ബുള്ളറ്റ് ഗോളുമായി ഗുളർ; ജോർജിയയെ 3-1 തകർത്ത് യൂറോക്ക് തുടക്കമിട്ട് തുർക്കി
ആദ്യ യൂറോക്കെത്തിയ ജോർജിയ വീരോചിതം പൊരുതിയാണ് കീഴടങ്ങിയത്.
ഡോർട്ട്മുണ്ട്: ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റുവരെ നീണ്ടുനിന്ന ആവേശ പോരാട്ടത്തിനൊടുവിൽ തുർക്കിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആദ്യ യൂറോ കളിക്കുന്ന ജോർജിയയെ കീഴടക്കിയത്. വീരോചിത ചെറുത്തു നിൽപ്പ് നടത്തിയ ജോർജിയ നിർഭാഗ്യം കൊണ്ടുമാത്രമാണ് തോൽവി വഴങ്ങിയത്. 25ാം മിനിറ്റിൽ മെർട്ട് മൾഡറുടെ മികച്ചൊരു ഷോട്ടിൽ തുർക്കി മുന്നിലെത്തി. 32ാം മിനിറ്റിൽ നവാഗതരായ ജോര്ജിയ ഗോൾ മടക്കി. മികച്ച പാസിംഗ് ഗെയിം കളിച്ച് മുന്നേറിയ ടീമിനായി ജോർജ് മിക്കൗടാഡ്‌സെയാണ് വലകുലുക്കിയത്. 65ാം മിനിറ്റിൽ കൗമാരതാരം ആർദ ഗുളറിന്റെ കിടിലൻ ബുള്ളറ്റ് ഷോട്ടിൽ തുർക്കി വീണ്ടും ലീഡെടുത്തു. ഒടുവിൽ ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ(90+7) കെരം ആക്ടർകോലുവിലൂടെ മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.
തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണവുമായി കളം നിറഞ്ഞു. 10ാം മിനിറ്റിൽ തുർക്കി താരം കാൻ അയ്ഹാന്റെ ഷോട്ട് ജോർജിയ പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി. ആദ്യ മിനിറ്റുകളിൽ പിൻകാലിലൂന്നിയാണ് ജോർജിയ നേരിട്ടത്. 25ാം മിനിറ്റിൽ തുർക്കി ആദ്യ ഗോൾനേടി. ഫെർഡി കഡിയോലു ബോക്‌സിലേക്ക് നൽകിയ പന്ത് ജോർജിയ പ്രതിരോധ താരം ലാഷ ഡാലി ക്ലിയർചെയ്യാൻ ശ്രമിച്ചു. എന്നാൽ റീബൗണ്ട് പന്ത് പിടിച്ചെടുത്ത് മെർട്ട് മൾഡർ ഉതിർത്ത കിടിലൻ വോളി പോസ്റ്റിന്റെ മൂലയിൽ തുളച്ചുകയറി. യൂറോയിലെ ഇതുവരെയുള്ള മികച്ച ഗോളിലൊന്നായാണ് ഇത് വിലയിരുത്തുന്നത്. ഗോൾവീണതോടെ കളിശൈലിമാറ്റിയ ജോർജിയ വിങുകളിലൂടെ തുർക്കിയെ നിരന്തരം പരീക്ഷിച്ചു. ഒടുവിൽ 32ാം മിനിറ്റിൽ സമനിലപിടിച്ചു.
പ്രതിരോധത്തെ വെട്ടിച്ചുകയറിയ ജിയോർജി കൊഷോറാഷ്വിലി ബോക്‌സിനുള്ളിലേക്ക് നൽകിയ പന്ത് ജോർജ് ജോർജ് മിക്കൗടാഡ്സെ ലക്ഷ്യത്തിലെത്തിച്ചു. പ്രധാന ടൂർണമെന്റിലെ ജോർജിയയുടെ ആദ്യ ഗോളായിത്. 65ാം മിനിറ്റിൽ ബോക്‌സിന് 25 വാര അകലെനിന്ന് 19 കാരൻ ആർദ ഗുളർ അടിച്ച ബുള്ളറ്റ് ഷോട്ട് ജോർജിയ ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി(2-1). അധികസമയത്തിന്റെ അവസാന മിനിറ്റുകളിൽ ഗോൾനേടാനുള്ള ജോർജിയ ശ്രമങ്ങളെ കൃത്യമായ ഡിഫൻസിലൂടെ തുർക്കി തടഞ്ഞുനിർത്തി. ഒടുവിൽ ഗോൾകീപ്പറടക്കം തുർക്കി പോസ്റ്റിലെത്തി. ഒടുവിൽ അന്തിമ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ കെരം ആക്ടർകോലു ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തടിച്ച് മത്സരം സീൽചെയ്തു(3-1). യൂറോയിലെ തുടക്കക്കാരെന്ന കാര്യം മറന്നുകൊണ്ടുള്ള പോരാട്ടമാണ് ഡോർട്ട്മുണ്ട് സ്‌റ്റേഡിയത്തിൽ കളിയിലുടനീളം ജോർജിയ പുറത്തെടുത്തത്.
Adjust Story Font
16