Quantcast

ചെൽസിയിൽ തീർത്ത അത്ഭുതം ദേശീയ ടീമിലും തുടരുമോ; ടുഹേലിന് മുന്നിൽ കടമ്പകളേറെ

19 മാസത്തിനിടെ ചാമ്പ്യൻസ് ലീഗും ക്ലബ് ലോകകപ്പും സൂപ്പർകപ്പും സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിച്ച പരിശീലകനാണ് ടുഹേൽ

MediaOne Logo

Sports Desk

  • Updated:

    2024-10-22 14:01:27.0

Published:

22 Oct 2024 2:00 PM GMT

Will the miracle done at Chelsea continue in the national team? Tuhale has many hurdles ahead of him
X

'എഴുതേണ്ടിവന്നതിൽ വെച്ച് ഏറ്റവും പ്രയാസമേറിയ പ്രസ്താവനകളിൽ ഒന്നാണിത്. ചെൽസിയിൽ എന്റെ സമയം അവസാനിച്ചെന്നറിഞ്ഞപ്പോൾ ആകെ തകർന്നുപോയി. തൊഴിൽപരമായും വ്യക്തിപരമായും സ്വന്തം വീടുപോലെ കണ്ടിരുന്ന ക്ലബായിരുന്നു. ഈ ക്ലബിന്റെ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. കഴിഞ്ഞ 19 മാസത്തെ ഓർമകൾക്ക് എപ്പോഴും എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടാകും'. ഇംഗ്ലീഷ് ക്ലബ് ചെൽസി പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെ അതിവൈകാരികമായാണ് തോമസ് ടുഹേൽ പ്രതികരിച്ചത്. ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർകപ്പും ക്ലബ് ലോകകപ്പും സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിച്ച മാനേജറുടെ പടിയിറക്കം ചെൽസി ആരാധകരെയും ഞെട്ടിക്കുന്നതായിരുന്നു.



നിരാശയുടെ മുഖഭാവുമായി അന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിന്റെ പടിയിറങ്ങിയ ടുഹേൽ വീണ്ടുമൊരിക്കൽകൂടി ഇംഗ്ലീഷ് മണ്ണിലേക്കെത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. കഴിഞ്ഞ യൂറോ ഫൈനലിൽ സ്പെയിനോടേറ്റ തോൽവിയോടെ ഗ്യാരത്ത് സൗത്ത്ഗേറ്റ് ഒഴിഞ്ഞ ഹോട്ട്സീറ്റിലേക്കാണ് ജർമൻ പരിശീലകന്റെ മാസ് എൻട്രി. പ്രതിഭകൾ ധാരാളം വന്നുപോയെങ്കിലും 1966 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷമൊരു മേജർ ട്രോഫിക്കായുള്ള കാത്തിരിപ്പ് ഇന്നും തുടരുകയാണ് ത്രീ ലയൺസ്. ഇംഗ്ലണ്ടിൽ നിന്നും പുറത്തുനിന്നുമായി മാറിമാറി വന്ന പരിശീലകരെല്ലാം ലക്ഷ്യത്തിലെത്താതെ പാതിവഴിയിൽ കാലിടറിവീണു. ഇവിടേക്കാണ് തോമസ് ടുഹേലിന്റെ രംഗപ്രവേശനം. സ്വീഡിഷുകാരൻ ഗ്വരാൻ എറിക്സൻ, ഇറ്റാലിയൻ ഫാബിയോ കപ്പല്ലോ എന്നിവർക്ക് ശേഷം ഇംഗ്ലണ്ട് മാനേജറാകുന്ന ബ്രിട്ടീഷ് ഇതര മാനേജർ.



ജനുവരിയിലാണ് സ്ഥാനമേൽക്കുകയെങ്കിലും ഇംഗ്ലണ്ടിൽ ടുഹേൽ എത്തുന്നതിന് മുൻപ് തന്നെ അലയൊലികൾ തുടങ്ങി കഴിഞ്ഞു. 'ഇംഗ്ലണ്ട് ഫുട്ബോളിലെ കറുത്തദിനം'!. തോമസ് ടുഹേലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇംഗ്ലീഷ് മാധ്യമങ്ങൾ വിമർശനശരങ്ങൾ തൊടുത്തു. പതിറ്റാണ്ടുകളായി തുടരുന്ന ഇംഗ്ലണ്ട്- ജർമൻ വൈരവും പലരും ആയുധമാക്കി. ഇംഗ്ലീഷ് പണ്ഡിറ്റുകൾ അനുകൂലിച്ചും എതിർത്തും രണ്ട്ചേരിയായി അണിനിരുന്നു. ഇംഗ്ലണ്ടിന് പുറത്തുനിന്നൊരു പരിശീലകനെ കൊണ്ടുവാരാനുള്ള തീരുമാനത്തെ കടുത്തവാക്കുകളിലാണ് മുൻ ഇംഗ്ലണ്ട്, ലിവർപൂൾ ഡിഫൻഡർ ജാമി കാരഗർ വിമർശിച്ചത്. ക്ലബ് ഫുട്ബോൾ പോലെയല്ല ദേശീയ ടീം മാനേജർ ജോലിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുൻ ഇംഗ്ലീഷ് പരിശീലകനും ആഴ്സനൽ താരവുമായിരുന്ന അലൻ സ്മിത്തും എഫ്.എയുടെ തീരുമാനത്തിലെ നിരാശ പങ്കുവെച്ചു. എന്നാൽ മുൻ ഇംഗ്ലീഷ് നായകൻ അലൻ ഷിയറർ തുഹേലിനെ പിന്തുണച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായി. ഇംഗ്ലണ്ടിനായി ലോകകപ്പ് കിരീടം കൊണ്ടുവരാൻ അയാൾക്ക് സാധിക്കുമെന്ന് അലൻ ഷിയരർ ഉറച്ചുവിശ്വസിക്കുന്നു. ഞങ്ങൾക്ക് ട്രോഫിയാണ് ആവശ്യം. ടുഹേലിന് മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്. ഇംഗ്ലണ്ട് മാനേജർ എന്നത് ശ്രമകരമായ ദൗത്യമാണെങ്കിലും അതിൽ വിജയിച്ചുകയറാൻ ടുഹേലിന് കഴിയുമെന്നും മുൻ ഇംഗ്ലീഷ് നായകൻ പ്രത്യാശ പ്രകടിപ്പിച്ചു. ബയേൺ മ്യൂണിക് താരവും ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഹാരികെയിനും പുതിയ കോച്ചിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി.




സൗത്ത് ഗേറ്റായിരിക്കില്ല തോമസ് ടുഹേൽ. കളത്തിലും പുറത്തും ഇരുവരുടേയും ശൈലികൾ വ്യത്യസ്തമാണ്. കുമ്മായ വരക്കപ്പുറം പലപ്പോഴും അഗ്രസീവായാണ് ടുഹേലിനെ കണ്ടതെങ്കിൽ എന്തുതന്നെ സംഭവിച്ചാലും ശാന്തത കൈവിടാത്തയാളാണ് സൗത്ത്‌ഗേറ്റ്. ഫുട്ബോൾഅഹോളിക് എന്ന വിളിപ്പേരുണ്ട് തുഹേലിന്. അവസാനമിനിറ്റ് വരെയും തന്ത്രങ്ങൾ ഒരുക്കുന്ന പരിശീലകൻ. ഇംഗ്ലണ്ട് പ്രതീക്ഷയർപ്പിക്കുന്നതും ഈ ടാക്റ്റിക്കൽ ചെയ്ഞ്ചുകളാണ്. ഗോൾ അടിക്കാത്ത ബോറിംഗ് ഫുട്‌ബോളാണ് സൗത്ത് ഗേറ്റ് പയറ്റുന്നതെന്ന് കഴിഞ്ഞ യൂറോ കപ്പിൽ വ്യാപക വിമർശനമുണ്ടായിരുന്നു. എന്നാൽ അറ്റാക്കിങ് ഫുട്‌ബോളാണ് ചെൽസിയിലും ബയേണിലുമെല്ലാം തുഹേലിന്റെ മുഖമുദ്ര. അവസാനം പരിശീലിപ്പിച്ച ബയേൺ മ്യൂണികിൽ 4-2-3-1 ശൈലിയായിരുന്നു അവലംബിച്ചിരുന്നതെങ്കിൽ ചെൽസിയിൽ മൂന്ന് പ്രതിരോധ താരങ്ങളെ വിന്യസിച്ചുള്ള 3-4-2-1 ഫോർമേഷനായിരുന്നു കൂടുതലും വിശ്വാസമർപ്പിച്ചത്.



2021 ജനുവരിയിൽ ചെൽസിയുമായി കരാറിലെത്തുമ്പോൾ ലണ്ടനിൽ സാഹചര്യങ്ങൾ ഒട്ടും അനുകൂലമായിരുന്നില്ല. തുടർതോൽവികൾ. നിരാശബാധിച്ച അന്തരീക്ഷം. എന്നാൽ ബ്ലൂസിനെ അതിവേഗം ഫൈറ്റിങ് സംഘമായി മാറ്റിയെടുക്കാൻ ടുഹേലിന് സാധിച്ചു. ലംപാർഡിന് കീഴിൽ ഫോം നഷ്ടമായ പ്രതിരോധ താരം അന്റോണിയോ റൂഡിഗറും ഡിഫൻസീവ് മിഡ്ഫീൽഡർ എൻകോളോ കാന്റെയുമെല്ലാം ഫോമിന്റെ അത്യുന്നതങ്ങളിൽ പന്തുതട്ടി. നീലപടയുടെ മിഡ്ഫീൽഡ് എഞ്ചിനായി ഫ്രഞ്ച് താരം കാന്റെയുടെ ട്രാൻഫർമേഷനാണ് പിന്നീട് ഫുട്‌ബോൾ ലോകം കണ്ടത്. ഓരോ പ്ലെയറിന്റേയും പൊട്ടെൻഷ്യൽ ചൂഷണം ചെയ്തെടുക്കാൻ ടുഹേലിനൊരു പ്രത്യേകമിടുക്കുണ്ട്. പ്രീമിയർലീഗിൽ കിരീടമോഹം പൊലിഞ്ഞെങ്കിലും ആ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ അപ്രമാധിത്വമായിരുന്നു. ക്വാർട്ടറിൽ എഫ്.സി പോർട്ടോയേയും സെമിയിൽ കരുത്തരായ റയൽ മാഡ്രിഡിനേയും തകർത്ത് ഫൈനലിൽ. ഒടുവിൽ പെപ് ഗ്വാർഡിയോളയുടെ സംഘത്തെ ടാക്റ്റിക്കൽ ബ്രില്യൻസിൽ മറികടന്ന് കായ് ഹാവെർട്സ് ഗോളിൽ പ്രസ്റ്റീജ്യസായ ചാമ്പ്യൻസ് ലീഗ് കിരീടം വീണ്ടും ബ്രിഡ്ജിലെത്തിച്ചു. കായ് ഹാവെർട്സും തിമോ വെർണറും മേസൻ മൗണ്ടും കാന്റെയും തിയാഗോ സിൽവയും ജോർജീന്യോയുമെല്ലാം ജർമൻ പരിശീലകന്റെ ടാക്റ്റിക്സിൽ നിറഞ്ഞാടി. കളിക്കാരിൽ ഫൈറ്റിങ് സ്പിരിറ്റ് കുത്തിനിറക്കുന്നതിൽ ജർമൻ കോച്ചിന് സാധിച്ചു. തൊട്ടടുത്ത ചാമ്പ്യൻസ് ലീഗ് സീസണിലും ടീം മികച്ച പ്രകടനം നടത്തിയെങ്കിലും റയലിന് മുന്നിൽ വീണു. പിന്നീട് ചെൽസിയിൽ നിന്നുള്ള പടിയിറക്കം. ലണ്ടൻ ക്ലബിൽ ഉടലെടുത്ത ആഭ്യന്തര പ്രശ്‌നങ്ങളും പുറത്തേക്കുള്ള വഴിതെളിയിച്ചു. ടുഹേലിന് ശേഷം നിരവധി പരിശീലകർ വന്നെങ്കിലും ഇന്നും ചെൽസി ആരാധകർ ഹൃദയത്തിലേറ്റിയത് ഈ ജർമൻകാരനെയായിരുന്നു



19 മാസമാണെങ്കിലും ചെൽസിക്കൊപ്പമുള്ള ആ കാലം അയാൾക്ക് വലിയൊരു അനുഭവസാക്ഷ്യമായിരുന്നു. ഇംഗ്ലീഷ് ഫുട്ബോളിനെ അടുത്തറിഞ്ഞ ദിനങ്ങൾ. ക്ലബ് ഫുട്ബോളിലെ കയറ്റിറക്കങ്ങളിൽ നിന്നുള്ള പാഠവുമായാണ് ദേശീയ ടീം പരിശീലകനെന്ന പുതിയ റോളിലേക്ക് 51 കാരൻ പ്രവേശിക്കുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം ജർമൻ കപ്പ്, പി.എസ്.ജി ക്കൊപ്പം രണ്ട് ലീഗ് വൺ കിരീടം എന്നിവയും ടുഹേൽ സ്വന്തമാക്കിയിട്ടുണ്ട്. ഏതു പൊസിഷനിലും നിർത്താവുന്ന വർത്തമാനകാല ഫുട്‌ബോളിലെ മികച്ച താരനിരയുണ്ട് ഇംഗ്ലണ്ടിന്. പെർഫെക്ട്് റീപ്ലെയിസ്‌മെന്റായി ഒരുപിടി താരങ്ങൾ അവസരംകാത്ത് ബെഞ്ചിലും. ലഭ്യമായ വിഭവങ്ങളെ കൃത്യമായി വിനിയോഗിക്കാനായാൽ ത്രീലയൺസിനൊപ്പം ചരിത്രം സൃഷ്ടിക്കാൻ ഈ ജർമൻകാരനാകും. 2026 ലോകകപ്പ് കിരീടം ഇംഗ്ലീഷ് ആരാധകർ സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു.

TAGS :

Next Story