Quantcast

ഇനിയില്ല ക്രൂസ് മാജിക്; വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ ഫുട്‌ബോളർ ടോണി ക്രൂസ്

യൂറോ കപ്പിന് ശേഷം ജർമൻ ടീമിനോട് വിടപറയുന്ന താരം റയൽ മാഡ്രിഡിനുവേണ്ടിയും ഇനി കളത്തിലിറങ്ങില്ല.

MediaOne Logo

Sports Desk

  • Published:

    21 May 2024 11:56 AM GMT

ഇനിയില്ല ക്രൂസ് മാജിക്; വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ ഫുട്‌ബോളർ ടോണി ക്രൂസ്
X

മാഡ്രിഡ്: ദേശീയ,ക്ലബ് ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ മധ്യനിര താരം ടോണി ക്രൂസ്. ഇൻസ്റ്റഗ്രാം വഴിയാണ് 34 കാരൻ കളിമതിയാക്കുന്നതായി അറിയിച്ചത്. അടുത്ത മാസം ജർമനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം. ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും റയൽ മാഡ്രിഡിനൊപ്പമുള്ള അവസാന മാച്ച്. നേരത്തെ ജർമൻ ടീമിൽ നിന്ന് വിരമിച്ച താരത്തെ പരിശീലകൻ ജൂലിയൻ നെഗ്‌ളസ്മാന്റെ താൽപര്യപ്രകാരം യൂറോ സംഘത്തിലേക്ക് മടക്കികൊണ്ടുവരികയായിരുന്നു.

അതേസമയം, റയൽ മാഡ്രിഡിനൊപ്പം വർഷങ്ങളായി തുടരുന്ന ക്രൂസ് ചാമ്പ്യൻസ് ലീഗടക്കം പ്രധാന കിരീടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കി. മധ്യനിരയിൽ മോഡ്രിച്-ക്രൂസ് കൂട്ടുകെട്ട് സ്പാനിഷ് ക്ലബിന്റെ കരുത്തായിരുന്നു. ലോക ഫുട്‌ബോളിലെതന്നെ ഏറ്റവും മികച്ച മധ്യനിരതാരമായാണ് ജർമൻ താരത്തെ വിശേഷിപ്പിക്കുന്നത്.

വിരമിക്കൽ കുറിപ്പിൽ വികാരഭരിതമായാണ് താരം പ്രതികരിച്ചത്. തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുകയും വിശ്വാസമർപ്പിക്കുകയും ചെയ്ത റയലിനോടുള്ള നന്ദിയും കടപ്പാടും കുറിപ്പിൽ വ്യക്തമാക്കി. റയൽ മാഡ്രിഡാണ് എന്റെ അവസാന ക്ലബ്ബ്. കരിയറിലെ മികച്ച ഫോമിൽ നിൽക്കുമ്പോൾ കളി നിർത്തണമെന്നതാണ് ആഗ്രഹം. ഇതാണ് ശരിയായ സമയമെന്ന് കരുതുന്നു-ക്രൂസ് ഇൻസ്റ്റയിൽ കുറിച്ചു. 2014ലാണ് താരം ബയേൺ മ്യൂണികിൽ നിന്ന് റയലിലേക്ക് ചുവട് മാറുന്നത്. റയലിനായി 305 മാച്ചിൽ 22 ഗോളുകൾ സ്‌കോർ ചെയ്തു.2010 മുതൽ ജർമൻ സീനിയർ ടീം അംഗമായ ക്രൂസ് 108 മത്സരത്തിലാണ് കളത്തിലിറങ്ങിയത്. 17 ഗോളുകളും നേടി.

TAGS :

Next Story