Quantcast

2024ൽ ഒരു മത്സരം പോലും ജയിക്കാതെ ഇന്ത്യൻ ഫുട്ബോൾ ടീം; മലേഷ്യക്കെതിരെ സമനില

MediaOne Logo

Sports Desk

  • Published:

    18 Nov 2024 4:44 PM GMT

indian football
X

ഹൈദരാബാദ്: മലേഷ്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് സമനില. 19ാം മിനുറ്റിൽ പൗളോ ജോസ്വയുടെ ഗോളിൽ മുന്നിലെത്തിയ മലേഷ്യക്കെതിരെ 39ാം മിനുറ്റിൽ രാഹുൽ ബേക്കെയുടെ ഗോളിൽ ഇന്ത്യ സമനില പിടിക്കുകയായിരുന്നു. ഗോൾകീപ്പർ ഗുർപ്രീത് സിങ്ങിന്റെ പിഴവിൽ നിന്നായിരുന്നു മലേഷ്യയുടെ ഗോൾപിറന്നത്. കലണ്ടർ വർഷത്തെ അവസാന മത്സരത്തിൽ കൂടി വിജയിക്കാനാകാതെ വന്നതോടെ 2024ൽ ഒരു മത്സരം ​പോലും വിജയിച്ചില്ലെന്ന നാണക്കേടും ഇന്ത്യൻ ടീമിന് സ്വന്തം.

11 മത്സരങ്ങളിലാണ് 2024ൽ ഇന്ത്യ കളത്തിലിറങ്ങിയത്. ഇതിൽ ആസ്ട്രേലിയ, ഉസ്​ബെക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ഖത്തർ എന്നീ ടീമുകളോട് ഓരോ തവണയും സിറിയയോട് രണ്ട് തവണയും ഇന്ത്യ പരാജയപ്പെട്ടു. അഫ്ഗാൻ, കുവൈത്ത്, മൗറീഷ്യസ്, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളോട് സമനിലയും വഴങ്ങി.

ജൂലൈ 20ന് ഇഗോൾ സ്റ്റിമാക്കിന് പകരക്കാരനായി സ്പാനിഷ് പരിശീലകൻ മനോലോ മാർക്വസ്‌ ചുമതലയേറ്റെടുത്തിട്ടും ടീമിന്റെ പ്രകടനത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഫിഫ റാങ്കിങ്ങിൽ 133ാം സ്ഥാനക്കാരായ മലേഷ്യയോട് പോലും വിജയിക്കാനാകാത്തത് ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്. ഫിഫ റാങ്കിങ്ങിലെ 151ാംസ്ഥാനക്കാരായ അഫ്ഗാനിസ്​താനോടും ഇന്ത്യ പരാജയപ്പെട്ടു. ഫിഫ റാങ്കിങ്ങിൽ നിലവിൽ 125ാം സ്ഥാനത്താണ് ഇന്ത്യ.

യോഗ്യത മത്സരങ്ങളിലെ നിരാശാജനകമായ പ്രകടനത്തോടെ 2026ലെ ഫുട്ബോൾ ലോകകപ്പ് യോഗ്യതയും ഇന്ത്യക്ക് നഷ്ടമായിരുന്നു. 2023 നവംബർ 16ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ കുവൈത്തിനെ തോൽപ്പിച്ചതാണ് ഇന്ത്യയുടെ അവസാന ജയം.

TAGS :

Next Story