പ്രീമിയർ ലീഗിൽ ആഴ്‌സനൽ ലിവർപൂൾ ബലാബലം; ഒന്നാംസ്ഥാനം നിലനിർത്തി ഗണ്ണേഴ്‌സ്
നാലാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേലിന്റെ ഹെഡ്ഡർഗോളിൽ ഗണ്ണേഴ്സ് മുന്നിലെത്തി. 29ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലയുടെ ഗോളിൽ ചെമ്പട സമനിലപിടിച്ചു.
ലണ്ടൻ: പ്രീമിയർലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ആഴ്‌സനൽ-ലിവർപൂൾ മത്സരം സമനിലയിൽ. ലിവർപൂൾ ഹോംഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന ഗ്ലാമർ പോരാട്ടത്തിൽ ഇരുടീമുകളും ഓരോഗോൾ വീതം നേടി. കളിയുടെ നാലാംമിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേലിന്റെ ഹെഡ്ഡർഗോളിൽ ഗണ്ണേഴ്സ് മുന്നിലെത്തി. 29ാം മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലയുടെ ഗോളിൽ ചെമ്പട സമനിലപിടിച്ചു.
ആദ്യമിനിറ്റു മുതൽ ആക്രമണ പ്രത്യാക്രമണവുമായി ഇരു ടീമുകളും കളംനിറഞ്ഞതോടെ കാണികൾക്ക് ക്രിസ്മസ് വിരുന്നായി മത്സരം. വിജയിക്കാനായാൽ ലിവർപൂളിന് പോയന്റ് ടേബിളിൽ ഒന്നാമതെത്താമായിരുന്നു. സമനിലയായതോടെ 18 കളിയിൽ 40 പോയന്റുമായി ആഴ്സനൽ ഒന്നാംസ്ഥാനം നിലനിർത്തി. ലിവർപൂൾ 39 പോയന്റുമായി രണ്ടാമത് തുടരുന്നു. ശനിയാഴ്ച ഷെഫീൽഡ് യുണൈറ്റഡുമായി സമനിലയിൽ പിരിഞ്ഞതോടെ ക്രിസ്മസിന് മുൻപ് ഒന്നാംസ്ഥാനത്തെത്താനുള്ള അവസരം ആസ്റ്റൺവില്ലക്ക് നഷ്ടമായി.നിലവിൽ 39 പോയന്റുമായി ലിവർപൂളിന് പിന്നിൽ മൂന്നാമതാണ്.
ആൻഫീൽഡിൽ അവസാനംകളിച്ച പത്ത്മാച്ചിലും വിജയിക്കാനായില്ലെന്ന നാണക്കേട് മറികടക്കാൻ ആഴ്സനലിന് ഇനിയും കാത്തിരിക്കേണ്ടിവരും. ആദ്യമിനിറ്റ് മുതൽ ലിവർപൂൾ ഹാഫിലേക്ക് നിരന്തരം ആക്രമണം നടത്തിയ ഗണ്ണേഴ്സിന് സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതിൽ സ്വയംപഴിക്കാം. മറുവശത്ത് കരുതലോടെ തുടങ്ങിയ ലിവർപൂൾ പിന്നീട് സ്വതസിദ്ധമായ ശൈലിയിലേക്ക് മടങ്ങിയെത്തി. രണ്ടാംപകുതിയിൽ ഇരുടീമുകൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി.
Adjust Story Font
16