Quantcast

ആൻഫീൽഡിൽ ലിവർപൂളിനെ അട്ടിമറിച്ച് ഫോറസ്റ്റ്; ഹാളണ്ട് ഇരട്ട ഗോളിൽ സിറ്റിക്ക് ജയം

1969ന് ശേഷം ആദ്യമായാണ് ആൻഫീൽഡിൽ ഫോറസ്റ്റ് വിജയം സ്വന്തമാക്കുന്നത്.

MediaOne Logo

Sports Desk

  • Published:

    14 Sep 2024 4:24 PM GMT

Forest upset Liverpool at Anfield; Holland scored a double for City to win
X

ലണ്ടൻ: സ്വന്തം തട്ടകമായ ആൻഫീൽഡിൽ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. നോട്ടിങ്ഹാം ഫോറസ്റ്റാണ് എതിരില്ലാത്ത ഒരു ഗോളിന് ചെമ്പടയെ തകർത്തത്. 72ാം മിനിറ്റിൽ കല്ലും ഹഡ്‌സൻ ഒഡോയിയാണ് സന്ദർശകർക്കായി ലക്ഷ്യം കണ്ടത്. 1969ന് ശേഷം ആദ്യമായാണ് ആൻഫീൽഡിൽ ഫോറസ്റ്റ് വിജയം സ്വന്തമാക്കുന്നത്. പന്തടകത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലുമെല്ലാം ആതിഥേയർ മുന്നിട്ടു നിന്നെങ്കിലും ഗോൾ മടക്കാനായില്ല.

ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ 72ാം മിനിറ്റിൽ കളിയുടെ ഗതി നിർണയിച്ച ഗോളെത്തി. വലതുവിങിൽ നിന്ന് ആന്റണി എലാംഗ നൽകിയ ലോങ് ബോൾ സ്വീകരിച്ച് ഹഡ്‌സൻ ഒഡോയി കുതിച്ചുകയറി. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഉതിർത്ത വലംകാലൻ ഷോട്ട് അലിസൻ ബക്കറെ മറികടന്ന് വലയിൽ കയറി. അവസാന മിനിറ്റുവരെയും ഗോൾ മടക്കാനുള്ള ചെമ്പടയുടെ ശ്രമങ്ങളെ നോട്ടിങ്ഹാം പ്രതിരോധനിര കൃത്യമായി തടഞ്ഞുനിർത്തി. പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ ക്ലബിന്റെ ആദ്യ തോൽവിയാണ്.

മറ്റൊരു മത്സരത്തിൽ ബ്രെൻഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മാഞ്ചസ്റ്റർ സിറ്റി തോൽപിച്ചു. എർലിങ് ഹാളണ്ട് ഇരട്ടഗോൾ നേടി. 19,32 മിനിറ്റുകളിലായാണ് നോർവീജിയൻ താരം വലകുലുക്കിയത്. ആദ്യ മിനിറ്റിൽ യോനെ വിസയുടെ ഗോളിൽ ബ്രെൻഡ്‌ഫോർഡാണ് ലീഡെടുത്തത്. മറ്റു മത്സരങ്ങളിൽ ഫുൾഹാം വെസ്റ്റ്ഹാം ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. ക്രിസ്റ്റൽ പാലസും ലെസ്റ്ററും രണ്ട് ഗോൾവീതം നേടിയും ബ്രൈട്ടൻ-ഇസ്പിച് ടൗൺ ഗോൾരഹിത സമനിലയിലും പിരിഞ്ഞു

TAGS :

Next Story