'ഇനിയാരും സെൽഫിഷ് എന്ന് വിളിക്കരുത്'; റോണോയുടെ ആ അസിസ്റ്റ് സഹ താരങ്ങൾക്കുള്ള മറുപടി
യൂറോയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡും റോണോ സ്വന്തമാക്കി
''ഈ ടീമിൽ എനിക്ക് അഭിമാനം... ഞങ്ങൾ പോർച്ചുഗലാണ്'' തുർക്കിക്കെതിരായ മത്സര ശേഷം സമൂഹ മാധ്യമങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചത് ഇങ്ങനെയായിരുന്നു. സഹ താരങ്ങൾ പാസ് നൽകുന്നില്ലെന്ന ആരോപണം ഫുട്‌ബോൾ ലോകത്ത് ചർച്ചയാകുന്നതിനിടെയാണ് റോണോയുടെ ഇത്തരമൊരു പ്രതികരണമെന്നതും ശ്രദ്ധേയം. കളിക്കളത്തിലും പുറത്തും അയാളെ കൊത്തിവലിക്കാൻ കാത്തിരിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയായിരുന്നു തുർക്കിക്കെതിരായ മത്സരം. അതെ അയാൾ ഒറ്റക്ക് വഴിവെട്ടി വന്നവനാണ്...
ഡോർട്ട്മുണ്ട് സ്‌റ്റേഡിയത്തിൽ 55ാം മിനിറ്റിൽ മത്സരം സീൽ ചെയ്യാൻ പോർച്ചുഗലിന് ലഭിച്ച സുവർണാവസരം. ഗോളിമാത്രം മുന്നിൽ നിൽക്കെ പോസ്റ്റിലേക്ക് നിറയൊഴിച്ച് ആറാം യൂറോയിലും ഗോൾ നേടാനുള്ള സുവർണാവസരമുണ്ടായിട്ടും മറുവശത്തുണ്ടായിരുന്ന ബ്രൂണോ ഫെർണാണ്ടസിന് തളികയിലെന്നപോലെ പന്ത് നീട്ടിനൽകി. വലയിലേക്ക് തട്ടിയിടേണ്ട ദൗത്യം മാത്രമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനുണ്ടായിരുന്നുള്ളൂ. സെൽഫിഷ് എന്ന് വിളിച്ചവരെ മാറ്റിപറയിപ്പിക്കുന്ന പ്രകടനം. ലോകത്തെ ഫുട്‌ബോൾ അക്കാദമികളിൽ ക്രിസ്റ്റ്യാനോ നൽകിയ ആ അസിസ്റ്റ് കാണിക്കണമെന്നാണ് പോർച്ചുഗൽ കോച്ച് മാർട്ടിനസ് മത്സരശേഷം പ്രതികരിച്ചത്.
ബ്രൂണോക്കുള്ള അസിസ്റ്റ് നൽകിയതിലൂടെ മറ്റൊരു നേട്ടത്തിലേക്കും റോണോ നടന്നു കയറി. ഏഴ് അസിസ്റ്റുമായി യൂറോയിൽ കൂടുതൽ അസിസ്റ്റ് നൽകുന്നവരുടെ പട്ടികയിലും ഒന്നാമത്. ഗോളടിച്ചാലും അസിസ്റ്റ് നൽകിയാലുമെല്ലാം ചെന്ന് കലാശിക്കുന്നത് റെക്കോർഡ് പുസ്തകത്തിൽ. ഇതിനകം യൂറോ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേട്ടവും ഈ ഇതിഹാസ താരം സ്വന്തമാക്കിയിട്ടുണ്ട്.
ബ്രൂണോയും റോണോയും തമ്മിലൊരു ഫ്‌ളാഷ്ബാക്ക് കഥയുണ്ട്. മുൻപ് മാഞ്ചസ്റ്റർ യുണൈറ്റിഡിൽ ഒരുമിച്ച് കളിച്ചവർ. ഒടുവിൽ പരിശീലകൻ എറിക് ടെൻ ഹാഗിനെ വിമർശിച്ച് റൊണാൾഡോ പുറത്തേക്കുള്ള വഴിതേടി. ഇതോടെ രണ്ട് പോർച്ചുഗീസ് താരങ്ങളും തമ്മിലുള്ള ബന്ധത്തിനുള്ള വിള്ളൽ വീണു. ടെൻഹാഗിന്റെ നിലപാടിനൊപ്പമായിരുന്നു ബ്രൂണോ. പിന്നീട് ഇരുവരും മുഖാമുഖം വരുന്നത് ഖത്തർ ലോകകപ്പിൽ. ഡ്രസിങ് റൂമിൽവെച്ച് പരസ്പരം കണ്ടെങ്കിലും ഹസ്തദാനം പോലും നൽകാതെയുള്ള തിരിഞ്ഞുനടത്തം അന്നുവലിയ ചർച്ചയുമായി. താരങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ ലോകകപ്പിൽ പോർച്ചുഗൽ പ്രകടനത്തേയും ബാധിച്ചു. അന്നത്തെ പരിശീലകൻ ഫെർണാണ്ടോ സാഞ്ചസിന്റെ ആദ്യ ഇലവനിൽ ഇടം കിട്ടാതെ റോണോ പലപ്പോഴും ബെഞ്ചിൽ. ഒടുവിൽ ക്വാർട്ടറിൽ മൊറോക്കോയോട് രണ്ട് ഗോളിന് തോൽവി വഴങ്ങി പറങ്കിപടയും റോണോയും തലതാഴ്ത്തി അറേബ്യൻ മണ്ണിൽനിന്നും ലിസ്ബണിലേക്ക് മടങ്ങി.
രണ്ട് വർഷങ്ങൾക്കിപ്പുറം യൂറോയ്ക്കായി ജർമനിയിലെത്തുമ്പോഴും കാര്യങ്ങൾ പഴയപടി തന്നെ. സാഞ്ചസിന് പകരം പരിശീലക സ്ഥാനത്ത് റോബർട്ടോ മാർട്ടിനസ് എത്തിയതാണ് മാറ്റം. ചെക്ക് റിപ്പബ്ലികിനെതിരെ ആദ്യ മത്സരത്തിൽ ജയം പിടിച്ചെങ്കിലും താരങ്ങൾ തമ്മിൽ കോർഡിനേഷനില്ലാത്തത് മത്സരത്തിലുടനീളം നിഴലിച്ചു. പന്തു കിട്ടാതെ മൈതാനത്ത് ഏകനായി നിൽക്കുന്ന റോണോ. കളിക്കുശേഷം റോണോക്ക് കൈകൊടുക്കാത മന:പൂർവ്വം ഒഴിഞ്ഞുമാറിപോകുന്ന ജാവോ കാൻസലോയുടെ വീഡിയോയും ഇതിനിടെ പ്രചരിച്ചു. തുർക്കിക്കെതിരായ രണ്ടാം മാച്ചിലും റോണോക്ക് പന്തു നൽകാൻ സഹതാരങ്ങൾ തയാറായില്ല. അവിടെയാണ് ഫുട്‌ബോളിന്റെ ബാലപാഠങ്ങൾ സഹതാരങ്ങൾക്ക് പകർന്നുനൽകികൊണ്ട് രണ്ടാം പകുതിയിൽ റോണോയുടെ ആ മനോഹര അസിസ്റ്റ്.
2004ലാണ് റോണോ ആദ്യമായി യൂറോ കളിക്കുന്നത്. ആ സമയം റോണോക്കൊപ്പം ഇംഗ്ലണ്ട് നിരയിൽ മറ്റൊരു യങ് സെൻസേഷനും പിറവിയുടുത്തിരുന്നു. വെയിൻ റൂണി. യുണൈറ്റഡിൽ ഇരുവരും ഒന്നിച്ച് പന്തുതട്ടുകയും ചെയ്തു. എന്നാൽ പിൻകാലത്ത് 39ാം വയസിലും ക്രിസ്റ്റ്യാനോ കളിക്കളത്തിൽ നിറയുമ്പോൾ പരിശീലകറോളിലേക്ക് മാറികഴിഞ്ഞു വെയിൻ റൂണി. യൂറോയിൽ കഴിഞ്ഞ രണ്ടുമത്സരങ്ങളിലും 90 മിനിറ്റ് കളത്തിലുണ്ടായിരുന്ന റോണോ ഫിറ്റ്‌സിന്റേയും നിശ്ചയദാർഢ്യത്തിന്റേയും കരുത്തിൽ മുന്നോട്ട് പോകുകയാണ്.
Adjust Story Font
16