Quantcast

സ്‌പെയിനെ നേരിടുമ്പോൾ സൗത്ത് ഗേറ്റ് തന്ത്രങ്ങൾ; ടാക്റ്റിക്കൽ സബ്സ്റ്റിറ്റിയൂഷൻ തുടരുമോ

പതിറ്റാണ്ടുകളായി യൂറോപ്യൻ ഫുട്ബോളിന്റെ പവർഹൗസുകളായിട്ടും ഒരു കിരീടം പോലും ത്രീലയൺസിന്റെ ഷോക്കേഴ്സിലില്ല

MediaOne Logo

Sports Desk

  • Updated:

    2024-07-14 09:00:46.0

Published:

14 July 2024 8:51 AM GMT

സ്‌പെയിനെ നേരിടുമ്പോൾ സൗത്ത് ഗേറ്റ് തന്ത്രങ്ങൾ; ടാക്റ്റിക്കൽ സബ്സ്റ്റിറ്റിയൂഷൻ തുടരുമോ
X

'യൂറോയിലുടനീളം മികച്ച പ്രകടനം നടത്തിയ ടീമാണ് സ്പെയിൻ. ബിഗ് മാച്ചിൽ അവരെ നേരിടാനൊരുങ്ങുമ്പോൾ ഞങ്ങൾക്ക് അസാധാരണമായി കളിക്കാനാകണം. ഇത് ഫൈനലാണെന്ന ഉറച്ച ബോധ്യത്തോടെയാകും ഞങ്ങൾ ഇറങ്ങുക'. ഇംഗ്ലണ്ട് പരിശീലകൻ ഗാരത്ത് സൗത്ത്ഗേറ്റിന്റെ ഈ വാക്കുകളിൽ നിന്ന് ഒരു കാര്യം ഉറപ്പാണ്. ഇതുവരെ കണ്ട ഇംഗ്ലണ്ടിനെയാകില്ല ബെർലിനിലെ ഒളിംപിയ സ്റ്റേഡിയത്തിൽ കാണാനാകുക.

യൂറോ ഫൈനലിൽ ത്രീലയൺസ് പന്തുതട്ടുമ്പോൾ 53 കാരന് മുന്നിൽ അതൊരു ചരിത്ര നിയോഗമാണ്. പലതിനുമുള്ള ഉത്തരമാകും ഈ റിസൾട്ട്. അതിനാൽ ആവനാഴിയിലെ അവസാന അസ്ത്രവും സൗത്ത്ഗേറ്റ് പുറത്തെടുക്കുമെന്നുറപ്പ്. പതിറ്റാണ്ടുകളായി യൂറോപ്യൻ ഫുട്ബോളിന്റെ പവർഹൗസുകളായിട്ടും പേരിനൊരു യൂറോ കിരീടംപോലും ത്രീലയൺസിന്റെ ഷോക്കേഴ്സിലില്ല. ഡേവിഡ് ബെക്കാം, വെയിൻ റൂണി, സ്റ്റീവൻ ജെറാർഡ്, ജോൺ ടെറി, ഫ്രാങ്ക് ലംപാർഡ് പ്രതിഭകൾ ഒരുപാട് മിന്നി മാഞ്ഞെങ്കിലും ഇന്നും യൂറോ കിരീടജേതാക്കളുടെ കോളത്തിൽ ഇംഗ്ലണ്ട് ബിഗ് സീറോയാണ്. 1966ലെ ലോകകപ്പ് നേട്ടം മാത്രമാണ് ഇന്നും അലങ്കാരമായുള്ളത്.



1966ൽ നിന്ന് കാലവും കാൽപന്ത് കളിയും 2024ൽ എത്തിനിൽക്കുമ്പോൾ പരിശീലക റോളിൽ മുഖങ്ങൾ മാറികൊണ്ടേയിരുന്നെങ്കിലും ഇംഗ്ലണ്ടിനെ രണ്ട് മേജർ ഫൈനലിലെത്തിച്ച പരിശീലകൻ എന്ന ഖ്യാതി സൗത്ത്ഗേറ്റിന് മാത്രം സ്വന്തമാണ്. 2016ൽ റോയ് ഹഡ്സണിൽ നിന്ന് ഇംഗ്ലീഷ് പരിശീലക ചുമതലയേറ്റെടുത്തതു മുതൽ ഇതുവരെ 101 മത്സരങ്ങളിൽ നിന്നായി 61 ജയവും 24 സമനിലയും. യൂറോ കപ്പിൽ ഇതുവരെ 13 കളിയിൽ ഇംഗ്ലണ്ട് സൗത്ത്ഗേറ്റിന് കീഴിൽ തോൽവി അറിഞ്ഞിട്ടില്ല. കഴിഞ്ഞ യൂറോ ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ടെങ്കിലും അത് പെനാൽറ്റി ഷൂട്ടൗട്ടിണെന്ന് ഓർക്കണം.

ഇതുവരെയുള്ള കോച്ചിങ് കരിയറിനിടെ ഈ കോച്ചിന് അവകാശപ്പെടാനുള്ളത് സമാനതകളില്ലാത്ത നേട്ടങ്ങൾ. 2018 ലോകകപ്പിലും 2019 നേഷൺസ് ലീഗിലും സെമിയിലെത്തിച്ചു. 2020 യൂറോ ഫൈനൽ പ്രവേശനം. എന്നാൽ വലിയ പ്രതീക്ഷയോടെയെത്തി 2022 ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ മടങ്ങാനായിരുന്നു വിധി. ഇതോടെ സൗത്ത്ഗേറ്റിന്റെ നാളുകൾ എണ്ണപ്പെട്ടെന്ന് ആരാധകരും ഫുട്ബോൾ വിദഗ്ധരും ഉറച്ചു വിശ്വസിച്ചു. എന്നാൽ ഇംഗ്ലണ്ട് ഫുട്‌ബോളിന്റെ ബാറ്റൺ കൈമാറേണ്ടതില്ലെന്ന സുപ്രധാന തീരുമാനമാണ് അധികൃതർ സ്വീകരിച്ചത്. ഒടുവിൽ മറ്റൊരു കലാശപോരാട്ടത്തിലേക്കും അയാൾ ഇംഗ്ലീഷ് ടീമിനെയെത്തിച്ചു. പീറ്റർ ടൈലറിനും ഗോറാൻ എറിക്സണും സ്റ്റീവ് മഗ്ലാരനും ഫാബിയോ കപ്പെല്ലോക്കും സാധിക്കാത്തത് ജർമൻ മണ്ണിൽ പൂവണിയാനായാൽ എലേറ്റ് പട്ടികയിലാകും ഈ മുൻ ഇംഗ്ലീഷ് താരം ഇടംപിടിക്കുക.




സൗത്ത് ഗേറ്റിനെ വിമർശിക്കാൻ കാരണങ്ങൾ ഒരുപാടുണ്ട്. കളി ശൈലി മുതൽ താരങ്ങളെ തെരഞ്ഞെടുക്കുന്നതിലെ പ്രശ്നങ്ങൾ വരെ അതിൽ ഉൾപ്പെടും. പ്രതിഭാസമ്പന്നമായ ഒരു ടീമിനെ ലഭിച്ചിട്ടും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ അറിയില്ലെന്ന പഴി ഈ യൂറോയിലും നിരവധി തവണ അയാൾ നേരിട്ടു. പ്രീമിയർലീഗിലെ മിന്നും താരങ്ങളായ കോബി മൈനുവിനും കോൾ പാൽമറിനുമൊന്നും ആദ്യ മത്സരങ്ങളിൽ അവസരം നൽകാൻ സൗത്ത്ഗേറ്റ് തയാറായില്ല.ഗോളടിക്കാത്തെ ബാക്ക് പാസ് നൽകിയുള്ള ഈ കളി ശൈലി മോഡേൺ ഫുട്ബോളിന് യോചിച്ചതല്ലെന്ന് ഫുട്ബോൾ പണ്ഡിറ്റുകളും അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ സൗത്ത് ഗേറ്റിന്റെ ടാക്റ്റിക്സുകളും ടീം പ്രകടനവും ഈ വിമർശനം അടിവരയിടുന്നതായിരുന്നു. സെർബിയോട് ഒരു ഗോളിന് വിജയിച്ച ഹാരി കെയിനും സംഘവും ഡെൻമാർക്കിനോടും സ്ലൊവേനിയയോടും സമനില പിടിച്ചാണ് പ്രീക്വാർട്ടറിൽ കടന്നുകൂടിയത്. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതായതോടെ ആരാധകരിൽ നിന്ന് നിരന്തരം കൂവലും പരിഹാസവും.

നോക്കൗട്ടിലും ടീമുകൾ മാറിയെങ്കിലും കളി മാറിയില്ല. റൗണ്ട് ഓഫ് സിക്റ്റീനിൽ സ്ലൊവാക്യക്കെതിരായ വിജയം ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം ബ്രില്യൻസിൽ. ക്വാർട്ടറിൽ സ്വിറ്റ്സർലാൻഡിനെ മറികടന്നത് പെനാൽറ്റി ഷൂട്ടൗട്ടിൽ. സെമിക്കപ്പുറം പോകില്ലെന്ന് എല്ലാവരും വിധിയെഴുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. എല്ലാവരും തള്ളികളഞ്ഞ സൗത്ത്ഗേറ്റിന്റെ ടാക്റ്റിക്കൽ സബ്സ്റ്റിറ്റിയൂഷൻ ഇതാ ഇവിടെ വിജയിച്ചിരിക്കുന്നു. നെതർലാൻഡ്സിനെതിരായ ഹെവിവെയ്റ്റ് മാച്ചിലെ ഈ വിജയം സീറോയിൽ നിന്ന് ഹീറോയിലേക്കാണ് അയാളെ എത്തിച്ചത്. വിമർശനവും കൂവലുമെല്ലാം ഒരുദിനം മാറി മറയവെ പതുക്കെ കൈയടിയിലേക്ക് പരിണമിച്ചിരിക്കുന്നു. ടാക്റ്റിക്കൽ സബ്സ്റ്റിറ്റിയൂഷന്റെ വക്താവായാണ് സൗത്ത്ഗേറ്റ് എന്നും അറിയപ്പെട്ടിരുന്നത്. അതുതന്നെയാണ് ശക്തിയും ദൗർഭല്യവുമെന്ന് പലകുറി തെളിയിക്കുകയും ചെയ്തു. എന്നാൽ അവസാനം രക്ഷക്കെത്തിയതും നിരന്തരം പഴികേൾക്കുന്ന സൗത്ത്ഗേറ്റിന്റെ സ്വന്തം കരുതൽ ഫുട്ബോൾ തന്നെ.




80ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയിനെ പിൻവലിച്ച് അവസാന 10 മിനിറ്റിൽ സൗത്ത്ഗേറ്റ് സ്ട്രൈക്കറായി ഇറക്കിയത് ആസ്റ്റൺ വില്ല താരം ഒലീ വാറ്റ്കിൻസിനെ. മധ്യനിരയിൽ ഫിൽഫോഡനെ പിൻവലിച്ച് ചെൽസി സൂപ്പർതാരം കോൾ പാൽമറും ഗ്രൗണ്ടിലേക്ക്. ഇഞ്ചുറി ടൈമിൽ ഇംഗ്ലണ്ടിന് ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത് ഈ രണ്ടുതാരങ്ങൾ. പാൽമറിന്റെ അസിസ്റ്റിൽ വാറ്റ്കിൻസിന്റെ അത്യുഗ്രൻ ഗോൾ. വെള്ളവരക്കപ്പുറം അക്ഷമനായി നിൽക്കുകയായിരുന്ന പരിശീലകന് ഡെച്ച് പടക്കെതിരായ ലാസ്റ്റ്മിനിറ്റ് ഡ്രാമ നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഭാവിയിൽ പലതിലേക്കും ധൈര്യം പകരുന്ന വിജയം.

ഇതുവരെയുള്ളതെല്ലാം മറക്കാം... ഒരൊറ്റ ജയം കൂടി മതി. മറുവശത്തുള്ളവർ എല്ലാംകൊണ്ടും ഈ യൂറോയുടെ മനംകവർന്നവർ. കൂടുതൽ ഗോൾ നേടിയവർ. അറ്റാക്കിങ് ഫുട്ബോളിന്റെ സുന്ദര വക്താക്കൾ. യൂറോയിൽ ഇതിനകം 3 കിരീടം നേടിയവർ. അവരെ വീഴ്ത്തി മോഹകപ്പിൽ ഇംഗ്ലീഷ് പടക്ക് മുത്തമിടാനായാൽ അവിടെ പിറക്കുന്നത് പുതുചരിതമാകും. ഇതിഹാസങ്ങൾ പലരും കൈയൊഴിഞ്ഞിടത്ത് വാറ്റ്ഫോർഡിലെ ആ പഴയ ഫുട്ബോൾ താരത്തിന് ചരിത്രം തീർക്കാനാകുമോ. കാത്തിരുന്ന് തന്നെ കാണാം.

TAGS :

Next Story