Quantcast

വിവാദങ്ങള്‍ക്ക് പിറകെ സാള്‍ട്ട് ബേയെ അണ്‍ഫോളോ ചെയ്ത് ഫിഫ പ്രസിഡന്‍റ്

ഫിഫ നിയമങ്ങൾ പൂർണ്ണമായും അവഗണിച്ച് സാള്‍ട്ട് ബേ ലോകകപ്പ് ട്രോഫി പിടിച്ചു വാങ്ങി ഫോട്ടോക്ക് പോസ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-23 14:11:59.0

Published:

23 Dec 2022 1:52 PM GMT

വിവാദങ്ങള്‍ക്ക് പിറകെ സാള്‍ട്ട് ബേയെ അണ്‍ഫോളോ ചെയ്ത് ഫിഫ പ്രസിഡന്‍റ്
X

ദോഹ: ലോകകപ്പ് ഫൈനലിൽ അരങ്ങേറിയ വിവാദങ്ങൾക്ക് പിറകെ തുർക്കി ഷെഫ് സാൾട്ട് ബേയെ ഇന്‍സ്റ്റഗ്രാമില്‍ അൺ ഫോളോ ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ.സാൾട്ട് ബേ അടക്കം 303 അക്കൗണ്ടുകളേയാണ് ഫിഫ പ്രസിഡന്റ് ഫോളോ ചെയ്തിരുന്നത്. വിവാദങ്ങൾക്ക് പിറകെ ഇൻഫാന്റിനോ ബേയെ അൺഫോളോ ചെയ്യുകയായിരുന്നു.

ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയുടെ വിജയത്തിന് പിറകെ കളിക്കളത്തിലേക്ക് ഇറങ്ങിയ ബേ ആരാധകരെ അലോസരപ്പെടുത്തിയിരുന്നു. കളിക്കാർ കുടുംബത്തോടൊപ്പം ആഹ്ളാദിക്കുമ്പോള്‍, ഫിഫ നിയമങ്ങൾ പൂർണ്ണമായും അവഗണിച്ച് ബേ ഫിഫ ട്രോഫി പിടിച്ചു വാങ്ങി അതിനോടൊപ്പം ബേ പോസ് ചെയ്തു.

ഇതിനെത്തുടര്‍ന്ന് 'സാൾട്ട് ബേ' എന്നറിയപ്പെടുന്ന നസ്ർ-എറ്റ് ഗോക്‌സെയെ യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് വിലക്കിയിരുന്നു. 1914ൽ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രൗഡഗംഭീരവുമായ സോക്കർ ടൂർണമെന്റാണ് യു.എസ് ഓപ്പൺ കപ്പ്. ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം സാൾട്ട് ബേയ് ബഹളമുണ്ടാക്കിയെന്നും ഫിഫയുടെ സുപ്രധാന നിയമം ലംഘിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ലോകകപ്പ് കലാശപ്പോരിന് ശേഷം ഫോട്ടോ എടുക്കുന്നതിനായി ലയണൽ മെസ്സിയെ ശല്യപ്പെടുത്തുന്ന സാള്‍ട്ട് ബേയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ മെസ്സി അദ്ദേഹത്തെ അവഗണിക്കുകയും സഹതാരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുകയും ചെയ്തു. എന്നാൽ സാൾട്ട് ബേ മെസ്സിയെ വിടാതെ പിന്തുടര്‍ന്നു. ഒടുവിൽ അദ്ദേഹം മെസിക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.

അലക്‌സിസ് മക്അലിസ്റ്റർ, പൗലോ ഡിബാല, നിക്കോളാസ് ഒട്ടമെൻഡി, എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡെസ് എന്നിവരുൾപ്പെടെയുള്ള മറ്റു താരങ്ങൾക്കൊപ്പവും അദ്ദേഹം പോസ് ചെയ്തു. കൂടാതെ ചില താരങ്ങളുടെ മെഡലുകൾ കടിച്ചതും ആരാധകരുടെ രോഷത്തിനിടയാക്കി. സാൾട്ട് ബേയ്‌ക്കെതിരെ നിരവധി ആരാധകരാണ് രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. അദ്ദേഹത്തെ എങ്ങനെയാണ് ഫിഫാ വേദിക്ക് സമീപം അനുവദിച്ചതെന്നും ആരാധകർ ചോദിച്ചു.

20 മില്യൺ ഡോളർ വിലമതിക്കുന്ന 18 കാരറ്റ് സ്വർണ്ണ ട്രോഫി തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമേ തൊടാൻ അവസരമുള്ളൂ. ഫിഫയുടെ നിയമാവലി പ്രകാരം, ഫിഫ ലോകകപ്പ് മുൻ ജേതാക്കൾക്കും രാഷ്ട്രതലവന്മാർക്കും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും മാത്രമേ ലോകകപ്പ് ട്രോഫി തൊടാനും പിടിക്കാനും അനുവാദമുള്ളൂ. സാൾട്ട് ബേയെ വിലക്കിയുള്ള തീരുമാനത്തെ പലരും ട്വിറ്ററിൽ സ്വാഗതം ചെയ്തു. ഒരു തുർക്കി പൗരനെന്ന നിലയിൽ ഇത് തന്നെ വളരെയധികം സന്തോഷിപ്പിച്ചെന്നും നന്ദിയുണ്ടെന്നും ഒരാൾ ട്വിറ്ററിൽ കുറിച്ചു. അദ്ദേഹം കളിക്കാരെ അക്ഷരാർത്ഥത്തിൽ ശല്യപ്പെടുത്തിയെന്നും അവരുടെ വിജയം ആഘോഷിക്കാൻ താരങ്ങളെ അനുവദിച്ചില്ലെന്നും മറ്റൊരു വിഭാഗം കുറ്റപ്പെടുത്തുന്നു. മൊത്തത്തിൽ സാൾട്ട് ബേയിൽ നിന്നുണ്ടായത് മോശം പ്രവർത്തിയാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.


TAGS :

Next Story