍ സാലിഹ്.
ടീമിലെ മുഴുവന്‍ അംഗങ്ങളുടേയും അഭിപ്രായം കണക്കിലെടുത്താണ് റൊണാള്‍ഡോയെ ടീമിലെത്തിക്കുന്നതില്‍ നിന്ന് പിന്മാറിയത് എന്ന് ഹസന്‍ സാലിഹ് പറഞ്ഞു. ലെവന്‍ഡോവ്സ്‍കി ടീമില്‍ നിന്ന് പോയത് ടീമിന്‍റെ മുന്നേറ്റത്തെ ബാധിച്ചിരുന്നില്ലെന്നും മുന്നേറ്റ നിരയില്‍ ടീമിന് നിരവധി പകരക്കാരുണ്ടായിരുന്നെന്നും സാലിഹ് വ്യക്തമാക്കി.
"ലവന്‍ഡോവ്‍സ്കി ഇല്ലാതെ തന്നെ ഞങ്ങളുടെ മുന്നേറ്റ നിര ശക്തമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ റൊണാള്‍ഡോയെ ടീമിലെത്തിക്കേണ്ടതില്ലായിരുന്നു. മുന്നറ്റ നിരയില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ എട്ട് താരങ്ങളുണ്ട്. അവര്‍ക്ക് അവസരം കൊടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നി. അതിനാല്‍ തന്നെ അദ്ദേഹത്തെ ടീമിലെത്തിക്കുന്നതിനെതിരെ എല്ലാവരും വോട്ട് ചെയ്തു" - ഹസന്‍ സാലിഹ് പറഞ്ഞു
ഇറ്റാലിയൻ ക്ലബ്ബ് യുവന്‍റസ് വിട്ട് മാഞ്ചസ്റ്ററിലെത്തിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണിനു ശേഷം ക്ലബ്ബ് മാറാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുനൈറ്റഡിന് ഇത്തവണ ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയില്ലെന്നതായിരുന്നു ഇതിന് കാരണം. ബയേൺ മ്യൂണിക്ക്, പി.എസ്.ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, അത്‌ലറ്റികോ മാഡ്രിഡ്, എ.സി മിലാൻ, ഇന്‍റര്‍ മിലാൻ തുടങ്ങിയ ക്ലബ്ബുകളുമായി താരത്തിന്‍റെ ഏജന്‍റ് ചർച്ച നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.
കഴിഞ്ഞയാഴ്ചയാണ് ക്രിസ്റ്റ്യാനോ ബൊറൂഷ്യ ഡോട്മുണ്ടിലേക്കും ഇല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് . ക്രിസ്റ്റ്യാനോയുടെ ഏജന്റ് ജോർജ് മെൻഡസ് ഡോട്മുണ്ടുമായി ചർച്ചകൾ ആരംഭിച്ചെങ്കിലും 37-കാരനായ താരത്തിന്റെ പ്രായവും ഉയർന്ന ശമ്പളവും ജർമൻ ക്ലബ്ബിനെ പിന്തിരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ, ഈ സീസണിൽ താരം മാഞ്ചസ്റ്ററിൽ തന്നെ കാണുമെന്നും ചാമ്പ്യൻസ് ലീഗിന് ഉണ്ടാവില്ലെന്നും ഏറെക്കുറെ ഉറപ്പായി.
ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള അവസാന ശ്രമമെന്ന നിലയ്ക്ക് ക്രിസ്റ്റ്യാനോയുടെ ഏജന്റ് ഡോട്മുണ്ടിനെ സമീപിച്ച കാര്യം ജർമൻ മാധ്യമം 'ബിൽഡ്' ആണ് റിപ്പോർട്ട് ചെയ്തത്. പോർച്ചുഗീസ് താരം ആവശ്യപ്പെടുന്ന ശമ്പളം നൽകാനാവില്ലെന്ന് ഡോട്മുണ്ട് മാനേജ്‌മെന്റ് നിലപാടെടുത്തെങ്കിലും കോച്ച് എഡിൻ ടെർസിച്ച് അനുകൂലമായി പ്രതികരിച്ചത് ട്രാൻസ്ഫർ സാധ്യത ശക്തമാക്കിയിരുന്നു. അസുഖ ബാധിതനായ സ്‌ട്രൈക്കർ സെബാസ്റ്റ്യൻ ഹാളർക്കു പകരക്കാരനായാണ് ടെർസിച്ച് ക്രിസ്റ്റ്യാനോയെ കണ്ടിരുന്നത്.
Adjust Story Font
16