കരഞ്ഞുകലങ്ങിയ കണ്ണുമായി സെബ്രിന; നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് സൈമൺ കെയർ
സബ്രിന കരയുന്നത് ചാനൽ ക്യാമറകൾ ഒപ്പിയെടുത്തത് വിവാദങ്ങൾക്കും വഴി വച്ചു
കളത്തിൽ കുഴഞ്ഞുവീണ ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്‌സണു വേണ്ടി പ്രാർത്ഥനയോടെ കൈകൂപ്പി നിൽക്കുകയായിരുന്നു ഇന്നലെ കായിക ലോകം. വേദനാജനകമായ ആ കാഴ്ചയ്ക്ക് സാക്ഷിയാകാൻ ഇന്നലെ സ്റ്റേഡിയത്തിൽ എറിക്‌സന്റെ ഭാര്യ സെബ്രിന ക്വിസ്റ്റ് ജെന്‍സനുമുണ്ടായിരുന്നു.
സംഭവം നടന്നതിന് പിന്നാലെ ഗ്യാലറിയിൽ നിന്ന് സബ്രിന മൈതാനത്തേക്ക് ഇറങ്ങി വന്നു. കൈ കൊണ്ട് മുഖം പൊത്തിക്കരഞ്ഞ അവരെ ഡാനിഷ് ക്യാപ്റ്റൻ സൈമൺ കെയർ നെഞ്ചിൽ ചേർത്തുപിടിച്ചാണ് ആശ്വസിപ്പിച്ചത്. കൂടെ ഗോൾകീപ്പർ കാസ്പർ ഷ്‌മെയ്ഷലും അവരുടെ അടുത്തേക്ക് ഓടിയെത്തി.
സബ്രിന കരയുന്നത് ചാനൽ ക്യാമറകൾ ഒപ്പിയെടുത്തത് വിവാദങ്ങൾക്കും വഴി വച്ചു. ദുരന്തമുഖത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചാനലുകൾ ചെയ്തത് എന്ന വിമർശനങ്ങളുണ്ടായി. കടുത്ത വിമർശനങ്ങൾക്കു പിന്നാലെ ബിബിസി മാപ്പു പറയുകയും ചെയ്തു.
കളത്തിൽ മാത്രമല്ല, കളത്തിനു പുറത്തും യഥാർത്ഥ നായകനാണ് താനെന്ന് സൈമൺ കെയർ ഇന്നലെ തെളിയിച്ചു. നിലത്തുവീണ എറിക്‌സണ് ശ്വാസോച്ഛ്വോസം ഉറപ്പുവരുത്തിയത് ക്യാപ്റ്റനായിരുന്നു. തൊട്ടുപിന്നാലെ റഫറിയോടൊത്ത് അടിയന്തര മെഡിക്കൽ സഹയം ഉറപ്പുവരുത്തി. സബ്രിനയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചതിന് ഒപ്പം സ്വകാര്യത സംരക്ഷിക്കാൻ സഹതാരത്തിന് ചുറ്റും മനുഷ്യമതിൽ തീർത്തതും കെയറിന്റെ നേതൃത്വത്തിലായിരുന്നു.
2012 മുതൽ എറിക്‌സണും സെബ്രിനയും തമ്മിൽ പ്രണയത്തിലാണ്. ആറു വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിൽ താമസമാക്കി. ആൽഫ്രഡ് എന്നൊരു മകനുണ്ട്. ലോകകപ്പ് തയ്യാറെടുപ്പുകൾക്കിടെ 2018 ജൂണിലായിരുന്നു ആൽഫ്രഡിന്റെ ജനനം.
Adjust Story Font
16