Quantcast

നൈറ്റ്ക്ലബിൽ ലൈംഗികാതിക്രമം: ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവ്സ് ബാഴ്‌സലോണ പൊലീസ് കസ്റ്റഡിയിൽ

ഡാനി ആൽവ്‌സ് അതിക്രമം നടത്തിയെന്ന് കാണിച്ച് ജനുവരി രണ്ടിനാണ് യുവതി പരാതി നൽകിയതെന്നു പൊലീസ്

MediaOne Logo

Sports Desk

  • Published:

    20 Jan 2023 12:53 PM GMT

Brazilian footballer Dani Alves
X

Brazilian footballer Dani Alves

ബാഴ്‌സലോണ: ലൈംഗികാതിക്രമക്കേസിൽ കുറ്റാരോപിതനായ ബ്രസീൽ ഡിഫൻഡർ ഡാനി ആൽവ്സ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ. ബാഴ്‌സലോണയിലെ നൈറ്റ് ക്ലബിൽ വെച്ച് കഴിഞ്ഞ ഡിസംബറിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വെള്ളിയാഴ്ചയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ബാഴ്‌സലോണ പൊലീസ് സ്‌റ്റേഷനിൽ നിന്ന് 39 കാരന് സമൻസയക്കുകയായിരുന്നുവെന്നും ജഡ്ജിയുടെ നേതൃത്വത്തിൽ താരത്തെ ചോദ്യം ചെയ്യുമെന്നും കാറ്റലോണിയയിലെ പ്രാദേശിക പൊലീസ് സേന വക്താവ് മോസ്സസ് ഡി എസ്‌ക്വാഡ്ര അറിയിച്ചു. ഡാനി ആൽവ്‌സ് അതിക്രമം നടത്തിയെന്ന് കാണിച്ച് ജനുവരി രണ്ടിനാണ് യുവതി പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു.

ബാഴ്‌സലോണയിലെ പ്രശസ്ത നൈറ്റ് ക്ലബിൽ ഡിസംബർ 30-31 അർധ രാത്രിയിലാണ് സംഭവം നടന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ നൈറ്റ്ക്ലബിൽ താനുണ്ടായിരുന്നുവെങ്കിലും ആരോപിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്ന് ഡാനി ആൽവ്‌സ് പറഞ്ഞു. ആരോപണമുന്നയിച്ച സ്ത്രീയെ ഇതിന് മുമ്പ് കണ്ടിട്ടേയില്ലെന്നും സ്പാനിഷ് ചാനലായ അന്റെന 3 യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു.

'ഞാൻ ആ സ്ഥലത്ത് ഉണ്ടായിരുന്നു, നിരവധി പേരോടൊപ്പം ആനന്ദിക്കുകയായിരുന്നു. എനിക്ക് ഡാൻസ് ഇഷ്ടമാണെന്ന് എല്ലാവർക്കുമറിയാം. അതിനാൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഞാൻ എന്റെ ഇഷ്ടം ചെയ്യുകയായിരുന്നു' ബാഴ്‌സലോണയുടെയും യുവാൻറസിന്റെയും മുൻ താരം കൂടിയായ ഡാനി പറഞ്ഞു.

നിലവിൽ മെക്‌സികൻ ക്ലബായ പുമാസ് ഉനമിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഖത്തറിൽ നടന്ന ലോകകപ്പിൽ ബ്രസീലിന് വേണ്ടി കളിച്ച ശേഷം ബാഴ്‌സലോണയിൽ അവധിക്കാലം ചെലവഴിക്കുകയായിരുന്നു. താരത്തിനെതിരെയുള്ള കേസിൽ അന്വേഷണം തുടങ്ങിയതായി ഈ മാസമാദ്യത്തിൽ ബാഴ്‌സലോണ കോടതി അറിയിച്ചിരുന്നു.

Brazilian footballer Dani Alves in Barcelona police custody in nightclub molestation case

TAGS :

Next Story