Quantcast

'മെസിക്കൊപ്പം കളിക്കാം'; സൗഹൃദമത്സരത്തിന് അർജന്‍റീന ക്ഷണിച്ചു, ഇന്ത്യ വേണ്ടെന്നു പറഞ്ഞു

ഖത്തർ ലോകകപ്പ് സമയത്ത് ലഭിച്ച ആരാധകപിന്തുണ തിരിച്ചറിഞ്ഞാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമെതിരെ സൗഹൃദമത്സരം നടത്തുന്നതിനെക്കുറിച്ച് അർജന്റീന ആലോചിച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-06-20 09:01:21.0

Published:

20 Jun 2023 7:52 AM GMT

Why did India reject chance to host Argentina for friendly match, India rejected Argentinas friendly match invitation, India vs Argentina, Lionel Messi, AIFF, friendly match
X

ന്യൂഡൽഹി: ലോകചാംപ്യൻ സംഘം അർജന്റീനയുമായി സൗഹൃദമത്സരം കളിക്കാനുള്ള സുവർണാവസരം വേണ്ടെന്നുവച്ച് ഇന്ത്യ. ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ അർജന്റീന ആഗ്രഹം അറിയിച്ചിട്ടും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) ക്ഷണം നിരസിക്കുകയായിരുന്നു. മത്സരം നടത്താൻ അർജന്റീനയ്ക്ക് വൻതുക ഫീയായി നൽകേണ്ടതുണ്ട്. ഇത് താങ്ങാനാകില്ലെന്നു പറഞ്ഞാണ് എ.ഐ.എഫ്.എഫ് സൗഹൃദമത്സരത്തിൽനിന്ന് പിന്മാറിയത്.

എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ 'ടൈംസ് ഓഫ് ഇന്ത്യ'യോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'സൗഹൃദമത്സരത്തിനു താൽപര്യം അറിയിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ബന്ധപ്പെട്ടിരുന്നു. എന്നാൽ, അത്രയും വലിയൊരു തുക സംഘടിപ്പിക്കാൻ കഴിയുമായിരുന്നില്ല. അത്തരമൊരു മത്സരം നടക്കണമെങ്കിൽ ശക്തരായൊരു പാർട്ണർ വേണം. വമ്പൻ തുകയാണ് അർജന്റീന ആവശ്യപ്പെട്ടത്. നമ്മുടെ സാമ്പത്തിക സ്ഥിതിയിൽ അതിനു പരിമിതിയുണ്ട്.'-ഷാജി പ്രഭാകരൻ പറഞ്ഞു.

ജൂൺ മാസത്തിൽ 12നും 20നും രണ്ട് സൗഹൃദമത്സരത്തിനുള്ള ഒഴിവുണ്ടായിരുന്നു. ഖത്തർ ലോകകപ്പ് സമയത്ത് ലഭിച്ച ആരാധകപിന്തുണ തിരിച്ചറിഞ്ഞ് ദക്ഷിണേഷ്യയിൽ സൗഹൃദമത്സരം നടത്തുന്നതിനെക്കുറിച്ച് അർജന്റീന ആലോചിച്ചിരുന്നത്. അർജന്റീനയ്ക്ക് വൻ ആരാധകപിന്തുണയുള്ള ഇന്ത്യയും ബംഗ്ലാദേശുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, മത്സരത്തിനുള്ള ഫീയായി എതിർടീം നാലു മുതൽ അഞ്ചുവരെ മില്യൻ ഡോളർ(ഏകദേശം 32-40 കോടി രൂപ) നൽകേണ്ടിയിരുന്നു.

ഭീമമായ സാമ്പത്തിക ബാധ്യത ഭയന്ന് ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശും അർജന്റീനയുടെ ക്ഷണം നിരസിച്ചിട്ടുണ്ട്. തുടർന്നാണ് ആസ്‌ത്രേലിയയും ഇന്തോനേഷ്യയും താൽപര്യം അറിയിച്ചത്. ജൂൺ 15ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന ആദ്യ സൗഹൃദമത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് അർജന്റീന ആസ്‌ത്രേലിയയെ തോൽപിച്ചത്. മെസിയും ജെർമാൻ പെസെല്ലയുമാണ് ലക്ഷ്യംകണ്ടത്. ഇന്നലെ രാത്രി ജക്കാർത്തയിൽ നടന്ന രണ്ടാം മത്സരത്തിൽ മെസി ഇറങ്ങിയിരുന്നില്ല. മത്സരത്തിൽ ലോകചാംപ്യന്മാരെ രണ്ടു ഗോളിൽ പിടിച്ചുനിർത്താൻ ദുർബലരായ ഇന്തോനേഷ്യയ്ക്കായി. ലിയാൻഡ്രോ പരെദെസും ക്രിസ്റ്റ്യൻ റൊമേരോയുമാണ് ഗോൾ നേട്ടക്കാർ.

അതേസമയം, അർജന്റീനയുമായി സഹകരിക്കാൻ ധാരണയായതായി ഷാജി പ്രഭാകരൻ വെളിപ്പെടുത്തി. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പാബ്ലോ ജോക്കിൻ ദിയസ് ആണ് എ.ഐ.എഫ്.എഫുമായി ചർച്ച നടത്തിയത്. ഇന്ത്യയുമായി സഹകരണത്തിൽ അർജന്റീന വലിയ താൽപര്യമാണ് പ്രകടിപ്പിച്ചതെന്നും അർജന്റീന ക്ലബുകളടക്കം സഹകരണത്തിൻരെ ഭാഗമാകുമെന്നും ഷാജി അറിയിച്ചു. 2011ൽ അർജന്റീന ഇന്ത്യയിൽ കളിച്ചിരുന്നു. വെനസ്വലയ്‌ക്കെതിരെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസിയായിരുന്നു നീലപ്പടയുടെ നായകൻ. 85,000ത്തോളം പേർ അന്ന് കളികാണാനെത്തിയിരുന്നു.

Summary: India rejected chance to host Lionel Messi's Argentina for friendly match, Here's why

TAGS :

Next Story