Quantcast

ഫിഫ ക്ലബ് ലോകകപ്പിന് പുത്തൻ ട്രോഫി; പ്രത്യേകതകൾ- വീഡിയോ

24 കാരറ്റ് സ്വർണം പൂശിയ കപ്പിൽ ഫുട്ബോളിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന വാചകങ്ങളും ചിത്രങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Sports Desk

  • Published:

    19 Nov 2024 4:22 PM GMT

New trophy for FIFA Club World Cup; Features- Video
X

ലണ്ടൻ: അടുത്തവർഷം ജൂണിൽ അമേരിക്ക വേദിയാകുന്ന ക്ലബ് ലോകകപ്പിന് മുന്നോടിയായി പുതിയ ട്രോഫി അവതരിപ്പിച്ച് ഫിഫ. പരമ്പരാഗത കായിക പുരസ്‌കാരങ്ങളെ മാറ്റിമറിക്കുന്ന രൂപത്തിൽ തയാറാക്കിയതാണ് പുതിയ ട്രോഫി. ഗോളാകൃതിയിൽ മനോഹരവും കൈയിൽ ഒതുങ്ങുന്നതുമായ ട്രോഫി നിർമ്മിച്ചത് വിഖ്യാത അമേരിക്കൻ ആഡംബര സ്വർണ്ണാഭരണ നിർമാതാക്കളായ ടിഫാനി ആന്റ് കോയാണ്. 24 കാരറ്റ് സ്വർണ്ണം പൂശിയ കപ്പിൽ ഫുട്ബോളിന്റെ നീണ്ട പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന വാചകങ്ങളും ചിത്രങ്ങളും സഹിതം ഇരുവശത്തും അതിമനോഹര ലേസർ കൊത്തുപണികൾ അവതരിപ്പിച്ചിട്ടുണ്ട്.

കാൽപന്തുകളിയുടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങൾ ഉൾപ്പെടുത്തിയ കപ്പിൽ ലോക ഭൂപടവും ഫിഫയുടെ അംഗമായ അസോസിയേഷനുകളുടേയും ആറ് കോൺഫെഡറേഷനുകളുടെയും പേരുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. 13 ഭാഷകളിലെയും ബ്രെയിലിയിലെയും ലിഖിതങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഗോള ഫുട്‌ബോൾ എത്രത്തോളം ഉൾക്കൊള്ളുന്നുവെന്നും ലോകമെമ്പാടുമുള്ള വിവിധ ഗ്രൂപ്പുകളെ ടൂർണമെന്റ് എങ്ങനെ ആകർഷിക്കുന്നുവെന്നും വ്യക്തമാക്കുന്നതാണ് ഈ ട്രോഫി. അടുത്തവർഷം ജൂൺ 15-ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂലൈ 13ന് സമാപിക്കും. ന്യൂയോർക്കിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് കലാശ പോരാട്ടം. യൂറോപ്പിൽ നിന്ന് 12, തെക്കേ അമേരിക്കയിൽ നിന്ന് ആറ്, സെൻട്രൽ, നോർത്ത് അമേരിക്കയിൽ നിന്ന് അഞ്ച്, ഏഷ്യയിൽ നിന്ന് നാല്, ആഫ്രിക്കയിൽ നിന്ന് നാല്, ഓഷ്യാനിയയിൽ നിന്ന് ഒന്ന് ടീമുകളാണ് മാറ്റുരക്കുക. ഡിസംബർ അഞ്ചിന് അമേരിക്കയിലാണ് ക്ലബുകളുടെ നറുക്കെടുപ്പ് നടക്കുക

TAGS :

Next Story