Quantcast

'ജീവിതത്തിലെ ടാക്ലിങ്ങുകൾക്ക് മുന്നിൽ തോൽക്കാത്ത പോരാളി';സ്‌പെയിൻ വിജയത്തിൽ നിക്കോ ഒഴുക്കിയ വിയർപ്പ്

വംശീയ വിദ്വേഷത്തിന് പേരുകേട്ട സ്പാനിഷ് മണ്ണിൽ നിരവധി തവണയാണ് ആ കൗമാരക്കാരൻ അപമാനിതനായത്.

MediaOne Logo
ജീവിതത്തിലെ ടാക്ലിങ്ങുകൾക്ക് മുന്നിൽ തോൽക്കാത്ത പോരാളി;സ്‌പെയിൻ വിജയത്തിൽ നിക്കോ ഒഴുക്കിയ വിയർപ്പ്
X

ദുരിത പർവ്വംതാണ്ടി കുടിയേറ്റ താരങ്ങൾ ലോകം വെട്ടിപ്പിടിച്ച കഥകൾ കാൽപന്തുകളിയിൽ അനേകം തവണ നമ്മൾ കേട്ടതാണ്. കഠിന പരിശ്രമത്തിനൊടുവിൽ ഫുട്ബോളിന്റെ വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന അവരെല്ലാം പോയകാലത്തെ കുറിച്ച് ഓർക്കുമ്പോൾ പലപ്പോഴും ഈറനണിഞ്ഞു. സൗഭാഗ്യങ്ങൾ ഓരോന്നായി തേടിയെത്തുമ്പോഴും വന്നവഴിയും നാടും മറക്കാൻ ഈ താരങ്ങൾ തയാറായിരുന്നില്ല...

ഇത് അയാളുടെ കഥയാണ്. നീക്കോ വില്യംസ്. ഇംഗ്ലണ്ടിന്റെ ഹൃദയത്തിലേക്ക് വെടിച്ചില്ലുപോലെ പതിച്ച ആ ഗോളിന്റെ ഉടമ. ജർമൻ മണ്ണിൽ നാലാം കിരീടത്തിൽ സ്പാനിഷ് സംഘം മുത്തമിടുമ്പോൾ ഫൈനലിലെ താരമായതും ഈ യങ് ഫോർവേഡായിരുന്നു. 'ഞങ്ങൾ ഈ കിരീടം അർഹിച്ചിരുന്നു. ഈ ഫോമിൽ ഞങ്ങളെ തോൽപിക്കാൻ ആർക്കുമാകില്ല' പ്ലെയർഓഫ്ദിമാച്ച് പുരസ്‌കാരമേറ്റുവാങ്ങി സ്പാനിഷ് വിങ്ങറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഗ്യാലറിയിൽ നിന്നുയർന്ന ലാ റോജ വിളിക്ക് നടുവിൽ അൽവാരോ മൊറാട്ട നാലാമത്തെ യൂറോ കിരീടമുയർത്തുമ്പോൾ ജർമനിയിലിലെ ഒളിംപിയ സ്റ്റേഡിയത്തിലെ വി.ഐ.പി ഗ്യാലറിയിലിരുന്ന് ഇതിഹാസ താരങ്ങളായ ഇനിയസ്റ്റയും സാവിയും ഡേവിഡ് വിയയും കരഘോഷം മുഴക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ 2012ലെ യൂറോ കിരീടധാരണം മൂവരുടേയും മനസിൽ മിന്നി മാഞ്ഞിട്ടുണ്ടാകും.



നിക്കോ വില്യംസിന് പ്ലെയർഓഫ്ദിമാച്ച് പുരസ്‌കാരം നൽകി യുവേഫ ടെക്നിക്കൽ ഒഫ്സർവർ ടീം വിലയിരുത്തിയത് ഇങ്ങനെയാണ്. ' ഇയാളുടേത് വളരെ അപകടകരമായ മുന്നേറ്റങ്ങളായിരുന്നു. മധ്യനിരയുമായി മികച്ച കോമ്പിനേഷനിൽ കളിച്ചു. ആവശ്യമുള്ളപ്പോൾ പ്രതിരോധത്തിലേക്കിറങ്ങി. കളിക്കളത്തിൽ ഇത്രയധികം കോൺഫിഡൻസിൽ കളിച്ച മറ്റൊരു താരമുണ്ടായിരുന്നില്ല'. അതി സങ്കീർണ്ണമായൊരു ബാല്യകാലമുണ്ടായിരുന്നു നിക്കോ വില്യംസിന്. ജീവിതവഴിതേടി ഘാനയിൽ നിന്ന് സ്പെയിനിലേക്ക് കുടിയേറിയവരാണ് നിക്കോയുടെ കുടുംബം. സ്പെയിൻ ലക്ഷ്യമാക്കി ഇറങ്ങിയ നിക്കോയയുടെ മതാപിതാക്കളായ ഫെലിക്സിനും മരിയക്കും നേരിടേണ്ടവന്നത് കഷ്ടപാടിന്റെ ദിനരാത്രങ്ങളായിരുന്നു. ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലൂടെ അതികഠിനമായ യാത്ര. വഴിയിൽ കാത്തുനിന്ന മോഷ്ടാക്കളുടേയും ക്രിമിനലുകളുടേയും കണ്ണിൽപ്പെടാതെ ദിവസങ്ങൾ നീണ്ട കഠിനവഴിതാണ്ടി ഒടുവിൽ സ്പെയിൻ അതിർത്തി കടന്നു.


ദുരിതവഴിതാണ്ടിയെത്തിയ നിക്കോയുടെ കുടുംബം ബിൽബാവോയിൽ പുതിയ ജീവിതം കെട്ടിപടുത്തു. ഫെലിക്സിനും മരിയക്കും രണ്ടു മക്കൾ പിറന്നു. ഇനാകി വില്യംസും നീക്കോ വില്യംസും. ഇരുവർക്കും ബാല്യകാലം മുതലേ ഫുട്ബോളിനോടാനായിരുന്നു ഇഷ്ടം. കാൽപന്തുകളിയിലെ വിസ്മയപ്രകടനം ഇരുവരേയും അത്ലറ്റികോ ബിൽബാവോയിലേക്കെത്തിച്ചു. ഒരേ ക്ലബിൽ കളിച്ച് ജ്യേഷ്ഠനും സഹോദരനും പതിയെ സ്പെയിന് പുറത്തേക്ക് അറിയപ്പെടാൻ തുടങ്ങി. ആദ്യം സ്പാനിഷ് ദേശീയ ടീമിലേക്കെത്തിയത് ജ്യേഷ്ഠൻ ഇനാകിയായിരുന്നു. ബോസ്നിയക്കെതിരെ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം. എന്നാൽ പിന്നീട് അവസരങ്ങൾ ലഭിക്കാതായതോടെ ഇനാകി ഘാന യിലേക്ക് മടങ്ങി. ഫുട്ബോൾ ജീവിതം അവിടേക്ക് പറിച്ചുനട്ടു. എന്നാൽ നീക്കോയുടെ ഭാവി സ്പെയിനിൽ ശോഭനമായിരുന്നു. തുടരെ അവസരങ്ങൾ ആ താരത്തെ തേടിയെത്തി. 20ാം വയസിൽ സ്പാനിഷ് ടീമിലേക്കുള്ള വിളിയെത്തി. 2022ൽ യുവേഫ നാഷൺസ് ലീഗ് മത്സരങ്ങൾക്കുള്ള ലൂയിസ് എൻ റിക്വെയുടെ സ്‌ക്വാർഡിലേക്കാണ് വിളിയെത്തിയത്. സ്വിറ്റ്സർലൻഡിനെതിരെ അരങ്ങേറ്റം. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. യൂറോ വരെയെത്തിയ കരിയർ. ഇതുവരെ 20 മത്സരങ്ങളിൽ നിന്നായി നാല് ഗോളുകളാണ് സ്‌കോർ ചെയ്തത്.

വംശീയ വിദ്വേഷത്തിന് പേരുകേട്ട സ്പാനിഷ് മണ്ണിൽ നിരവധി തവണയാണ് ആ കൗമാരക്കാരൻ അപമാനിതനായത്. അത്ലറ്റികോ ബിൽബാവോക്ക് വേണ്ടി കളത്തിലിറങ്ങുമ്പോഴെല്ലാം നിറത്തിന്റെ പേരിൽ ക്രൂരമായ വേട്ടയാടലുകൾ. അവയ്ക്കെല്ലാമുള്ള മറുപടിയായിരുന്നു ആ സുന്ദര ഗോളുകളും പിന്നാലെയുള്ള സെലിബ്രേഷനും. ഇടതുവിങിലൂടെ ചാട്ടുളിപോലെ കുതിച്ചെത്തി നീക്കോ ഒഴുക്കിയ വിയർപ്പുകളാണ് സ്പെയിന്റെ ഷോക്കേഴ്സിലിരിക്കുന്ന ആ നാലാം കിരീടം. നിരവധിപേർ മിന്നിതിളങ്ങിയ ആ സോക്കർ മണ്ണിൽ ഇതാ പുതിയൊരു താരോദയം. പുതിയ ലക്ഷ്യങ്ങളിലേക്കുള്ള അയാളുടെ യാത്ര ഇതാ ഇവിടെ തുടങ്ങുകയാണ്...

TAGS :

Next Story