'പറഞ്ഞത് തന്നെ': ഫിഫ റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യ
ഖത്തറിൽ കിരീടം ചൂടിയ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട്, ബൽജിയം, ക്രൊയേഷ്യ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ
ന്യൂഡൽഹി: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. പുതുക്കിയ റാങ്കിങ് പ്രകാരം 99ാം സ്ഥാനത്താണ് ഇന്ത്യ. നേരത്തെ 100ാം സ്ഥാനത്ത് ആയിരുന്നു ഇന്ത്യ. ഇന്റർകോണ്ടിനന്റിലേയും സാഫ് ചാമ്പ്യൻഷിപ്പിലെയും കിരീട നേട്ടമാണ് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തിയത്. ലബനാനെ 2-0ത്തിന് കീഴടക്കിയാണ് ഇന്ത്യ ഇന്റർകോണ്ടിനന്റൽ കപ്പിൽ മുത്തമിട്ടത്. പിന്നാലെ കുവൈത്തിനെ തോൽപിച്ച് സാഫിലും മുത്തമിട്ടു.
സാഫിലെ ഇന്ത്യയുടെ ഒമ്പതാമത്തെയും തുടർച്ചയായ രണ്ടാമത്തെയും കിരീട നേട്ടമായിരുന്നു. ഫിഫ റാങ്കിൽ ഇന്ത്യയുടെ എക്കാലത്തേയും നേട്ടം 94 ആണ്. 1964ൽ ആയിരുന്നു ഇന്ത്യ 94ൽ എത്തിയത്. കിരീട നേട്ടങ്ങള്‍ക്ക് പിന്നാലെ റാങ്കിങില്‍ ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. അതേസമയം 99ൽ എത്തിയതിന് പിന്നാലെ ഏഷ്യൻ റാങ്കിങിൽ ഇന്ത്യയുടെ സ്ഥാനം 18 ആയി. ഇതോടെ 2026 ഏഷ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ പോട്ട് രണ്ടിൽ ഉറപ്പിച്ചു. ഈ ഗ്രൂപ്പിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും.
അതേസമയം ആദ്യ പത്തിൽ ഇളക്കങ്ങളൊന്നും തട്ടിയിട്ടില്ല. യൂറോപ്യൻ സൗത്ത് അമേരിക്കൻ ടീമുകളാണ് ആദ്യ പത്തിലുള്ളത്. ഖത്തറിൽ കിരീടം ചൂടിയ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട്, ബൽജിയം, ക്രൊയേഷ്യ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. അതേസമയം റാങ്കിങിൽ ചില ദ്വീപ് ടീമുകളും നേട്ടമുണ്ടാക്കി. കേമാൻ ദ്വീപ് നാല് സ്ഥാനങ്ങൾ മെച്ചപ്പെട്ട് 193ൽ എത്തി. ജിബ്രാൾട്ടർ 198ൽ എത്തിയപ്പോൾ അറൂബ 199ലും ലിച്ചെൻസ്റ്റീൻ 200ലും എത്തി.
Adjust Story Font
16