Quantcast

രക്ഷകനായി മെറീനോ; എക്‌സ്ട്രാ ടൈമിൽ ജർമനിയെ വീഴ്ത്തി സ്‌പെയിൻ സെമി ഫൈനലിൽ

എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിലാണ് സ്പാനിഷ് സംഘം വിജയഗോൾ നേടിയത്.

MediaOne Logo

Sports Desk

  • Updated:

    2024-07-05 19:22:02.0

Published:

5 July 2024 7:12 PM GMT

Merino as Savior; Spain beat Germany in extra time to reach the semi-finals
X

മ്യൂണിക്: അത്യന്തം ആവേശകരമായ മത്സരത്തിൽ ആതിഥേയരായ ജർമനിയെ വീഴ്ത്തി സ്‌പെയിൻ യൂറോ കപ്പ് സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുൻ ചാമ്പ്യൻമാരുടെ വിജയം. ഡാനി ഓൽമോ(51), എക്‌സ്ട്രാ ടൈമിൽ മിക്കേൽ മെറീനോ(119) എന്നിവർ സ്‌പെയിനായി വലകുലുക്കി. ഫ്‌ലോറിയാൻ വിർട്‌സാണ്(89) ജർമനിക്കായി ഗോൾനേടിയത്‌. ഡാനി കാർവഹാൽ അവസാന മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് പകരക്കാരനായി ഇറങ്ങിയ മെറീനോ സ്‌പെയിൻ രക്ഷകനായി അവതരിച്ചത്. ഡാനി ഓൽമോയുടെ പാസിൽ വായുവിൽ ഉയർന്നുപൊങ്ങി വെടിച്ചില്ലുപോലെ ഉതിർത്ത ഹെഡ്ഡർ ജർമൻ വലതുളക്കുകയായിരുന്നു.

ആക്രമണ,പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. വിസിൽ മുഴങ്ങിയതുമുതൽ സ്‌പെയിൻ മുന്നേറ്റവുമായാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റിൽ സ്‌പെയിൻ താരം പെഡ്രിയുടെ ഷോട്ട് ഗോൾകീപ്പർ മാനുവൽ ന്യൂയർ കൈപിടിയിലൊതുക്കി. തൊട്ടുപിന്നാലെ ടോണി ക്രൂസിന്റെ പരുക്കൻ അടവിൽ പെഡ്രി കളംവിട്ടു. പകരം ഡാനി ഒൽമോ പകരക്കാരനായെത്തി. വിങുകളിലൂടെ പതിവുപോലെ നിക്കോ വില്യംസും യാമിൻ യമാലും മുന്നേറിയതോടെ ജർമൻ പ്രതിരോധം ആടിയുലഞ്ഞു. പലപ്പോഴും കളി പരുക്കനായി. പന്ത് കൈവശം വെച്ചു കളിക്കാനാണ് ജർമനി ശ്രമിച്ചത്. 34ാം മിനിറ്റിൽ സ്‌പെയിൻ പ്രതിരോധം ഭേദിച്ച് ജർമൻ മുന്നേറ്റം ഗോളിലേക്കെത്തിയില്ല. തൊട്ടുപിന്നാലെ കായ് ഹാവെർട്‌സിന്റെ ഹെഡ്ഡർ സ്‌പെയിൻ ഗോൾകീപ്പർ ഉനയ് സിമോൺ തട്ടിയകറ്റി. തൊട്ടുപിന്നാലെ ലഭിച്ച അവസരവും ഹാവെട്‌സ് നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ തന്നെ ഡാനി ഓൽമോ പന്ത് വലയിലാക്കി. വലതുവിങിൽ നിന്ന് ബോക്‌സിലേക്ക് കയറി ലാമിൻ യമാൽ നൽകിയ പാസ് പിറകിൽ നിന്ന് ഓടിയെത്തി ഡാനി ഓൽമോ മാനുവൽ ന്യൂയറിന് യാതൊരു അവസരവും നൽകാതെ വലയിലാക്കി. ഗോൾ വീണതോടെ ആക്രമണത്തിന് മൂർച്ചകൂട്ടി ജർമനി കളം പിടിച്ചെങ്കിലും പിൻകാലിലൂന്നി പ്രതിരോധിക്കാനാണ് സ്‌പെയിൻ ശ്രമിച്ചത്. തുരുതുരെ മാറ്റങ്ങളുമായി ഇരു ടീമുകളും കളിയിൽ ആധിപത്യം പുലർത്താനായി പരിശ്രമിച്ചു. പകരക്കാരാനി ഇറങ്ങിയ ഫുൾക്രുഗിന്റെ ഗോൾശ്രമം പോസ്റ്റിൽ തട്ടി പുറത്തുപോയി. അവസാന മിനിറ്റിൽ ജമാൽ മുസിയാലയെ കൃത്യമായി ഡാനി കാർവഹാൽ പ്രതിരോധിച്ചുനിർത്തി. 83ാം മിനിറ്റിൽ സ്‌പെയിൻ ഗോൾ കീപ്പർ ഉനൈ സിമോണിന്റെ പിഴവ് മുതലെടുക്കാൻ ഹാവെട്‌സിനായില്ല. ഗോളിയ്ക്ക് മുകളിലൂടെ അടിക്കാനുള്ള ശ്രമം പുറത്തുപോയി. അവസാന മിനിറ്റിൽ ഓവർ ഡിഫൻസിലേക്ക് പോയത് സ്‌പെയിന് തിരിച്ചടിയായി. 89ാം മിനിറ്റിൽ ഫ്‌ളോറിയാൻ റിട്‌സിലൂടെ ജർമനി സമനില പിടിച്ചു. ബോക്‌സിനുള്ളിൽ നിന്ന് കിമ്മിച്ച് ഹെഡ്ഡ് ചെയ്ത് നൽകിയ പന്ത് യുവതാരം വിർട്‌സ് രണ്ട് സ്പാനിഷ് പ്രതിരോധതാരങ്ങൾക്കിടയിലൂടെ ഫിനിഷ് ചെയ്തു.

എക്‌സ്ട്രാ ടൈമിൽ സ്‌പെയിൻ മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല. ഒടുവിൽ കളി തീരാൻ മിനിറ്റുമാത്രം ബാക്കിനിൽക്കെ നടത്തിയ നീക്കം ഫലംകണ്ടു. ജർമൻ പ്രതിരോധത്തെ കബളിപ്പിച്ച് ഡാനി ഓൽമോ ബോക്‌സിലേക്ക് നൽകിയ ക്രോസ് മെറീനോ കൃത്യമായി ഫിനിഷ് ചെയ്തു. അവസാന മിനിറ്റിൽ ലഭിച്ച സുവർണാവസരങ്ങൾ ജർമൻ താരങ്ങൾ തുലച്ചതോടെ സ്‌പെയിൻ യൂറോയിലെ മറ്റൊരു സെമിയിലേക്ക് മാർച്ച് ചെയ്തു.

TAGS :

Next Story