അശ്ലീല ആംഗ്യവും ക്യാമറമാനെതിരായ ആക്രമണവും; എമിലിയാനോ മാർട്ടിനസിന് ഫിഫയുടെ വിലക്ക്
ബ്യൂണസ് അയേഴ്സ് : അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെതിരെ കടുത്ത നടപടിയുമായി ഫിഫ. മോശം പെരുമാറ്റത്തെ തുടർന്ന് താരത്തെ രണ്ട് യോഗ്യതാ മത്സരങ്ങളിൽ നിന്ന് വിലക്കി. ഇതോടെ ഒക്ടോബർ 10ന് വെനസ്വേലയ്ക്കെതിരെയും ഒക്ടോബർ 15ന് ബൊളീവിയക്കെതിരെയും നടക്കുന്ന മത്സരങ്ങളിൽ എമിലിയാനോ മാർട്ടിനെസിന് കളിക്കാനാകില്ല. പോയ മാസം നടന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ചിലി,കൊളംബിയ ടീമുകൾക്കെതിരായ മത്സരത്തിൽ മാർട്ടിനസ് നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് നടപടി. മത്സരങ്ങൾക്കിടെ എതിർ ടീമിനെതിരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനും ക്യാമറമാനെ തല്ലിയതിനുമാണ് മാർട്ടിനെസിന് സസ്പെൻഷൻ ലഭിച്ചത്.
സെപ്റ്റംബർ അഞ്ചിന് ചിലിക്കെതിരെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചിരുന്നു. അന്ന് കോപ്പ അമേരിക്ക ട്രോഫിയുടെ പകർപ്പ് തന്റെ ശരീരത്തോട് ചേർത്തുപിടിച്ച് അശ്ലീലപ്രകടനം നടത്തിയാണ് മാർട്ടിനസ് വിജയമാഘോഷിച്ചത്. 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷവും മാർട്ടിനസ് സമാനരീതിയിൽ പെരുമാറിയിരുന്നു. സെപ്റ്റംബർ പത്തിന് കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ അർജന്റീന 2-1ന് പരാജയപ്പെട്ടിരുന്നു.മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാണികളുടെ ഭാഗത്തുനിന്ന് മാർട്ടിനെസിനെതിരേ ആക്രോശങ്ങളുണ്ടായി. ഇതിൽ പ്രകോപിതനായ താരം ക്യാമറമാനെ തല്ലുകയായിരുന്നു.
ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങൾ പിന്നിട്ട അർജന്റീനയ്ക്ക് ആറിലും വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. 18 പോയിന്റോടെ ടേബിളിൽ അർജന്റീനയാണ് ഒന്നാം സ്ഥാനത്തുള്ളത്. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്താൻ അർജന്റീനയ്ക്ക് അടുത്ത യോഗ്യതാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്.മാർട്ടിനസിന് എതിരെയുള്ള ഫിഫയുടെ നടപടിയെ പൂർണമായും എതിർക്കുന്നുവെന്ന് അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ പ്രതികരിച്ചു.
Adjust Story Font
16