ജാക്‌സന് ഡബിൾ; ഇംഗ്ലീഷ് പ്രീമിയർലീഗിൽ ചെൽസിക്ക് വിജയത്തുടർച്ച (3-0)
ജയത്തോടെ പോയന്റ് ടേബിളിൽ ചെൽസി രണ്ടാംസ്ഥാനത്തേക്കുയർന്നു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ വിജയത്തുടർച്ചയിൽ ചെൽസി. വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കീഴടക്കിയത്. സ്‌ട്രൈക്കർ നിക്കോളാസ് ജാക്‌സൻ ഇരട്ടഗോളുമായി(4,18) തിളങ്ങി. 47ാം മിനിറ്റിൽ കോൾ പാൽമറും വലകുലുക്കി. ജയത്തോടെ ചെൽസി പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.
CHELSEA, CHELSEA, CHELSSEEEAAAA!!!#CFC | #WHUCHE pic.twitter.com/CuTBRKa3JA
— Chelsea FC (@ChelseaFC) September 21, 2024
തുടക്കം മുതൽ ആക്രമിച്ച് കളിച്ച നീലപട മൂന്നാംമിനിറ്റിൽതന്നെ വലകുലുക്കി. ജേഡൻ സാഞ്ചോയുടെ അസിസ്റ്റിലാണ് ജാക്‌സൻ വലകുലുക്കിയത്. യുണൈറ്റഡിൽ നിന്ന് ഈ സീസണിൽ ടീമിലെത്തിച്ച സാഞ്ചോ ചെൽസി നിരയിൽ ആദ്യമായാണ് ഫസ്റ്റ് ഇലവനിൽ സ്ഥാനം പിടിച്ചത്. 18ാം മിനിറ്റിൽ സെനഗൽ താരം ജാക്‌സൻ രണ്ടാം ഗോളും നേടി. മൊയിസെസ് കയിസെഡോയുടെ അസിസ്റ്റിലാണ് ലീഡ് ഉയർത്തിയത്. രണ്ടാം പകുതിയിലും ആക്രമിച്ച് കളിച്ച മുൻ ചാമ്പ്യൻമാർ രണ്ടാംപകുതി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഗോൾ എണ്ണം ഉയർത്തി. നിക്കോളാസ് ജാക്‌സന്റെ അസിസ്റ്റിൽ ഇംഗ്ലീഷ് താരം കോൾ പാൽമറാണ് ഗോൾനേടിയത്. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് പന്തടിക്കുന്നതിലുമെല്ലാം ചെൽസിക്കൊപ്പം പിടിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മകളാണ് വെസ്റ്റ്ഹാമിന് തിരിച്ചടിയായത്.
Adjust Story Font
16