Quantcast

ഒഡീഷയോടും രക്ഷയില്ല; ഐ.എസ്.എല്ലിൽ ആറിൽ ആറും തോറ്റ് ഈസ്റ്റ് ബംഗാൾ

ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് നിരവധി താരങ്ങളെയെത്തിച്ചിട്ടും ടീമിന് പ്രതീക്ഷക്കൊത്തുയരാനായില്ല

MediaOne Logo

Sports Desk

  • Published:

    22 Oct 2024 4:30 PM GMT

There is no escape from Odisha either; East Bengal lose six out of six in ISL
X

കലിംഗ: ഐ.എസ്.എല്ലിൽ നിലയുറപ്പിക്കാനാകാതെ ഈസ്റ്റ് ബംഗാൾ. കലിംഗ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷയോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് കീഴടങ്ങിയത്. ഇതോടെ സീസണിൽ കളിച്ച ആറിൽ ആറും തോറ്റ് പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 22ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഗോളിൽ ഒഡീഷ എഫ്.സിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുൻ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റകോസ്(45+4) സന്ദർശകർക്ക് സമനില നേടികൊടുത്തു.

രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ഒടുവിൽ 69ാം മിനിറ്റിൽ അഹമ്മദ് ജാഹുവിന്റെ അസിസ്റ്റിൽ സെനഗൽ പ്രതിരോധ താരം മൗർത്താഡ ഫാൾ മികച്ചൊരു ഹെഡ്ഡറിലൂടെ മത്സരത്തിലെ വിജയ ഗോൾ നേടി. 76ാം മിനിറ്റിൽ പ്രൊവട്ട് ലാക്‌റ ചുവപ്പ് കാർഡ് വഴങ്ങി പുറത്ത് പോയതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായാണ് ഈസ്റ്റ് ബംഗാൾ പൊരുതിയത്.

പുതിയ സീസണിന് മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് നിരവധിപേരെയെത്തിച്ചെങ്കിലും ബംഗാൾ ക്ലബിന് പ്രതീക്ഷക്കൊത്തുയരാനായില്ല. ഇതോടെ സ്പാനിഷ് പരിശീലകൻ കാർലെസ് ക്യൂഡ്രാറ്റിനെ പുറത്താക്കി ഓസ്‌കാർ ബ്രൂസണെ കൊണ്ടുവരികയും ചെയ്തു. എന്നാൽ പുതിയ കോച്ചിനു കീഴിലും ടീമിന് വിജയം തൊടാനായില്ല


TAGS :

Next Story