'അർജന്‍റീന-ഫ്രാൻസ് ലോകകപ്പ് ഫൈനൽ കണ്ടിട്ടില്ല'; വെളിപ്പെടുത്തലുമായി കാസെമിറോ
''എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾക്കാണ്, ലിച്ചയ്ക്കാണ് കിരീടം ലഭിച്ചത്. എന്റെ സുഹൃത്തുക്കളിൽനിന്ന് ആ കിരീടം അർഹിച്ച ആരെങ്കിലുമുണ്ടെങ്കിൽ അത് ലിസാന്ദ്രോയായിരുന്നു.''
കാസെമിറോ
ലണ്ടൻ: ലയണൽ മെസിയും സംഘവും കിരീടമണിഞ്ഞ 2022 ലോകകപ്പ് ഫൈനൽ കണ്ടിട്ടില്ലെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്-ബ്രസീൽ മധ്യനിര താരം കാസെമിറോ. എന്നാൽ, ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവരെല്ലാം സൂപ്പർ താരം ലയണൽ മെസിയെ ഇഷ്ടപ്പെടുമെന്ന് താരം പറഞ്ഞു.
ബ്രസീൽ സ്‌പോർട്‌സ് മാസികയായ 'പ്ലക്കാറി'നു നൽകിയ അഭിമുഖത്തിലാണ് കാസെമിറോയുടെ വെളിപ്പെടുത്തൽ. ഫൈനലിൽ അർജന്റീനയെ പിന്തുണച്ചിരുന്നോ എന്ന ചോദ്യത്തോട് താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
'ഇല്ല, ഉള്ളതു പറഞ്ഞാൽ ഫൈനൽ ഞാൻ കണ്ടിട്ടു തന്നെയില്ല. ഞങ്ങളുടെ തോൽവിക്കുശേഷം ഒരു മാസത്തോളം ഞാൻ ഒറ്റ ഫുട്‌ബോൾ മത്സരവും കണ്ടിരുന്നില്ല. ടെലിവിഷൻ ഓണാക്കിയതു പോലുമില്ല. ഏറെ വേദന നിറഞ്ഞ അനുഭവമായിരുന്നു അത്. ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുന്നതു തന്നെ നിർത്തി. (യുനൈറ്റഡിനുവേണ്ടി) കളിക്കേണ്ടിവന്നെങ്കിലും പ്രയാസകരമായിരുന്നു അത്. ലോകകപ്പിനെക്കുറിച്ച് ആരോടും സംസാരിച്ചതേയില്ല'-കാസെമിറോ വെളിപ്പെടുത്തി.
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾക്കാണ്, ലിച്ചയ്ക്കാണ്(ലിസാന്ദ്രോ മാർട്ടിനെസ്) കിരീടം ലഭിച്ചത്. എല്ലാ ആദരത്തോടെയും അഭിനന്ദനങ്ങളോടെയും ഞാനവനെ പ്രശംസിക്കുന്നു. എന്റെ സുഹൃത്തുക്കളിൽനിന്ന് ആ കിരീടം അർഹിച്ച ആരെങ്കിലുമുണ്ടെങ്കിൽ അത് ലിസാന്ദ്രോയായിരുന്നു-കാസെമിറോ മനസ്സുതുറന്നു.
'മറഡോണയോ പെലെയോ കളിക്കുന്നത് കാണാൻ എനിക്കായിട്ടില്ല. എന്നാൽ, എന്റെ തലമുറയിലെ മൂന്ന് മഹാതാരങ്ങൾ കളിക്കുന്നത് കാണാനായിട്ടുണ്ട്. മെസിയും ക്രിസ്റ്റിയാനോയും നെയ്മറുമാണവർ.'
മെസി ഒരു യുഗമാണ് സൃഷ്ടിച്ചത്. ബാഴ്‌സലോണയിലും അർജന്റീനയിലുമെല്ലാം എപ്പോഴും മികച്ച പ്രകടനമായിരുന്നു. എല്ലാം അസാധാരണവുമായിരുന്നു. ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവരെല്ലാം മെസിയെയും ഇഷ്ടപ്പെടും. മെസിക്കെതിരെ കളിക്കാനായത് സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ല, അഭിനന്ദിക്കാനേയുള്ളൂ-കാസെമിറോ കൂട്ടിച്ചേർത്തു.
Summary: I didn't watch the 2022 FIFA World Cup final between Argentina and France: Casemiro reveals
Adjust Story Font
16