ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ..? ; റഫറിക്ക് പിഴച്ചെന്ന് കോൻമെബോൽ
ന്യൂയോർക്: അത് പെനൽറ്റി തന്നെയായിരുന്നു. ഒടുവിൽ കോപ്പ അമേരിക്ക സംഘാടകരായ കോൻമെബോൽ കുറ്റസമ്മതം നടത്തി. ബ്രസീൽ താരം വിനീഷ്യസിനെ കൊളംബിയൻ ഡിഫൻഡർ ഡാനിയൽ മുനോസ് വീഴ്ത്തിയത് കാണാതിരുന്നത് റഫറിയുടെ തെറ്റാണെന്ന് കോൻമെബോൽ പ്രസ്താവനയിറക്കി. മത്സരം 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു.മത്സരവും കഴിഞ്ഞ് ക്വാർട്ടർ ലൈനപ്പും തീരുമാനമായതിന് ശേഷമുള്ള ഈ ഏറ്റുപറച്ചിൽ കൊണ്ട് ബ്രസീലിന് എന്തുകാര്യമെന്നാണ് ചോദ്യങ്ങൾ ഉയരുന്നത്?.
കാലിഫോർണിയയിലെ ലിവൈസ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ കൊളംബിയയും ബ്രസീലും ഏറ്റുമുട്ടുന്നു. വിജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യൻമാരാകും. അങ്ങനെ കാത്തിരുന്ന പോരിന് അരങ്ങൊരുങ്ങി. 12ാം മിനുറ്റിൽ റാഫീഞ്ഞ്യയുടെ സുന്ദരമായ ഫ്രീകിക്ക് ഗോളിൽ ബ്രസീൽ മുന്നിലെത്തുന്നു. മത്സരത്തിലേക്ക് തിരിച്ചുവരാൻ കൊളംബിയ ശ്രമിച്ചുകൊണ്ടിരിക്കവേയാണ് 42ാം മിനുറ്റിൽ അത് സംഭവിക്കുന്നത്. കൊളംബിയൻ ബോക്സിലേക്ക് ഓടിക്കയറിയ വിനീഷ്യസിനെ കൊളംബിയൻ ഡിഫൻഡർ ഡാനിയൽ മുനോസ് വീഴ്ത്തുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ക്ലിയർ പെനൽറ്റി.
ബ്രസീൽ താരങ്ങൾ ഉടൻ പെനൽറ്റിക്കായി വാദിക്കുന്നു.വെസ്വേലൻ റഫറി ജീസസ് വലൻസ്വേല ഫൗൾ പോലും വിളിച്ചില്ല. അർജൻറീക്കാരനായ മൗറേ വിഗിലാനോ നയിക്കുന്ന വാർ ടീമും അത് പെനൽറ്റിയല്ലെന്ന് വിശദീകരിക്കുന്നു. കൊളംബിയ താരത്തിെൻറ കാൽ പന്തിൽ തട്ടുന്നു എന്നവാദമാണ് അവർ ഉയർത്തിയത്. ബ്രസീൽ താരങ്ങളുടെ പ്രതിഷേധങ്ങളൊന്നും വിലപ്പോയില്ല.
മത്സരം തുടരുന്നു. കൊളംബിയ തിരികെ ഗോൾ മടക്കുന്നു. മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു. അങ്ങനെ സമനിലയോടെ കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായപ്പോൾ ബ്രസീലിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. കൊളംബിയക്ക് താരതമ്യേന ദുർബല എതിരാളികളായ പനാമയെ ക്വാർട്ടറിൽ കിട്ടിയെങ്കിൽ ബ്രസീലിന് കിട്ടിയത് ടൂർണമെൻറിൽ ഉജ്ജ്വലമായി പന്തുതട്ടുന്ന യുറുഗ്വായെ.
ഒടുവിൽ മത്സരശേഷം റഫറിക്ക് തെറ്റുപറ്റിയെന്ന് വിദശീകരിച്ച് കോപ്പ സംഘാടകരായ കോൻമെബോൽ തന്നെ എത്തിയിരിക്കുന്നു. ‘‘പെനൽറ്റി ബോക്സിൽ വെച്ചുനടന്ന സംഭവം കാണുന്നതിൽ റഫറി പരാജയപ്പെടുകയും കളി തുടരാൻ അനുവദിക്കുകയും ചെയ്തു. ഡിഫൻഡർ പന്തിൽ തൊട്ടിട്ടില്ലെന്ന് തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട വാർ അധികൃതർ റഫറിയുടെ തീരുമാനത്തിനൊപ്പം തന്നെയാണ് നിന്നത്’’ - കോൻമെബോൽ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ പറയുന്നു.
മത്സരത്തിന് പിന്നാലെത്തന്നെ ബ്രസീൽ കോച്ച് ഡോരിവൽ പ്രതിഷേധമുയർത്തിയിരുന്നു. ‘‘അതിന് പിന്നാലെയാണ് ഞങ്ങൾ ഗോൾ വഴങ്ങിയത്. റഫറിയും വാറും മാത്രമാണ് അത് പെനൽറ്റിയല്ലെന്ന് നിരീക്ഷിച്ചത്’’- ഡോരിവൽ പറഞ്ഞു.അത് പെനൽറ്റിയായിരുന്നുവെങ്കിൽ ബ്രസീൽ തന്നെ ജയിക്കുമോ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. പക്ഷേ ബ്രസീൽ അനീതി നേരിട്ടെന്ന് വ്യക്തം.
Adjust Story Font
16