പ്രീമിയർലീഗിൽ ചെൽസിയെ കുരുക്കി ഫോറസ്റ്റ്; വില്ലക്ക് കൈകൊടുത്ത് യുണൈറ്റഡ്
അവസാന മിനിറ്റുകളിൽ പത്തുപേരായി ചുരുങ്ങിയിട്ടും ചെൽസിയെ പിടിച്ചുകെട്ടാൻ നോട്ടിങ്ഹാമിനായി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും സമനില. നോട്ടിങ്ഹാം ഫോറസ്റ്റാണ് ചെൽസിയെ (1-1) സമനിലയിൽ തളച്ചത്. ഫോറസ്റ്റിനായി 49ാം മിനിറ്റിൽ ക്രിസ് വുഡും ചെൽസിക്കായി 57ാം മിനിറ്റിൽ നോണി മധുവേകെയും ലക്ഷ്യംകണ്ടു. അവസാന മിനിറ്റുകളിൽ പത്തുപേരുമായി ചുരുങ്ങിയിട്ടും നോട്ടിങ്ഹാം ചെൽസി ആക്രമണത്തെ കൃത്യമായി പ്രതിരോധിച്ചു.ആസ്റ്റൺവില്ല -മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
കഴിഞ്ഞ മാച്ചിൽ ബ്രൈട്ടനെതിരെ നടത്തിയ പ്രകടനം നോട്ടിങ്ഹാമിനെതിരെ പുറത്തെടുക്കാൻ നീലപടക്കായില്ല. ആക്രമണ-പ്രത്യാക്രണവുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയുടെ നാലാംമിനിറ്റിൽ സ്വന്തംതട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ ഞെട്ടിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ് വലകുലുക്കി. മിലെൻകോവിചിന്റെ അസിസ്റ്റിൽ ക്രിസ് വുഡ് ലക്ഷ്യംകണ്ടു. എന്നാൽ 57ാം മിനിറ്റിൽ ചെൽസി സമനില കണ്ടെത്തി. വലതുവിങിലൂടെ മുന്നേറിയ മധുവേകെ ബോക്‌സിനുള്ളിൽ നിന്ന് രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് പോസ്റ്റിലേക്ക് നിറയൊഴിച്ചു.
ഫോറസ്റ്റ് ഗോൾകീപ്പർ മാറ്റ്‌സ് എൽസിന് യാതൊരു അവസരവും ലഭിച്ചില്ല. 78ാം മിനിറ്റിൽ ഫോറസ്റ്റ് താരം ജെയിംസ് വാർഡ്-പ്രോസിന് ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായാണ് സന്ദർശകർ പൊരുതിയത്. വിജയഗോൾ ലക്ഷ്യമിട്ട് ക്രിസ്റ്റഫർ എൻകുൻകു, ജാവോ ഫെലിക്‌സ്, മിഖായേലോ മുഡ്രിച് എന്നിവരെ ചെൽസി പരിശീലകൻ എൻസോ മരെസ്‌ക കളത്തിലിറക്കിയെങ്കിലും എതിർപ്രതിരോധം ഭേദിക്കാനായില്ല. ഇഞ്ചുറി സമയത്ത് മികച്ച സേവുമായി ചെൽസി ഗോൾകീപ്പർ സാഞ്ചസും കളംനിറഞ്ഞു.
സ്വന്തം തട്ടകമായ വില്ലാപാർക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ട ആസ്റ്റൺ വില്ലക്ക് വിജയം സ്വന്തമാക്കാനായില്ല. ആദ്യ പകുതിയിൽ ഇരുടീമുകളും കരുതലോടെയാണ് കളിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഇരുടീമുകളും മികച്ചുനിന്നെങ്കിലും ഗോൾമാത്രം അകന്നുനിന്നു.
Adjust Story Font
16