ആസ്റ്റൺവില്ലയെ തുരത്തി ചെൽസി; എവർട്ടനെ നാലടിയിൽ വീഴ്ത്തി യുണൈറ്റഡ്
റൂബൻ അമോറിം പരിശീലക ചുമതലയേറ്റെടുത്ത ശേഷം പ്രീമിയർലീഗിൽ യുണൈറ്റഡിന്റെ ആദ്യ ജയമാണിത്.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ ചെൽസിക്ക് ജയം. സ്വന്തംതട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നീലപട ജയം സ്വന്തമാക്കിയത്. നിക്കോളാസ് ജാക്‌സൻ(7), എൻസോ ഫെർണാണ്ടസ്(36), കോൾ പാൽമർ(83) എന്നിവരാണ് ഗോൾ സ്‌കോറർമാർ. മറ്റൊരു മത്സരത്തിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ 4-0 മാർജിനിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനെ വീഴ്ത്തി. മാർക്കസ് റാഷ്‌ഫോർഡിന്റേയും(34,46) ജോഷ്വാ സിർക്‌സിയുടേയും(41,64) ഇരട്ടഗോൾ മികവിലാണ് റൂബെൻ അമോറിം സംഘം വമ്പൻജയം പിടിച്ചത്. മറ്റൊരു മത്സരത്തിൽ ടോട്ടനത്തെ ഫുൾഹാം സമനിലയിൽ കുരുക്കി. ഇരുടീമുകളും ഓരോ ഗോൾവീതം നേടി. ടോട്ടനത്തിനായി ബ്രെണ്ണൻ ജോൺസനും ഫുൾഹാമിനായി ടോം കൈർനിയുമാണ് വലചലിപ്പിച്ചത്.
ആസ്റ്റൺവില്ലക്കെതിരെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ചെൽസി തുടക്കത്തിൽ തന്നെ ലീഡെടുത്തു. ഏഴാം മിനിറ്റിൽ കുക്കുറേയ ഇടതുവിങിൽ നിന്ന് ബോക്‌സിലേക്ക് നൽകിയ ക്രോസ് കൃത്യമായി സ്വീകരിച്ച് നിക്കോളാസ് ജാക്‌സൻ വലയിലാക്കി. 36ാം മിനിറ്റിൽ മികച്ചൊരു നീക്കത്തിലൂടെ ആതിഥേയർ രണ്ടാമതും വലകുലുക്കി. കോൾ പാൽമർ നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ അർജന്റൈൻ താരം എൻസോ ഫെർണാണ്ടസ് രണ്ട് പ്രതിരോധതാരങ്ങൾക്കിടയിലൂടെ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചു.
ദേശീയ ടീമിലെ സഹതാരമായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് ഒരവസരവും നൽകിയില്ല. ആദ്യപകുതിയിൽ ലഭിച്ച സുവർണാവസരം ചെൽസി താരം ജാക്‌സനും ആസ്റ്റൺവില്ലയുടെ ഒലീ വാറ്റ്കിൻസും നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിലും ഗോൾമടക്കാനുള്ള വില്ലയുടെ ശ്രമങ്ങൾ വിജയിച്ചില്ല. ഒടുവിൽ 83ാം മിനിറ്റിൽ മധുവെകയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ കോൾ പാൽമർ തകർപ്പൻ ഷോട്ടിലൂടെ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പന്തടിച്ചുകയറ്റി ഗോൾപട്ടിക പൂർത്തിയാക്കി. റൂബൻ അമോറിം പരിശീലക ചുമതലയേറ്റെടുത്ത ശേഷം പ്രീമിയർലീഗിൽ യുണൈറ്റഡ് നേടുന്ന ആദ്യ ജയമാണിത്.
Adjust Story Font
16