റൊണാള്‍ഡോയുടെ നിഴലില്‍ നിറംമങ്ങി ബ്രൂണോ ഫെര്‍ണാണ്ടസ്; പോര്‍ച്ചുഗലിന് തിരിച്ചടിയാകുമോ?
ക്ലബ് തലത്തിലെ പ്രധാന കളിക്കാരനില്‍ നിന്നും ദേശീയ ടീമിലെ അപ്രധാന സ്ഥാനത്തേക്ക് നിറംമങ്ങുമ്പോള്‍ ഫെര്‍ണാന്‍ഡസിന്‍റെ പ്രകടനത്തെയും അത് പ്രതികൂലമായി ബാധിക്കുന്നത് നമുക്ക് കാണാം
ഇതുവരെ യൂറോ 2021 പോര്‍ചുഗല്‍ മിഡ് ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാന്‍ഡസിനെ സംബന്ധിച്ചെടുത്തോളം അത്രകണ്ട് അഭിമാനകരമായ ഒരു ടൂര്‍ണമെന്‍റല്ല. ഗ്രൂപ്പ് എഫില്‍ ഹങ്കറിക്കെതിരെയും ജര്‍മനിക്കെതിരെയുമുള്ള പ്രകടനത്തിന്‍റെ വെളിച്ചത്തില്‍, ഫെര്‍ണാന്‍റസിന് തന്‍റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല എന്നത് വ്യക്തമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മിന്നും ഫോമില്‍ നിന്നും പോര്‍ച്ചുഗലിലെ നിറംമങ്ങിയ പ്രകടനത്തിലേക്ക് താരത്തെ എത്തിച്ചത് നായകനും പോര്‍ച്ചുഗലിന്‍റെ കുന്തമുനയുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്ക് കളി കൂടുതല്‍ കേന്ദ്രീകൃതമാകുന്നതുകൊണ്ടാണെന്നാണ് ഫുട്ബോള്‍ വിദഗ്ദരുടെ നിരീക്ഷണം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഓലേ ഗണ്ണര്‍ സോൾഷ്യാറിന്‍റെ തുറുപ്പുചീട്ടാണ് ബ്രൂണോ ഫെര്‍ണാന്‍ഡസ്. കഴിഞ്ഞ പ്രീമിയര്‍ ലീഗില്‍ 18 ഗോളുകളും 12 അസിസ്റ്റുകളും ഫെര്‍ണാന്‍ഡസ് നേടിയിരുന്നു. യുണൈറ്റഡിനായി ബൂട്ടണിഞ്ഞ 51 മത്സരങ്ങളില്‍ നിന്നും 26 ഗോളുകളും 19 അസിസ്റ്റുകളും അദ്ദേഹം നേടി. ചുരുക്കത്തില്‍ യുണൈറ്റഡിന്‍റെ ഹൃദയഭാഗത്താണ് ഇപ്പോള്‍ ഫെര്‍ണാന്‍ഡസ്. അദ്ദേഹത്തിന്‍റെ സ്ഥിരതയാർന്ന കഴിവിനെ യുണൈറ്റഡ് അവിശ്വസനീയമാംവിധം ആശ്രയിക്കുന്നു.
പക്ഷെ പോര്‍ച്ചുഗലിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ തലകീഴ്മറിയുന്നു. അതിന് പ്രധാന കാരണം, പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ്. പോര്‍ച്ചുഗല്‍ ടീമിന്‍റെ കളി റൊണാള്‍ഡോയില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് രൂപീകരിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്. യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് പ്ലാറ്റിനിയെ പിന്തള്ളി റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.
റൊണാള്‍ഡോയെ കേന്ദ്രീകരിച്ച് കളി മെനയുന്നതിലൂടെ നിഴലിലായ ആദ്യത്തെ താരമല്ല ഫെര്‍ണാന്‍ഡസ്. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുണ്ടായിരുന്ന കാലത്ത് വെയിന്‍ റൂണിയും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സര്‍ അലക്സ് ഫെര്‍ഗൂസന്‍ റൂണിയെ പലപ്പോഴും റൊണാള്‍ഡോക്ക് പ്രതിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുകയും അറ്റാക്കിങ്ങില്‍ ശ്രദ്ധ കുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്ന് യുണൈറ്റഡില്‍ റൂണി എന്താണോ ചെയ്തത്, അതുതന്നെയാണ് പോര്‍ച്ചുഗലില്‍ ഫെര്‍ണാന്‍ഡസും ചെയ്യുന്നത്.
ക്ലബ് തലത്തിലെ പ്രധാന കളിക്കാരനില്‍ നിന്നും ദേശീയ ടീമിലെ അപ്രധാന സ്ഥാനത്തേക്ക് നിറംമങ്ങുമ്പോള്‍ ഫെര്‍ണാന്‍ഡസിന്‍റെ പ്രകടനത്തെയും അത് പ്രതികൂലമായി ബാധിക്കുന്നത് നമുക്ക് കാണാം. വിജയം കൊയ്ത ഹങ്കറിക്കെതിരായ മത്സരത്തിലും പരാജയപ്പെട്ട ജര്‍മനിക്കെതിരായ മത്സരത്തിലും പോര്‍ച്ചുഗലിനായി ഫെര്‍ണാന്‍ഡസിന് ഒന്നുംതന്നെ ചെയ്യാന്‍ സാധിച്ചിട്ടില്ല. രണ്ട് കളികളിലുമായി 153 മിനിറ്റ് കളത്തിലുണ്ടായിരുന്നെങ്കിലും ഒരു ഗോളോ അസിസ്റ്റോ അദ്ദേഹത്തിന് ലഭിച്ചില്ല. ഹങ്കറിക്കെതിരെ ലക്ഷ്യം കാണാതെ പോയ രണ്ട് ഗോള്‍ ശ്രമങ്ങളല്ലാതെ യൂറോ കപ്പില്‍ ബ്രൂണോ ഫെര്‍ണാന്‍ഡസ് ഒരു നിറം മങ്ങിയ താരമായി മാറിക്കൊണ്ടിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഐക്കണിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് പോര്‍ച്ചുഗല്‍ കളിയിലെ തന്ത്രങ്ങള്‍ മെനയുന്നതും മുന്നേറ്റങ്ങള്‍ നടത്തുന്നതും. ഏതെങ്കിലും കാരണങ്ങള്‍കൊണ്ട് അദ്ദേഹത്തിന് തന്‍റെ മിന്നുന്ന ഫോം തുടരാനായില്ലെങ്കില്‍ അത് ടീമിന്‍റെ മുഴുവന്‍ പ്രകടനത്തേയും ബാധിച്ചേക്കാം. ഇത് ഫ്രാന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ പോര്‍ച്ചുഗലിന് തിരിച്ചടിയാകുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
Adjust Story Font
16