ട്രാന്‍സ്ഫറിലെ അന്തര്‍നാടകങ്ങളെക്കുറിച്ച് പ്രശസ്ത ഫുട്‌ബോള്‍ ലേഖകന്‍ ഫാബ്രിസിയോ റൊമാനോ എഴുതുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോ വിഷയത്തിൽ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകന് മറുപടിയായി അർദ്ധരാത്രിയിലിട്ട ആ ട്വീറ്റും മറക്കാൻ കഴിയില്ല
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആകുമെന്ന് ചിന്തിക്കുക പോലും അസാധ്യം. ആഴ്ചകളോളം എല്ലാ ദിവസവും ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമിതാണ്: ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, ജാക്ക് ഗ്രീലിഷ്, ജാഡോൺ സാഞ്ചോ, സെർജിയോ റാമോസ്, റൊമേലു ലുക്കാക്കു തുടങ്ങിയവരെല്ലാം ഒരൊറ്റ ട്രാൻസ്ഫർ കാലത്ത് ടീം മാറുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ ഞാൻ വിശ്വസിക്കുമായിരുന്നോ? ഉത്തരം ലളിതമാണ്: ഇല്ല, ഒരിക്കലുമില്ല. വർഷങ്ങളായി ട്രാൻസ്ഫർ മാർക്കറ്റിൽ സൂക്ഷമായി നിരീക്ഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ഈ ട്രാൻസ്ഫർ കാലം ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നായിരുന്നു: ഒരു ത്രില്ലർ സിനിമയിലേത് പോലെ അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലുമാവില്ലായിരുന്നു. ഒരു ഫാക്സിൽ, കമ്മീഷനിൽ, വൈകിയ ഒരു ഫോൺ കോളിൽ എല്ലാ പ്രവചനങ്ങളും ഒരു നിമിഷം കൊണ്ട് തെറ്റാം. എല്ലാവരും - ഏജന്റുമാർ, മാനേജർമാർ, ക്ലബ്ബ് പ്രസിഡന്റുമാർ, ഉടമകൾ - മാസങ്ങളായി ആവർത്തിക്കുന്നു; ഇത് വളരെ മോശം വേനൽക്കാല ട്രാൻസ്ഫർ വിൻഡോ ആയിരിക്കും. കോവിഡ് കാലമാണ്, ക്ലബ്ബുകൾ പ്രതിസന്ധിയിലാണ്, വലിയ താരങ്ങൾ എങ്ങോട്ടും പോകില്ല. എന്നാൽ സംഭവിച്ചത് ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ ട്രാൻസ്ഫർ കാലമായിരുന്നു.
സുഹൃത്തുക്കളുമായുള്ള മത്സരത്തിന്റെ പകുതി സമയത്താണ് എന്റെ വേനൽക്കാലം ആരംഭിച്ചത്. മെയ് അവസാനമായിരുന്നു, അവധിയിലായിരുന്നു: ഞാൻ എന്റെ ഫോൺ പരിശോധിച്ചു, രാത്രി 11 ആയതിനാൽ ഞാൻ ഒരു വാർത്തയും പ്രതീക്ഷിച്ചില്ല. രണ്ട് മിസ്ഡ് കോളുകളും ഒരു വാട്ട്‌സ്ആപ്പ് മെസേജും ലഭിച്ചു: "ഫാബ്രിസിയോ, സിനദിൻ സിദാൻ റയൽ മാഡ്രിഡ് വിടുമെന്ന് ടീമിനെ അറിയിച്ചിട്ടുണ്ട്. നാളെ അദ്ദേഹം ഫ്ലോറന്റിനോ പെരെസിനെയും അറിയിക്കും. നിങ്ങളുടേതായ അന്വേഷണങ്ങൾ നടത്തുക. "
മെസേജ് അയച്ചയാളാരാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല, വാർത്തയുടെ ഉറവിടം തീർച്ചയായും രഹസ്യമാണ്. എന്റെ അന്വേഷണങ്ങളുടെ മറുപടി പോസിറ്റീവ് ആയിരുന്നു. എല്ലാം സത്യമാണ്, ഒരു ഭ്രാന്തൻ വേനൽക്കാലത്തെ ആദ്യ ബ്രേക്കിംഗ് ന്യൂസ്: ആ നിമിഷത്തിൽ വരാൻ പോകുന്നത് അത്ഭുതങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ നീണ്ട മൂന്ന് മാസമായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കി. തീർച്ചയായും, ഫോൺ കോളുകളും സന്ദേശങ്ങളും ട്വീറ്റുകളും കാരണം കളി 45 -ാം മിനിറ്റിൽ അവസാനിച്ചു. ഭാഗ്യവശാൽ ഞങ്ങൾ വിജയിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് ശേഷം, ജോർജീനിയോ വൈനാൾഡത്തിന്റെ അവിശ്വസനീയമായ മനംമാറ്റം നടന്ന അർദ്ധരാത്രിയിലും (രാത്രി ഒന്നിനും മൂന്നിനുമിടയിൽ) ഞാൻ ജോലിയിൽ മുഴുകുകയായിരുന്നു. ബാഴ്സലോണയുമായി വൈനാൾഡം വാക്കാലുള്ള ധാരണയിലെത്തിയതായിരുന്നു, ക്ലബ് മെഡിക്കൽ ടെസ്റ്റിനും താരത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള പ്രസ്താവനക്കും തയ്യാറെടുക്കുകയായിരുന്നു. തുടർന്നായിരുന്നു പാരീസ് സെന്റ്-ജെർമെയ്നിൽ ഫോൺ കോൾ വരുന്നത്. ബാഴ്സലോണ തരാമെന്നേറ്റ ശമ്പളത്തിന്റെ ഇരട്ടിയിലധികം പി.എസ്.ജി ഓഫർ ചെയ്തു. "ഇന്ന് രാത്രി വൈനാൾഡം തീരുമാനമെടുക്കണം," എനിക്ക് വാർത്ത നൽകിയ വ്യക്തി പറഞ്ഞു. ഫോൺ കോളുകൾ, വാട്ട്സ്ആപ്പ് മെസേജുകൾ ... അവിശ്വസനീയമായ വഴിത്തിരിവ് യാഥാർത്ഥ്യമാകുകയായിരുന്നു.
ക്ലബിന്റെ ഔദ്യോഗിക പ്രസ്താവനയോടെ, എന്നെ സംബന്ധിച്ച് ഒരു ട്രാൻസ്ഫർ കഥ അവസാനിക്കുന്നു. 90 -ാം മിനിറ്റിൽ ഒരു ഗോൾ നേടിയതിന് സമാനമാണ് "ഇതാ ഞങ്ങളുടെ താരം വന്നേ" എന്ന ക്ലബ് ആരാധകരുടെ ആവേശത്തിമിർപ്പുകൾ. ജാഡോൺ സാഞ്ചോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കം 2020 ഫെബ്രുവരിയിൽ ജനിച്ച 2021 ജൂലൈയിൽ അവസാനിച്ച ഒരു ഇടപാടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞാൻ എത്ര സന്ദേശങ്ങൾ അയച്ചുവെന്നോ ഫോൺ വിളിച്ചെന്നോ എനിക്ക് തന്നെ ഒരൂഹവുമില്ല.
വേനൽക്കാലത്ത് അപൂർവമായി ലഭിക്കുന്ന ഒഴിവ് സായാഹ്നങ്ങളിൽ ഒന്നിൽ ഇറ്റാലിയൻ ഗായകനായ പാവോലോ കോണ്ടെയുടെ ഒരു സംഗീതക്കച്ചേരിയിലായിരിക്കുമ്പോഴാണ് റാഫേൽ വരാനെയുടെ കൂടുമാറ്റത്തിന്റെ കഥ എന്നെ തേടി വരുന്നത്. ഒരു പാട്ടിന്റെ മധ്യത്തിൽ, എനിക്ക് രണ്ട് ഫോൺ കോളുകൾ വന്നു, ഒന്നും ഞാനെടുത്തില്ല. പക്ഷേ വാട്ട്സ്ആപ്പ് എന്നെ രക്ഷിച്ചു: "വരാനെ ഒ.കെ പറഞ്ഞു" രാവിലെ എനിക്ക് കൃത്യമായ സ്ഥിരീകരണവും ലഭിച്ചു.
പ്രീമിയർ ലീഗിൽ റെക്കോർഡുകൾ ഭേദിച്ച രണ്ട് കൂടുമാറ്റങ്ങൾ ഉണ്ടായിരുന്നു: ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്കും റൊമേലു ലുക്കാക്കു ചെൽസിയിലേക്കും. ആദ്യത്തേത് ഞാൻ പ്രതീക്ഷിച്ചിരുന്നു, വളരെ പിരിമുറുക്കമുള്ള ചർച്ചയായിരുന്നുവെങ്കിലും സമയപരിധി ഉണ്ടായിരുന്നു; ഒരാഴ്ചയ്ക്കുള്ളിൽ കരാർ അല്ലെങ്കിൽ ഗ്രീലിഷ് ആസ്റ്റൺ വില്ലയുമായുള്ള കരാർ പുതുക്കും. മാഞ്ചസ്റ്റർ സിറ്റി മാനേജ്മെന്റിന് എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ നിലപാടുണ്ടായിരുന്നു. മറുവശത്ത്, ഇന്റർമിലാൻ ബോർഡിലെ ആരും ലുക്കാക്കു ക്ലബ് വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെൽസിയുടെ ആദ്യ ഓഫർ ഇന്റർ ഗൗരവമായി പരിഗണിക്കുന്നതായി എനിക്ക് മനസ്സിലായി, പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു.
എന്നാൽ ഈ ഭ്രാന്തൻ വേനൽക്കാലത്തെ മൂന്ന് നിമിഷങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ആഗസ്റ്റ് 10 ന് രാവിലെ 11.59 ന് എനിക്ക് ലഭിച്ച ഒരു വാട്ട്‌സ്ആപ്പ് സന്ദേശമായിരുന്നു ആദ്യത്തേത്. "ഒടുവിൽ ഒപ്പിട്ടു. ഹെച്ചോ! [പൂർത്തിയായി!] "പി.എസ്.ജിയിലേക്കുള്ള ലയണൽ മെസിയുടെ ട്രാൻസ്ഫറാണ് ജീവിതത്തിൽ എനിക്ക് നേരിടേണ്ടിവന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കൈമാറ്റ വാർത്ത. എല്ലാ ദിവസവും പലതരത്തിലുള്ള വ്യാജ വാർത്തകൾ പിറവിയെടുക്കുകയായിരുന്നു: മെസി പാരീസിലാണ്, മെസി ഇബിസയിലാണ്, ബാഴ്സ അവസാനം മെസിയെ ക്ലബിൽ നിലനിർത്താനുള്ള പരിഹാരവുമായി രംഗത്തെത്തി....
ഓരോ 30 മിനിറ്റിലും, ഓരോ അപ്‌ഡേറ്റും ഉറപ്പാക്കാൻ എനിക്ക് എന്റെ ഉറവിടങ്ങളിൽ സമ്മർദ്ദം ചെലുത്തേണ്ടി വന്നു. ലയണൽ മെസിയുടെ കൈമാറ്റ സമയത്തെ അനുഭവങ്ങൾ വലിയ പാഠങ്ങളാണ് എനിക്ക് സമ്മാനിച്ചത്: അതില്‍ പ്രധാനപ്പെട്ടത് നിങ്ങളുടെ ഉറവിടങ്ങളെ മാത്രം വിശ്വസിക്കുക' എന്നതാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ വിഷയത്തിൽ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകന് മറുപടിയായി അർദ്ധരാത്രിയിലിട്ട ആ ട്വീറ്റും മറക്കാൻ കഴിയില്ല: "അതെ, ജോർജ്ജ് മെൻഡസ് ക്രിസ്റ്റ്യാനോയ്‌ക്കായി യുണൈറ്റഡുമായി സംസാരിക്കുന്നു." എന്നാല്‍ രാവിലെ, ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരും അത് നിഷേധിച്ചു.
മാഞ്ചസ്റ്റർ സിറ്റിയുമായി മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ശേഷം, ഹോര്‍ഹെ മെൻഡസ് യുണൈറ്റഡുമായി സംസാരിക്കാൻ തുടങ്ങിയിരുന്നു, റൊണാൾഡോ ഇടപാട് ഗംഭീര വേഗതയിൽ നീങ്ങി. മെൻഡസിന്റെ ആശയം ജനിച്ച വൈകുന്നേരം ഒരു ഉറവിടം എന്നോട് പറഞ്ഞു: "മാഞ്ചസ്റ്റർ സിറ്റി ചർച്ചകൾ ഉപേക്ഷിച്ചു, മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ഒപ്പിടും." അവിശ്വസനീയമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ സന്ദേശങ്ങൾ വായിക്കുമ്പോഴുണ്ടായ വികാരങ്ങൾ ഞാൻ മറക്കില്ല.
എന്നാൽ അവിശ്വസനീയമായ ജാലകത്തിന് അനുയോജ്യമായ ക്ലൈമാക്സ് വരുന്നേ ഉണ്ടായിരുന്നുള്ളൂ, അന്റോയിൻ ഗ്രീസ്മാൻ അറ്റ്‌ലറ്റിക്കോയിലേക്ക്, സോൾ ചെൽസിയിലേക്ക്, ലുക് ഡി ജോംഗ് ബാഴ്സലോണയിലേക്ക് എല്ലാം സംഭവിച്ചത് അവസാന നിമിഷങ്ങളിലാണ്. ഒരു കരാർ ഒപ്പിട്ടാലേ മറ്റൊരു കരാർ സാധ്യമാകൂ എന്ന അതിസങ്കീർണമായ അവസ്ഥയിലായിരുന്നു ഓരോ ക്ലബും. പല കൈമാറ്റങ്ങളും വാക്കാൽ സമ്മതിച്ചെങ്കിലും സങ്കീർണ്ണമായ കരാര്‍ കടക്കേണ്ടതുണ്ടായിരുന്നു. ഒപ്പുകൾ സമയത്തിന് എത്താത്തതിനെ തുടർന്ന് സ്പെയിനിൽ ഗ്രീസ്മാന്റെയും ഡി ജോങ്ങിന്റെയും ഡീലുകൾ നടക്കാതെയാകും എന്നവസ്ഥയിലെത്തിയിരുന്നു. സമ്മർദ്ദങ്ങളുടെ പരകോടിയിലായിരുന്നു ഞാനപ്പോൾ. എന്റെ രണ്ട് ഉറവിടങ്ങൾ എന്റെ കോളുകളെടുക്കാതെയായി; മറ്റൊരാൾ എന്നോട് "പോസിറ്റീവും ശാന്തവുമായി" തുടരാൻ പറഞ്ഞു.
പിന്നീട്, 12 മണിക്കൂറുകൾക്ക് ശേഷം എനിക്ക് ഒരു വാട്ട്‌സ്ആപ്പ് ലഭിച്ചു: "സോൾ ചെൽസിയുമായുള്ള കരാർ പൂർത്തിയാക്കി". ആ നിമിഷത്തിലെ ആ കുറച്ച് വാക്കുകൾ എനിക്ക് ഒരു വേനൽക്കാലം മുഴുവൻ വിലപ്പെട്ടതായിരുന്നു. ആ കരാർ ഒപ്പിട്ടാൽ ഗ്രീസ്മാന് അത്‍ലറ്റിക്കോയിലേക്കും ഡി ജോങ്ങിന് ബാർസയിലേക്കും പോകാം. ടെൻഷന്റെ ആ നിമിഷത്തിലെ എന്റെ ട്വീറ്റ് ഒരു ഗോൾ ആഘോഷിക്കുന്ന സ്റ്റേഡിയത്തിലെന്ന പോലെ സോഷ്യൽ മീഡിയയിൽ ആരാധകരെ ഭ്രാന്തരാക്കി. ഈ ജോലിക്ക് മാത്രം നൽകാൻ കഴിയുന്ന ആഹ്ലാദ നിമിഷങ്ങൾ എനിക്ക് മറക്കാനാവില്ല.
അവിശ്വസനീയമായ വേനൽക്കാലത്തെ ഈ സങ്കീർണ്ണമായ ഇടപാടുകൾ എന്നെ രണ്ട് വലിയ പാഠങ്ങൾ പഠിപ്പിച്ചു: എന്തും സംഭവിക്കാം, എന്നാൽ എല്ലാറ്റിനുമുപരിയായി ശരിയായ വിവരങ്ങളുള്ള ആരെയും ആരാധകർ ബഹുമാനിക്കുന്നു. ഉറവിടങ്ങൾ, ആരാധകർ, കളിക്കാർ. യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആളുകളോട് പറയുന്നത് ബുദ്ധിമുട്ടുള്ളതും ക്ഷീണിപ്പിക്കുന്നതുമാണ് - എന്നാൽ ഈ ഭ്രാന്തൻ ലോകവുമായി പ്രണയത്തിലാകാനുള്ള ഒരേയൊരു യഥാർത്ഥ മാർഗം ഇതുമാത്രമാണ്. ആലീസിന്റെ അത്ഭുത ലോകത്തെ മറികടക്കുന്ന യാഥാർഥ്യങ്ങൾ...
Adjust Story Font
16