തുലച്ചു കളഞ്ഞ നിരവധി അവസരങ്ങൾ; ചെന്നൈയ്ൻ എഫ്‌സി-ഈസ്റ്റ് ബംഗാൾ പോരാട്ടം ഗോൾരഹിത സമനിലയിൽ
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്‌സി. ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേർസിന് പിറകിലായി ഒമ്പതാം സ്ഥാനത്താണ്.
പാഴാക്കികളഞ്ഞ അവസരങ്ങളെയോർത്ത് ചെന്നൈയിൻ എഫ്‌സിക്ക് സ്വന്തം കഴിവുകേടിനെ പഴിക്കാം. തുടരെ തുടരെ ഗോൾ അവസരങ്ങൾ പാഴാക്കിയതോടെ ചെന്നൈയിൻ എഫ്‌സി-ഈസ്റ്റ് ബംഗാൾ മത്സരം ഗോള്‍രഹിത സമനിലയിൽ.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ചെന്നൈയിൻ ഈസ്റ്റ് ബംഗാൾ പോസ്റ്റിലേക്ക് ആക്രമണങ്ങൾ ആരംഭിച്ചിരുന്നു. നാലാം മിനിറ്റിൽ തന്നെ അനിരുദ്ധ് ഥാപ്പയുടെ മുന്നേറ്റത്തിൽനിന്ന് മിർലാൻ മുർസെവ് നൽകിയ ക്രോസ് വ്ളാഡിമിർ കോമാന് ലക്ഷ്യത്തിലെത്തിക്കാനായില്ല. പത്താം മിനിറ്റിൽ ഗോവയിലെ തിലക് മൈതാനിൽ കണ്ടത് ഈസ്റ്റ ബംഗാൾ ഗോൾകീപ്പർ സുവം സെന്നിന്റെ അത്യുജല സേവിനാണ്. പോസ്റ്റിന് തൊട്ടുമുന്നിൽനിന്നുള്ള ചാങ്തെയുടെ ശ്രമം സുവം സെൻ അതിവിദഗ്ദമായി രക്ഷപ്പെടുത്തുകയായിരുന്നു.
അതിനിടെ 25-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഒരു സെൽഫ് ഗോൾ വഴങ്ങുന്നതിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കോർണറിൽനിന്ന് പന്ത് ലഭിച്ച ലാലിയൻസുല ചാങ്തെയുടെ പാസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ആമിർ ഡെർവിസെവിച്ചിന്റെ കാലിൽ തട്ടി പന്ത് സൈഡ് നെറ്റിൽ പതിക്കുകയായിരുന്നു.
അതേസമയം ഈസ്റ്റ് ബംഗാളിന്റെ ആക്രമണം വളരെ ദുർബലമായിരുന്നു. 42 ശതമാനം ബോൾ പൊസഷൻ മാത്രമുള്ള ഈസ്റ്റ് ബംഗാളിൽ നിന്ന് ഓർമിച്ചുവെക്കാൻ തക്കവണ്ണമുള്ള ഒരേയൊരു ഷോട്ടാണ് പിറന്നത്.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്‌സി. ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേർസിന് പിറകിലായി ഒമ്പതാം സ്ഥാനത്താണ്.
Adjust Story Font
16