അർജന്റീനയുടെ പേടിസ്വപ്നത്തെ ടീമിലെടുത്ത് ജർമനി; ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചു
2014 ലോകകപ്പിൽ അർജന്റീനയുടെ ഹൃദയം തകർത്ത മരിയോ ഗോട്സെയാണ് വർഷങ്ങൾക്കു ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയത്
2014 ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ ഹൃദയം പിളർന്ന മരിയോ ഗോട്‌സെയെ ടീമിലെടുത്ത് ജർമനി ലോകകപ്പിന്. 2017-നു ശേഷം ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടില്ലാത്ത ഗോട്‌സേ, 17-കാരൻ യൂസുഫ മുകോകോ എന്നിവരെ ഉൾപ്പെടുത്തി ജർമൻ കോച്ച് ഹാൻസി ഫ്‌ളിക്ക് 26 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററൻ താരം മാറ്റ്‌സ് ഹമ്മൽസ്, ബൊറുഷ്യ ഡോട്മുണ്ട് ക്യാപ്ടൻ മാർക്കോ റിയൂസ്, പരിക്കിന്റെ പിടിയിലുള്ള തിമോ വെർണർ തുടങ്ങിയ പ്രമുഖർ ടീമിലില്ല.
കാമറൂണിൽ ജനിച്ച് ജർമനിയിലേക്ക് കുടിയേറിയ യൂസുഫ മുകോകോ ആണ് ജർമൻ ടീമിലെ അപ്രതീക്ഷിത താരം. പരിക്കും ഫോമില്ലായ്മയും കാരണം ദേശീയ ടീമിൽ ഇടം നഷ്ടമായിരുന്ന മിഡ്ഫീൽഡർ ഗോട്‌സെയ്ക്ക് ഈ ക്ലബ്ബ് സീസണിൽ എന്ത്രാക്ട് ഫ്രാങ്ക്ഫുർട്ടിനു വേണ്ടി പുറത്തെടുത്ത മികവാണ് അനുഗ്രഹമായത്. സമീപകാലത്ത് മിന്നും ഫോമിലാണ് ഗോട്‌സെ ഉള്ളതെന്നും ഇപ്പോൾ താരം പൂർണ ആരോഗ്യവാനാണെന്നും കോച്ച് പറയുന്നു. 2014 ലോകകപ്പിൽ 113 -ാം മിനുട്ടിൽ മരിയോ ഗോട്സെ നേടിയ ഗോളിലാണ് അർജന്റീനയെ തോൽപ്പിച്ച് ജർമനി ചാമ്പ്യന്മാരായത്. മത്സരത്തിലെ ഏക ഗോളായിരുന്നു ഇത്.
ജർമൻ ടീം ഇങ്ങനെ
ഗോൾകീപ്പർമാർ:
മാനുവൽ നോയർ (ബയേൺ മ്യൂണിക്ക്)
മാർക്ക് ആന്ദ്രേ ടെർസ്‌റ്റെഗൻ (ബാഴ്‌സലോണ)
കെവിൻ ട്രാപ്പ് (എന്ത്രാക്ട് ഫ്രാങ്ക്ഫുർട്ട്)
പ്രതിരോധം
അർമൽ ബെല്ല കൊച്ചാപ് (സതാംപ്ടൺ)
മത്ത്യാസ് ഗിന്റർ (ഫ്രീബർഗ്)
ക്രിസ്റ്റ്യൻ ഗുണ്ടർ (ഫ്രീബർഗ്)
തിലോ കെഹ്‌റർ (വെസ്റ്റ്ഹാം)
ലൂക്കാസ് ക്ലോസ്റ്റർമാൻ (ആർ.ബി ലീപ്‌സിഷ്)
ഡേവിഡ് റൗം (ലീപ്‌സിഷ്)
ആന്റോണിയോ റൂഡിഗർ (റയൽ മാഡ്രിഡ്)
നിക്കോ സ്‌ക്ലോട്ടർബെക്ക് (ഡോട്മുണ്ട്)
നിക്ലാസ് സുലെ (ഡോട്മുണ്ട്)
മധ്യനിര
ജൂലിയൻ ബ്രാന്റ് (ഡോട്മുണ്ട്)
ലിയോൺ ഗോരട്‌സ്‌ക (ബയേൺ)
മരിയോ ഗോട്‌സെ (ഫ്രാങ്ക്ഫുർട്ട്)
ഇൽകേ ഗുണ്ടോഹൻ (മാഞ്ചസ്റ്റർ സിറ്റി)
ജോഷ്വ കിമ്മിക്ക് (ബയേൺ)
ജൊനാസ് ഹോഫ്മാൻ (ബൊറുഷ്യ ഗ്ലാദ്ബാക്ക്)
ആക്രമണം
തോമസ് മ്യൂളർ (ബയേൺ)
കരീം അദേയെമി (ഡോട്മുണ്ട്)
കായ് ഹാവെറ്റ്‌സ് (ചെൽസി)
ജമാൽ മുസിയാല (ബയേൺ)
സെർജി നാബ്രി (ബയേൺ)
യൂസുഫ മുകോകോ (ഡോട്മുണ്ട്)
ലിറോയ് സാനെ (ബയേൺ)
നിക്ലാസ് ഫുൾക്രുഗ് (വെർഡർ ബ്രമൻ)
കരുത്തരായ സ്‌പെയിൻ ഉൾപ്പെടുന്ന ഗ്രൂപ്പ് ഇയിലാണ് ജർമനി ലോകകപ്പ് ആദ്യറൗണ്ട് കളിക്കുക. കോസ്റ്ററിക്ക, ജപ്പാൻ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
2010-നു ശേഷം ഇതാദ്യമായാണ് ജോക്കിം ലോ അല്ലാത്തൊരു കോച്ചിനു കീഴിൽ ജർമനി ലോകകപ്പിനെത്തുന്നത്. 2006 ലോകകപ്പിനു ശേഷം ടീമിന്റെ ചുമതലയേറ്റ ലോ, കഴിഞ്ഞ യൂറോകപ്പിൽ ജർമനിയുടെ പ്രീക്വാർട്ടറിലെ പുറത്താവലോടെയാണ് രാജിവെച്ചൊഴിഞ്ഞത്.
Adjust Story Font
16