വിനീഷ്യസിനെതിരെ വംശീയാധിക്ഷേപം: സ്പാനിഷ് അംബാസഡറെ വിളിച്ച് പ്രതിഷേധമറിയിച്ച് ബ്രസീൽ ഭരണകൂടം
സ്പാനിഷ് ഭരണകൂടത്തിനും സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ-ലാ ലിഗ വൃത്തങ്ങൾക്കും ഔദ്യോഗിക പരാതി കൈമാറുമെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു
ബ്രസീലിയ: റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാതിക്രമങ്ങളിൽ പ്രതിഷേധവുമായി ബ്രസീൽ ഭരണകൂടം. ബ്രസീലിലെ സ്പാനിഷ് അംബാസഡറെ വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. സ്പാനിഷ് ഭരണകൂടത്തിനും ലാ ലിഗ അധികൃതർക്കും ഔദ്യോഗികമായി പരാതി നൽകുമെന്നും ബ്രസീൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്പാനിഷ് അംബാസഡർ സ്ഥലത്തില്ലെങ്കിലും ടെലഫോൺ മുഖേന അവരെ വിളിച്ച് സംഭവത്തിൽ സർക്കാരിന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. (വിനീഷ്യസിനെതിരായ) നിരന്തര വംശീയ ആക്രമണങ്ങൾ പ്രതിഷേധാർഹമാണ്. സംഭവത്തിൽ ആവശ്യമായ നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റേഷ്യൽ ഈക്വാലിറ്റി മന്ത്രി ആന്യേൽ ഫ്രാങ്കോ സ്പാനിഷ്-ലാ ലിഗ വൃത്തങ്ങൾക്ക് നേരിട്ട ഔദ്യോഗിക പരാതി കൈമാറുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. സംഭവത്തില്‍ ഫുട്ബോള്‍ ലോകത്ത് വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബ്രസീല്‍ ഭരണകൂടത്തിന്‍റെ നടപടി.
വിനീഷ്യതിനെതിരായ വംശീയാധിക്ഷേപത്തെ നേരത്തെ ബ്രസീൽ പ്രസിഡന്റ് ലൂലാ ഡ സിൽവ അപലപിച്ചിരുന്നു. ഇത്തരം വംശീയാതിക്രമങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഒരു നടപടിയും സ്വീകരിക്കാത്തത് ആശങ്കപ്പെടുത്തുന്നതാണെന്ന് വാർത്താകുറിപ്പിൽ പ്രതികരിച്ചു. കുറ്റവാളികളെ ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ നടപടിയെടുക്കുകയും വേണെന്ന് സ്പാനിഷ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഫിഫയോടും സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ, ലാ ലിഗ വൃത്തങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും ബ്രസീൽ ഭരണകൂടം വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം വലൻസിയയ്‌ക്കെതിരായ റയലിന്റെ തോൽവിക്കു പിന്നാലെയാണ് വിനീഷ്യസ് കടുത്ത വംശീയാധിക്ഷേപം നേരിട്ടത്. കുരങ്ങുവിളി മുതൽ അറപ്പുളവാക്കുന്ന പരാമർശങ്ങളുമായാണ് വലൻസിയ ആരാധകർ താരത്തെ വരവേറ്റത്. മത്സരശേഷം കരഞ്ഞുകൊണ്ടാണ് വിനീഷ്യസ് കളംവിട്ടത്.
സംഭവത്തിൽ വിനീഷ്യസ് തന്നെ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. പണ്ട് റൊണാൾഡീഞ്ഞോയുടെയും റൊണാൾഡോയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മെസിയുടെയുമെല്ലാം പേരിൽ അറിയപ്പെട്ട ലീഗാണ് ലാ ലിഗ. ഇപ്പോൾ വംശീയവാദികളുടെ ലീഗാണിതെന്ന് താരം തുറന്നടിച്ചു. ഇപ്പോൾ ബ്രസീലിൽ വംശീയവാദികളുടെ രാജ്യമായാണ് സ്പെയിൻ അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ, ഓരോ ആഴ്ചയും ഇതിങ്ങനെ സംഭവിക്കുമ്പോൾ രാജ്യത്തെ പ്രതിരോധിക്കാൻ താൻ അശക്തനാണെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തു.
വിനീഷ്യസിനെതിരായ വംശീയാധിക്ഷേപത്തിൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ(സി.ബി.എഫ്) രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. 'ഇനിയും എത്രകാലം ഇത് അനുഭവിക്കണം? 21-ാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഇത്തരം സംഭവങ്ങൾക്കു സാക്ഷിയാകേണ്ടിവരുന്നു. വംശീയത നിലനിൽക്കുന്നിടത്ത് സന്തോഷമില്ല. വംശീയമായ ക്രൂരതകളെ എത്രകാലം മനുഷ്യകുലം ഇങ്ങനെ കാഴ്ചക്കാരെപ്പോലെ നോക്കിൽക്കും'- സി.ബി.എഫ് പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് ചോദിച്ചു. എല്ലാ ബ്രസീലുകാരും ഒപ്പമുണ്ടെന്ന് റോഡ്രിഗസ് താരത്തിന് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ലാ ലിഗ പ്രതികരിച്ചത്. കുറ്റകൃത്യം കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ലാ ലിഗ വൃത്തങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Summary: Brazil protests to Spain over racist attack against the Real Madrid star Vinicius Jr.
Adjust Story Font
16