'അത്തരം വിവേചനങ്ങൾ അംഗീകരിക്കില്ല'; വംശീയാധിക്ഷേപത്തിൽ പ്രതികരണവുമായി ചെൽസി
എൻസോയെ തള്ളി ചെൽസിയിലെ സഹ താരവും ഫ്രഞ്ച് പ്ലെയറുമായ വെസ്ലി ഫൊഫാനയും രംഗത്തെത്തിയിരുന്നു.
കോപ്പ അമേരിക്ക കിരീട വിജയത്തിന് ശേഷം അർജന്റൈൻ താരങ്ങൾ നടത്തിയ വംശീയ ചാന്റിനെതിരെ പ്രതികരണവുമായി ചെൽസി ഫുട്‌ബോൾ ക്ലബ്. ഇത്തരം വിവേചനപരമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ക്ലബ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ചെൽസി താരമായ എൻസോ ഫെർണാണ്ടസിന്റെ പേജിലാണ് വംശീയ പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം യുവതാരത്തിനെതിരെ ചെൽസി നടപടിയെടുക്കുമെന്നും റിപ്പോർട്ടുണ്ട്. എൻസോയെ തള്ളി ചെൽസിയിലെ സഹതാരവും ഫ്രഞ്ച് പ്ലെയറുമായ വെസ്ലി ഫൊഫാനയും നേരത്തെ രംഗത്തെത്തിയിരുന്നു. അവസാനിക്കാത്ത വംശീയതയെന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വീഡിയോ വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെ എൻസോ ക്ഷമാപണം നടത്തിയിരുന്നു.' തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കപ്പെട്ട വീഡിയോയുടെ പേരിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഏറ്റവും മോശം ഭാഷയാണ് പങ്കുവെക്കപ്പെട്ട വീഡിയോയിലുള്ളത്. താൻ എല്ലാതരം വിവേചനങ്ങൾക്കുമെതിരാണ്. വീഡിയോയിലെ വാക്കുകൾ തന്റെ വിശ്വാസത്തേയോ വ്യക്തിത്വത്തേയോ പ്രകടമാക്കുന്നതല്ലെന്നും യുവതാരം വ്യക്തമാക്കി.
🚨 Enzo Fernández statement to apologize after racist chants. pic.twitter.com/IW1uDPoPne
— Fabrizio Romano (@FabrizioRomano) July 16, 2024
ഫ്രാൻസ് ടീമിലെ ആഫ്രിക്കൻ വംശജർക്കെതിരെയാണ് അർജന്റൈൻ താരങ്ങൾ വംശീയ അധിക്ഷേപം നടത്തിയത്. ' അവർ ഫ്രാൻസിനായി കളിക്കുന്നു, പക്ഷേ അവരുടെ മാതാപിതാക്കൾ അംഗോളയിൽ നിന്ന്. അമ്മ കാമറൂണിൽ നിന്നാണ്, അച്ഛനോ നൈജീരിയൻ. എന്നാൽ അവരുടെ പാസ്പോർട്ടിൽ ഫ്രഞ്ചെന്നും....'ഇത്തരത്തിലുള്ള ഗാനമാണ് ആലപിച്ചത്. സംഭവം വിവാദമായതോടെ നിരവധി പേരാണ് ടീമിനെതിരെ രംഗത്തെത്തിയത്.
Adjust Story Font
16