Quantcast

ഗോൾവ്‌സിനെതിരെ ആറടിച്ച് ചെൽസി; ന്യൂകാസിലിനെ തളച്ച് ബോൺമൗത്ത്

ചെൽസിക്കായി നോനി മദുവെക്കെ ഹാട്രിക്ക് കുറിച്ചു. ചെൽസിക്കൊപ്പമുള്ള ആദ്യ കളിയിൽ തന്നെ ജാവോ ഫെലിക്‌സ് ഗോൾനേടി

MediaOne Logo

Sports Desk

  • Published:

    25 Aug 2024 3:51 PM GMT

Chelsea six against Gols; Bournemouth beat Newcastle
X

ലണ്ടൻ: നോനി മദുവെകെയുടെ ഹാട്രിക് കരുത്തിൽ വോൾവ്‌സ് എഫ്.സിയെ രണ്ടിനെതിരെ ആറു ഗോളിന് തകർത്ത് ചെൽസി. 49,58,63 മിനിറ്റുകളിലാണ് ഇംഗ്ലീഷ് താരം വലകുലുക്കിയത്. നിക്കോളാസ് ജാക്‌സൻ (2), കോൾ പാൽമർ (45), പകരക്കാരനായി ഇറങ്ങിയ ജാവോ ഫെലിക്‌സ് (80) എന്നിവരും ലക്ഷ്യകണ്ടു. വോൾവ്‌സിനായി മാതേയൂസ് കുൻഹ(27), സ്ട്രന്റ് ലാർസൻ(45+6) ആശ്വാസ ഗോൾ നേടി.

സ്റ്റാർട്ടിങ് വിസിൽ മുതൽ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ മത്സരം ആവേശകൊടുമുടിയിലെത്തി. വോൾവ്‌സിനെ ഞെട്ടിച്ച് രണ്ടാംമിനിറ്റിൽ തന്നെ നിക്കോളാസ് ജാക്‌സൻ ചെൽസിക്ക് ലീഡ് നൽകി. കോർണർ കിക്കിൽ നിന്ന് തട്ടിതിരിഞ്ഞ് ലഭിച്ച പന്ത് ജാക്‌സൻ കൃത്യമായി പോസ്റ്റിലേക്ക് ഹെഡ്ഡർ ചെയ്യുകയായിരുന്നു. 27ാം മിനിറ്റിൽ മതേയൂസ് കുൻഹയിലൂടെ വോൾവ്‌സ് സമനില പിടിച്ചു. പരുക്കൻ അടവുകൾ പുറത്തെടുത്ത മത്സരത്തിൽ ഇടക്കിടെ ഇരുടീമുകളും കൈയ്യാങ്കളിയിലും ഏർപ്പെട്ടു. 45ാം മിനിറ്റിൽ കോൾ പാൽമറിന്റെ മികച്ചൊരു ഫിനിഷിൽ ചെൽസി വീണ്ടും മുന്നിലെത്തി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത്തന്നെ ലാർസനിലൂടെ ഗോൾ കണ്ടെത്തി വോൾവ്‌സും ഒപ്പം പിടിച്ചു.

ആദ്യ പകുതിയിൽ കൊണ്ടും കൊടുത്തും മുന്നേറിയ ഇരുടീമുകളും രണ്ടാം പകുതിയിലും വാശിയോടെ പോരാടി. എന്നാൽ കളി പുനരാരംഭിച്ച് നാലാം മിനിറ്റിൽതന്നെ മദുവെകെ ബ്ലൂസിന് ലീഡ് നേടികൊടുത്തു.(3-2). സമനില ഗോളിനായി വൂൾവ്‌സ് ആക്രമണമൂർച്ച കൂട്ടിയെങ്കിലും വീണ്ടും മദുവെകെയിലൂടെ നീലപട പ്രഹരമേൽപ്പിച്ചു. കോൾ പാൽമറിന്റെ പാസിലായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ക്ലിനിക്കൽ ഫിനിഷ്. പഴയ ഗോളിന്റെ ആവർത്തനം പോലെ പാൽമർ-മദുവെകെ കൂട്ടുകെട്ടിൽ 63ാം മിനിറ്റിൽ വീണ്ടും ഗോൾപിറന്നു(5-2). പെഡ്രോ നെറ്റോ ഇടതുവിങിൽ നിന്ന് നൽകിയ ക്രോസ് കൃത്യമായി സ്വീകരിച്ച് ജാവോ ഫെലിക്‌സ്(80) ആറാമതും വലകുലുക്കി വോൾവ്‌സിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. സ്വന്തം കാണികൾക്ക് മുന്നിൽ കളിച്ച വോൾവ്‌സിന്റെ അവസാന മിനിറ്റ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ സീസണിലെ ആദ്യ ജയം ചെൽസി സ്വന്തമാക്കി.

മറ്റൊരു കളിയിൽ ന്യൂകാസിൽ യുണൈറ്റഡിനെ ബോൺമൗത്ത് സമനിലയിൽ തളച്ചു. 37ാം മിനിറ്റിൽ ബോൺമൗത്തിനായി മാർകസ് ടവറെനെയ്ർ വലകുലുക്കി. 76ാം മിനിറ്റിൽ ആന്റണി ഗോൾഡനിലൂടെ ന്യൂകാസിൽ സമനില നേടി രക്ഷപ്പെടുകയായിരുന്നു

TAGS :

Next Story