സാക്കയ്ക്ക് ഹാട്രിക്, രണ്ടടിച്ച് കെയ്ന്‍; നോർത്ത് മാസിഡോണിയയെ ഏഴിൽ മുക്കി ഇംഗ്ലണ്ട്
മറ്റൊരു യൂറോ യോഗ്യതാ പോരാട്ടത്തിൽ കിലിയൻ എംബാപ്പെയുടെ ഏക ഗോളിൽ ഫ്രാൻസ് ഗ്രീസിനെ തോൽപിച്ചു
ലണ്ടൻ: ബുകായോ സാക്കയുടെ ഹാട്രിക്കിൽ നോർത്ത് മാസിഡോണിയയെ ഏഴിൽ മുക്കിക്കളഞ്ഞ് ഇംഗ്ലണ്ട്. ഓൾഡ് ട്രാഫോഡിൽ നടന്ന 2024 യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിൽ എതിരില്ലാത്ത ഏഴു ഗോളിനാണ് ഹാരി കെയ്‌നിന്റെ സംഘത്തിന്റെ വിജയം. മറ്റൊരു യോഗ്യതാമത്സരത്തിൽ കിലിയൻ എംബാപ്പെയുടെ ഏക ഗോളിൽ ഫ്രാൻസ് ഗ്രീസിനെയും തോൽപിച്ചു.
ലോകകപ്പ് തൊട്ട് അന്താരാഷ്ട്ര ഫുട്‌ബോളിലെ മികച്ച ഫോം തുടരുകയാണ് സാക്ക. ഇന്നലത്തെ ഹാട്രിക് ഗോളടക്കം കഴിഞ്ഞ എട്ട് അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് ഏഴ് ഗോളാണ് താരം അടിച്ചുകൂട്ടിയത്. നായകൻ കെയ്ൻ രണ്ടും മാർക്കസ് റാഷ്‌ഫോഡും പകരക്കാരനായെത്തിയ കാൽവിൻ ഫിലിപ്‌സും ഓരോ ഗോൾ വീതവും അടിച്ചാണ് മാസിഡോണിയൻ സംഘത്തെ തകർത്തുകളഞ്ഞത്. വിജയത്തോടെ ഗ്രൂപ്പ് 'സി'യിൽ രണ്ടാം സ്ഥാനക്കാരായ യുക്രൈനിൽനിന്ന് ആറു പോയിന്റ് വ്യത്യാസത്തിൽ വൻ കുതിപ്പ് തുടരുകയാണ് ഇംഗ്ലണ്ട്. നാല് മത്സരങ്ങളിൽനിന്ന് 12 പോയിന്റാണ് ടീമിനുള്ളത്. യുക്രൈൻ(ആറ്), ഇറ്റലി(മൂന്ന്), നോർത്ത് മാസിഡോണിയ(മൂന്ന്), മാൾട്ട(പൂജ്യം) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ മറ്റുള്ളവരുടെ പോയിന്റ് നില.
ശക്തമായ നിരയെ തന്നെയാണ് ഇന്നലെ ഗാരത്ത് സൗത്ത്‌ഗേറ്റ് കളത്തിലിറക്കിയത്. 29-ാം മിനിറ്റിൽ നായകൻ തന്നെ ടീമിന്റെ അക്കൗണ്ട് തുറന്നു. പിന്നാലെ 38-ാം മിനിറ്റിൽ സാക്കയുടെ ആദ്യ ഗോൾ. കൈൽ വാക്കർ വലതുവിങ്ങിൽനിന്നു നൽകിയ പാസ് സ്വീകരിച്ചാണ് സാക്ക പന്ത് വലയിലാക്കിയത്. ജോർദൻ ഹാൻഡേഴ്‌സന്റെ അസിസ്റ്റിൽ 45-ാം മിനിറ്റിൽ റാഷ്‌ഫോഡിന്റെ കാലിൽനിന്നും ഗോൾ പിറന്നതോടെ മത്സരം ആതിഥേയർ ഏകപക്ഷീയമായി കീഴടക്കിയ സ്ഥിതിയായിരുന്നു.
എന്നാൽ, ആദ്യ പകുതി പിന്നിട്ട ശേഷവും ഇംഗ്ലീഷ്‌നിര ഗോളടി നിർത്തിയില്ല. കളി പുനരാരംഭിച്ച് മിനിറ്റുകൾക്കകം രണ്ടാം ഗോളുമായി സാക്കയുടെ ആക്രമണം. നോർത്ത് മാസിഡോണിയയ്ക്ക് ഒന്ന് ആശ്വസിക്കാൻ പോലും സമയം നൽകാതെ ഹാട്രിക് ഗോളും വന്നു. 51-ാം മിനിറ്റിൽ കെയിനിന്റെ അസിസ്റ്റിൽ സാക്കയുടെ കിടിലൻ ഗോൾ. അന്താരാഷ്ട്ര കരിയറിലെ ആദ്യ ഹാട്രിക് ഗോളാണ് താരം സ്വന്തം പേരിൽ കുറിച്ചത്.
എന്നാൽ, അവിടെംകൊണ്ടും നിർത്താൻ മനസുണ്ടായിരുന്നില്ല ഇംഗ്ലീഷ് പടയ്ക്ക്. പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകം ഫിലിപ്‌സ് ലക്ഷ്യംകണ്ടു. 64-ാം മിനിറ്റിൽ ക്ലോസ്‌റേഞ്ചിൽനിന്ന് തൊടുത്ത ഷോട്ട് മാസിഡോണിയൻ ഗോൾകീപ്പറെയും കടന്ന് ബോക്‌സിൽ. 73-ാം മിനിറ്റിൽ ബോക്‌സിനകത്ത് എജ്‌സൻ ബെജ്തുലായിയുടെ ഫൗളിൽനിന്ന് ലഭിച്ച പെനാൽറ്റി അവസരം അനാസായം വലയിലാക്കി കെയ്ൻ നോർത്ത് മാസിഡോണിയയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും തറച്ചു. രാജ്യത്തിനുവേണ്ടി 58-ാമത്തെ ഗോളാണ് ഹാരി കെയ്ൻ കുറിച്ചത്.
ഗ്രൂപ്പ് 'ബി'യിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗ്രീസിനെതിരെ ഫ്രാൻസിന്റെ വിജയം. 55-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു ഫ്രഞ്ച് നായകൻ എംബാപ്പെ. ഇതോടെ ഗ്രൂപ്പിൽ 12 പോയിന്റുമായി ബഹുദൂരം മുന്നിലാണ് ഫ്രാൻസ്. ഡബ്ലിനിൽ നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അയർലൻഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ജിബ്രാൾട്ടറിനെ തകർക്കുകയും ചെയ്തു. ഗ്രീസ്(ആറ്), അയർലൻഡ്(മൂന്ന്), നെതർലൻഡ്‌സ്(മൂന്ന്), ജിബ്രാൾട്ടർ(പൂജ്യം) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ മറ്റു ടീമുകളുടെ പോയിന്റ് നില.
Summary: England routed North Macedonia 7-0 with a stunning Bukayo Saka hat trick and Harry Kane double at Old Trafford in UEFA European Championship Qualifying
Adjust Story Font
16